തിരുവമ്പാടി: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് ഇടത് സ്ഥാനാർഥി ആനി രാജയേക്കാൾ തിരുവമ്പാടി മണ്ഡലത്തിൽ 46,556 വോട്ടിന്റെ ഭൂരിപക്ഷം. തിരുവമ്പാടിയിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി 83219 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ 36663 വോട്ടും എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ 13374 വോട്ടും നേടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് തിരുവമ്പാടി മണ്ഡലം 54471 വോട്ട് ഭൂരിപക്ഷം നൽകിയിരുന്നു. ഇത്തവണ രാഹുലിന് 7915 വോട്ടിന്റെ കുറവുണ്ടായി.
എൻ.ഡി.എക്ക് 5613 വോട്ടിന്റെ വർധനവുണ്ട്. മണ്ഡലത്തിൽ രാഹുൽ ഗാന്ധി നേടിയ മികച്ച വിജയം രണ്ടുവർഷം കഴിഞ്ഞ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ യു.ഡി.എഫിന് ആത്മവിശ്വാസം പകരും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവമ്പാടിയിലെ യു.ഡി.എഫ് സ്ഥാനാർഥിയെ ഇടത് സ്ഥാനാർഥി ലിന്റോ ജോസഫ് പരാജയപ്പെടുത്തിയത് 4643 വോട്ടിനായിരുന്നു.
ലോക്സഭ ഫലത്തിൽ നിയോജക മണ്ഡലത്തിലെ കൊടിയത്തൂർ, കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിലും മുക്കം നഗരസഭയിലും യു.ഡി.എഫിന് ലീഡുണ്ട്. യു.ഡി.എഫ് വോട്ടുകൾക്കുപുറമേ എൽ.ഡി.എഫ് അനുഭാവികളുടെയും നിഷ്പക്ഷരുടെയും വോട്ട് രാഹുൽ ഗാന്ധിക്ക് സമാഹരിക്കാനായി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.