തിരുവമ്പാടി: ചേപ്പിലംകോട് ഇരുവഴിഞ്ഞിപ്പുഴയോരത്ത് വീട്ടിൽനിന്നുള്ള അജൈവ മാലിന്യം തള്ളിയതിന് 20,000 രൂപ പിഴ ഈടാക്കി തിരുവമ്പാടി പഞ്ചായത്ത്. പുല്ലൂരാംപാറ സ്വദേശി പന്തലാടിക്കൽ ജിന്റോ ജോർജിൽനിന്നാണ് 20,000 രൂപ പിഴ ഈടാക്കിയത്. ഇയാൾക്കെതിരെ പുഴയോരത്ത് മാലിന്യം തള്ളിയതിന് തിരുവമ്പാടി പൊലീസ് കേസെടുത്തിട്ടുമുണ്ട്.
ചേപ്പിലകോട് ഇരുവഴിഞ്ഞിപ്പുഴയോരത്ത് മാലിന്യം തള്ളിയ നിലയിൽ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മാലിന്യത്തിൽനിന്നും കിട്ടിയ സ്കൂൾ കുട്ടിയുടെ ഡയറിയിലെയും ടെലിഫോൺ ബില്ലിലെയും വിലാസത്തിൽനിന്നാണ് തെളിവ് ലഭിച്ചത്.
കഴിഞ്ഞ ദിവസം പി.സി മുക്ക്-പാതിരാമണ്ണ് റോഡരികിൽ കോഴിക്കോട് നഗരത്തിൽനിന്നുള്ള കൂൾബാറിലെ അളിഞ്ഞ മാലിന്യം തള്ളിയവർക്ക് 22,000 രൂപയും അമ്പലപ്പാറയിലെ വീട്ടിൽ നിന്നും റോഡിൽ അജൈവ മാലിന്യം തള്ളിയ വീട്ടുടമക്ക് 10,000 രൂപയും പിഴചുമത്തിയിരുന്നു.
പൊതുസ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. മാലിന്യം സാംക്രമിക രോഗ പകർച്ചക്ക് കാരണമാകുന്ന സാഹചര്യത്തിൽ നിയമനടപടി തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും മെഡിക്കൽ ഓഫിസറും അറിയിച്ചു. പരിശോധനക്ക് പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, അസി. സെക്രട്ടറി രഞ്ജിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബി. ശ്രീജിത്ത്, എസ്.എം. അയന, മുഹമ്മദ് മുസ്തഫ ഖാൻ, ഹരിതകർമസേനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.