തൃക്കാക്കര: സഭയുടെ നോമിനിയാണെന്ന ആരോപണത്തിന് പാർട്ടി വിശദമായ മറുപടി നൽകിയിട്ടുണ്ടെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്.
പോസിറ്റീവ് രാഷ്ട്രീയവുമായി മത്സരിക്കാൻ പറ്റാത്തവർ നെഗറ്റീവായി പ്രതികരിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യും. വിവാദങ്ങൾ ഒന്നിനുപിറകെ ഒന്നായി തുടരും. എന്നാൽ, അത്തരം വിവാദങ്ങളോടൊന്നും ഞാൻ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല. സിറോമലബാർ സഭയുടെ നോമിനിയാണെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുന്നില്ല -ജോ ജോസഫ് വ്യക്തമാക്കി.
തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താൽപര്യക്കാരാണ്. സഭയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് കരുതുന്നില്ല. തൃക്കാക്കരയിൽ രാഷ്ട്രീയ പോരാട്ടത്തിൽ നിന്നും സിപിഎം പിന്മാറിക്കഴിഞ്ഞു. രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കിൽ അരുൺകുമാറിനെ സിപിഎം പിൻവലിക്കില്ലായിരുന്നു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.