സൂപ്പർസ്റ്റാർ രജനികാന്തിനെ വെച്ച് ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നു എന്നാൽ ഒരു പാർട്ട് ടൈം സംവിധായകൻ ആയതിനാൽ അത് നടന്നില്ലെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരൻ. ലൈക്ക പ്രൊഡക്ഷൻസിന് വേണ്ടിയായിരുന്നുവെന്നും എന്നാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്നുണ്ടായിരുന്നുവെന്നും പൃഥ്വി പറഞ്ഞു.
'ലൈക്ക പ്രൊഡക്ഷൻസിന് വേണ്ടി രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള അവസരം എനിക്ക് വന്നിരുന്നു. ഒരു പുതിയ സംവിധായകൻ എന്ന നിലയിൽ അത് എനിക്ക് വലിയൊരു ഓഫർ ആയിരുന്നു. ഞാൻ അദ്ദേഹത്തിനായി ഒരു കഥയുണ്ടാക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ ലൈക്ക പ്രൊഡക്ഷൻസിന് ഒരു ടൈം ലൈൻ ഉണ്ടായിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ പ്രൊജക്റ്റ് തുടങ്ങണമെന്ന് അവർക്കുണ്ടായിരുന്നു. എന്നാൽ പാർട്ട് ടൈം സംവിധായകൻ ആയതിനാൽ അത് നടന്നില്ല', പൃഥ്വിരാജ് പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാനിന്‍റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.