ബോളിവുഡ് നടൻ സതീഷ് കൗശിക് അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്(67) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സതീഷ് കൗശികിന്റെ അടുത്ത സുഹൃത്തായ അനുപം ഖേറാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. മരണം പരമമായ സത്യമാണെന്ന് എനിക്കറിയാം. പക്ഷേ എന്നെങ്കിലും ഉറ്റസുഹൃത്തിനെ കുറിച്ച് ഞാനിതെഴുതുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്റ്റോപ്പ്. നീയില്ലാതെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്നും അനുപം ഖേർ ട്വിറ്ററിൽ കുറിച്ചു.

കങ്കണ റണാവത്തും സതീഷ് കൗശികിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭയാനകമായ ​വാർത്ത കേട്ടാണ് ഇന്ന് ഉണർന്നത്. എന്റെ ഏറ്റവും വലിയ ചിയർ ലീഡറായിരുന്നു അദ്ദേഹം. കരിയറിൽ വിജയിച്ച നടനും സംവിധായകനുമായ കൗശിക് ജി വളരെ ദയയും ആത്മാർഥതയുമുള്ള വ്യക്തിയായിരുന്നു. എമർജൻസി സിനിമയിൽ അദ്ദേഹത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചുവെന്നും കങ്കണ റണാവത്ത് പറഞ്ഞു.

1956 ഏപ്രിൽ 13ന് ഹരിയാനയിലാണ് സതീഷ് കൗശിക് ജനിച്ചത്. നാടകത്തിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. 1987ലെ സൂപ്പർഹീറോ ചിത്രമായ മിസ്‌റ്റർ ഇന്ത്യയിലെ കലണ്ടറായും ദീവാന മസ്‌താനയിലെ (1997) പപ്പു പേജറായും സാറ സംവിധാനം ചെയ്‌ത ബ്രിട്ടീഷ് ചിത്രമായ ബ്രിക്ക് ലെയ്‌നിലെ (2007) ചാനു അഹമ്മദായും എത്തി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

1990ൽ രാം ലഖൻ, 1997ൽ സാജൻ ചലെ സസുരാൽ എന്നീ ചിത്രങ്ങളിലൂടെ സതീഷ് കൗശിക്ക് മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡും നേടി.

Tags:    
News Summary - Actor Satish Kaushik Dies At 67

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.