മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പും ഒരുക്കങ്ങളുമായി പ്രദർശനത്തിനെത്തിയ ‘എൽ2 എമ്പുരാൻ’ ഒട്ടേറെ റെക്കോഡുകളും മറികടന്നുവെന്ന് നിർമാതാക്കൾ. മോഹൻലാലിനൊപ്പം പ്രൃഥിരാജും ഒപ്പത്തിനൊപ്പം തകർത്തഭിനയിച്ച ചിത്രം, ലോകാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കലക്ഷൻ നേടിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ആഗോള തലത്തിൽ 65 കോടി രൂപയിലേറെ നേടിയെന്നാണ് പറയുന്നത്.
കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷനും എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പർ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കലക്ഷനെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഇന്ത്യ ഒഴികെ, അന്തർദേശീയ തലത്തിൽ ഏറ്റവും കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോഡും (42 കോടി) എമ്പുരാന് സ്വന്തം. ഇതു കൂടാതെ, ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ഓപണിങ് കലക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, ഒരു മലയാള ചിത്രം നേടിയ ഏറ്റവും വലിയ പ്രതിവാര കലക്ഷൻ എന്നിവയും ചിത്രത്തിനാണ് എന്ന് നിർമാതാക്കൾ അറിയിക്കുന്നു.
എമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെതിരെ തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കൽ അടക്കമുള്ളവർ കടുത്ത വിദ്വേഷ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയിരുന്നു.
നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എമ്പുരാൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റേയും തിരക്കഥാകൃത്ത് മുരളീഗോപിയുടേയും പോസ്റ്റുകൾക്കും താഴെയും അധിക്ഷേപ- ഭീഷണി പരാമർശങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.