മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ സജീവമാണ് ഫഹദ് ഫാസിൽ. ബോളിവുഡിൽ നടന് ആരാധകർ ഉണ്ടെങ്കിലും ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ ഹിന്ദിയിൽ അവസരം ലഭിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഫഹദ്. ഫിലിം കംപാനിയൻ ചാനലിൽ അനുപമ ചോപ്രക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ആ സിനിമ നടന്നില്ലെന്നും നടൻ പറഞ്ഞു. ഹിന്ദിയിലേക്കുള്ള ചുവടുവെയ്പ്പ് വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.
'ഹിന്ദിയിൽ അവസരം ലഭിച്ചിരുന്നു. അഞ്ചോ ആറോ വർഷമാകും. ഒരു ചിത്രത്തിനായി സംവിധായകൻ വിശാൽ ഭരദ്വാജ് എന്നെ സമീപിച്ചു. സ്ക്രിപ്റ്റ് കേട്ടു, എനിക്ക് അത് ഇഷ്ടമായി. എന്നാൽ ആ ചിത്രത്തിന് ഞാൻ ചേരില്ലായിരുന്നു.അദ്ദേഹം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു.
ഇതുവരെ സീരീസ് ചിത്രങ്ങളോ നല്ല കഥകളോ ബോളിവുഡിൽ നിന്ന് തേടി വന്നിട്ടില്ല. സംവിധായകനും നിർമാതാവുമായ കരൺ ജോഹറും വിക്കി കൗശലുമൊക്കെയായി നല്ല സൗഹൃദമുണ്ട്. തന്റെ ചിത്രങ്ങൾ കണ്ടതിന് ശേഷമാണ് കരൺ വിളിച്ച് അഭിപ്രായം പറയും.
കൂടാതെ എനിക്ക് ഹിന്ദി അധികം മനസിലാകില്ല. അതുകൊണ്ട് ഹിന്ദി സംസാരിക്കുന്ന ഒരു ദക്ഷിണേന്ത്യക്കാരന്റെ കഥാപാത്രങ്ങളാണ് എന്നെ തേടി വരുന്നത്. ഞാൻ അത് ചെയ്യാനും തയാറാണ്. ഇതിനോടകം തമിഴും തെലുങ്കും ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഒരു ഹിന്ദി ചിത്രം ചെയ്യാൻ ആഗ്രഹമുണ്ട്. എന്നാൽ അത് എപ്പോഴാണെന്ന് അറിയില്ല- ഫഹദ് വ്യക്തമാക്കി.
ആവേശം സൂപ്പർ ഹിറ്റായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അല്ലു അർജുൻ ചിത്രമായ പുഷ്പ2 ആണ് നടന്റെ പുതിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.