ബൈജൂസ് തട്ടിപ്പ് സീരീസാക്കാന്‍ ഹന്‍സല്‍ മെഹ്ത?; സൂചന നൽകി ഫിനാൻഷ്യൽ ക്രൈം സീരീസ്​ സംവിധായകൻ

‘സ്കാം 1992’, സ്കൂപ്പ്​ പോലുള്ള ഫിനാൻഷ്യൽ ക്രൈം സീരീസുകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഹൻസൽ മേഹ്​ത തന്‍റെ പുതിയ പ്രാജക്ടിനെകുറിച്ചുള്ള സൂചനകൾ നൽകി രംഗത്ത്​. പ്രശസ്തമായ എഡ്​ ടെക്​ കമ്പനിയായ ബൈജൂസിന്‍റെ വളർച്ചയും തളർച്ചയും തിരശ്ശീലയിലെത്തിക്കാൻ സംവിധായകൻ ഒരുങ്ങുന്നതായാണ്​ റിപ്പോർട്ട്​. ഹൻസൽ മേഹ്​ത സ്വയംതന്നെ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട്​ ട്വീറ്റുകളും പങ്കുവച്ചിട്ടുണ്ട്​.

വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ബൈജൂസിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും ഇന്നും ചൂടേറിയ ചർച്ചാ വിഷയമാണ്​. ബൈജൂസിന്‍റെ വളര്‍ച്ചയും പിന്നീടുള്ള പ്രതിസന്ധികളും സീരീസിനുള്ള മികച്ച ഉള്ളടക്കമാണെന്ന് ഹന്‍സല്‍ മെഹ്ത പറഞ്ഞു. 'സ്കാം സീസണ്‍ ഫോര്‍-ദ ബൈജു സ്കാം' എന്ന പേരാണ്​ സീരീസിനായി മെഹ്ത നിര്‍ദേശിക്കുന്നത്​.

2021 ഒക്ടോബറിലെ തന്‍റെ തന്നെ ട്വിറ്റര്‍ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ്​ ബൈജൂസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൻസൽ മെഹ്ത ചർച്ച​ചെയ്യുന്നത്​. ബൈജൂസ് പ്രതിനിധി വീട്ടില്‍ വരികയും മകളുടെ പഠനാവസ്ഥ മോശമാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചതായും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചതായും ഹന്‍സല്‍ മെഹ്ത പറയുന്നു. അവരെ അന്ന് വീടിന് പുറത്താക്കേണ്ടി വന്നതായും അദ്ദേഹം കുറിച്ചു.

ഹന്‍സല്‍ മെഹ്തയുടെ നീക്കത്തെ പിന്തുണച്ച് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തുവന്നത്. ബൈജൂസിന്‍റെ വളര്‍ച്ചയും തകര്‍ച്ചയും പുതിയ സീരീസിനുള്ള സാധ്യതയാണെന്ന് ഒരാള്‍ റീ ട്വീറ്റ് ചെയ്തു. നടന്‍ പരേഷ് റാവലും ഹന്‍സലിന് പിന്തുണയുമായി രംഗത്തുവന്നു. 'മികച്ച തീരുമാനം, പുതിയ ഐഡിയയുമായി മുന്നോട്ടുപോകൂ', എന്നാണ് പരേഷ് ട്വീറ്റ് ചെയ്തത്.

'സ്കാം 1992' എന്ന സീരീസിലൂടെ ഹര്‍ഷദ് മെഹ്തയുടെ കഥ പറഞ്ഞ് പ്രശസ്തനാണ് ഹന്‍സല്‍ മെഹ്ത. അടുത്തിടെ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയ 'സ്കൂപ്പ്' എന്ന സീരീസിന്‍റെയും സംവിധായകനാണ് ഹന്‍സല്‍. ഷാഹിദ്, അലിഗഡ്, ഒമെര്‍ട്ട തുടങ്ങിയ സിനിമളിലൂടെയും ശ്രദ്ധേയനാണ് ഹന്‍സല്‍.

Tags:    
News Summary - Hansal Mehta Hints At OTT Series On Byju's Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.