തിരുവനന്തപുരം: പകർന്നാടിയ വേഷങ്ങളുടെ തിളക്കത്തിൽ അവാർഡുകൾ ഒരുപാട് വന്നുകയറിയ നടൻ ഇന്ദ്രൻസിന്റെ ഷെൽഫിലേക്ക് പഠനത്തിളക്കത്തിന്റെ അംഗീകാരവുമെത്തുന്നു. 68ാം വയസിൽ എഴുതിയ സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പരീക്ഷയിൽ 500ൽ 297 മാർക്കോടെ വിജയിച്ചാണ് ഇന്ദ്രൻസ് വീണ്ടും വിസ്മയം സൃഷ്ടിച്ചത്. ജീവിത പ്രാരാബ്ധത്തിൽ പഠനം നാലാം ക്ലാസിൽ നിർത്തിയ ഇന്ദ്രൻസിന്റെ മനസിൽ പത്താം ക്ലാസ് ജയിക്കണമെന്ന മോഹം അടങ്ങാതെ ശേഷിച്ചിരുന്നു.
വെള്ളിത്തിരയിൽ അഭിയനത്തികവുള്ള നടനായി നിറഞ്ഞുനിന്നപ്പോഴും ആ മോഹം കൈവിട്ടില്ല. അന്വേഷണം ഒടുവിൽ എത്തിയത് സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയിലായിരുന്നു. പത്താം ക്ലാസ് തുല്യത നേടുന്നതിന് മുമ്പ് ഏഴാം ക്ലാസ് തുല്യത നേടണമെന്ന് സുഹൃത്തുക്കൾ വഴി അറിഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 24, 25 തിയതികളിൽ തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ ഇന്ദ്രൻസ് പരീക്ഷാ എഴുതാനെത്തി.
പരീക്ഷാഫലം ഇന്നലെ പുറത്തുവന്നപ്പോൾ 59.4 ശതമാനം മാർക്കോടെ വിജയം. മലയാളത്തിന് 100ൽ 55ഉം ഇംഗ്ലീഷിന് 50ൽ 28ഉം ഹിന്ദിയിൽ 50ൽ 34ഉം സാമൂഹ്യശാസ്ത്രത്തിൽ 100ൽ 66ഉം അടിസ്ഥാനശാസ്ത്രത്തിൽ 62ഉം ഗണിതത്തിൽ 52ഉം മാർക്കാണ് ഇന്ദ്രൻസിന് ലഭിച്ചത്. അഭിനയ മികവിന് സംസ്ഥാന, ദേശീയ, അന്തർ ദേശീയ പുരസ്ക്കാരങ്ങൾ നേടിയ ഇന്ദ്രൻസ് പത്താം ക്ലാസ് വിജയ ലക്ഷ്യത്തിലേക്കുള്ള ആദ്യ കടമ്പ കടന്ന സന്തോഷത്തിലുമാണ്.
ഇന്ദ്രൻസിന്റെ വിജയം അറിയിച്ചും അഭിനന്ദനം അറിയിച്ചും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.നാലാം തരം തുല്യതാകോഴ്സിൽ ആകെ രജിസ്റ്റർ ചെയ്ത 970 പേരിൽ 487 പരീക്ഷയെഴുതിയത്. ഇവരിൽ 151 പുരുഷന്മാരും 336 സ്ത്രീകളുമാണ്. 476 പേർ വിജയിച്ചു.
വിജയിച്ചവരിൽ 150 പുരുഷന്മാരും 326സ്ത്രീകളും ഉൾപ്പെടും. ഏഴാം തരം തുല്യതാകോഴ്സിൽ ആകെ രജിസ്റ്റർ ചെയ്തവർ1604 ആണ്. 1043പരീക്ഷ എഴുതി. 1007 പേർ വിജയിച്ചു.വിജയിച്ചവരിൽ 396 പുരുഷന്മാരും 611 സ്ത്രീകളും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.