കൊച്ചി: 'ഒരുത്തി' സിനിമയുടെ പ്രചാരണാർത്ഥം നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരിച്ചതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ.
'പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ (ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿) വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു' - വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മി ടൂ വിഷയത്തിൽ നടൻ വിനായകന്റെ പ്രതികരണം വൻ വിവാദത്തിലേക്കും പ്രതിഷേധങ്ങളിലേക്കുമാണ് വഴിതെളിച്ചിരുന്നത്. മി ടൂ എന്താണെന്നറിയില്ലെന്നും തനിക്ക് ലൈംഗികബന്ധത്തിലേർപ്പെടേണ്ടവരോട് ചോദിച്ചു ചെയ്യാറാണ് പതിവെന്നുമുൾപ്പെടെയുള്ള പ്രതികരണങ്ങൾക്കെതിരെയാണ് നിരവധി പേർ രംഗത്തെത്തിയത്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത, നവ്യ നായരും വിനായകനും മുഖ്യവേഷത്തിലെത്തുന്ന ഒരുത്തീ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിലാണ് സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടനിൽനിന്നുണ്ടായത്.
ഇതിനെതിരെ സിനിമ താരങ്ങളും ആക്ടിവിസ്റ്റുകളുമുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. വിനായകനെതിരെ മുമ്പ് ഉയർന്നുവന്ന ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച ചോദ്യത്തിനാണ് മി ടൂവിന്റെ ഉദ്ദേശ്യശുദ്ധിയെയും ലൈംഗികബന്ധത്തിലെ ഉഭയസമ്മതത്തെയും നിസ്സാരവത്കരിക്കുന്ന വിധത്തിലുള്ള മറുപടിയുണ്ടായത്. സ്ത്രീയുടെ പോരാട്ടം ചിത്രീകരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട വേദിയിലാണ് ഇത്തരത്തിൽ സ്ത്രീവിരുദ്ധത നിറഞ്ഞ പ്രതികരണമുണ്ടായതെന്ന വൈരുധ്യവും പലരും ചൂണ്ടിക്കാട്ടി. വനിത കമീഷൻ സ്വമേധയ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.