നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്ത് മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്‍റെ ബംഗ്ലാവ് വിറ്റതായി റപ്പോർട്ട്. 2017 ൽ 20 കോടി രൂപക്ക് വാങ്ങിയ ബംഗ്ലാവ് 32 കോടി രൂപക്കാണ് നടി വിറ്റതെന്നാണ് വിവരം.
ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്രം നിർമാണ കമ്പനിയായ മണികർണിക ഫിലിംസിന്‍റെ ഓഫീസായി ഉപയോഗിച്ചു വരുകയായിരുന്നു. കഴിഞ്ഞ മാസം, കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജും ഒരു പ്രൊഡക്ഷൻ ഹൗസ് ഓഫീസ് വിൽപ്പനയ്‌ക്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വിഡിയോ പങ്കുവെച്ചിരുന്നു. പേരോ പ്രൊഡക്ഷൻ ഹൗസിന്‍റെ ഉടമയെ കുറിച്ചുള്ള വിവരമോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് ഇതു കങ്കണയുടെ ഓഫീസ് ആണെന്ന് വാർത്തകൾ വന്നിരുന്നു.
സിനിമ നിർമാണവുമായി ബന്ധപ്പെട്ടുള്ള തന്‍റെ കടങ്ങള്‍ വീട്ടാനും ഇപ്പോള്‍ എംപി എന്ന നിലയില്‍ ഹിമാചലിലെ മണ്ഡലത്തിലും ദില്ലിയിലും പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് മുംബൈയിലെ ബംഗ്ലാവ് കങ്കണ വിറ്റത് എന്നാണ് വിവരം. ഈ അടുത്തിടെ കങ്കണ നിർമിച്ച എല്ലാ ചിത്രങ്ങളും വൻ പരാജയമായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ എമർജൻസിയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.
2020 ൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ (ബി എം സി) പരിശോധനക്ക് വിധേയമാക്കി, അനധികൃത നിർമ്മാണം ആരോപിച്ച് കങ്കണയുടെ ബാന്ദ്ര ഓഫീസിന്‍റെ ചില ഭാഗങ്ങൾ പൊളിച്ചുനീക്കിയിരുന്നു. സെപ്തംബർ ഒമ്പതിന്ബോംബെ ഹൈകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പൊളിക്കൽ നിർത്തിവെച്ചത്. ഇതിന് പിന്നാലെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ പിന്നീട് ബി എം സിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു, എന്നാൽ 2023 മെയിൽ ഈ കേസ് ഉപേക്ഷിച്ചു.
2022 ഡിസംബറിൽ ഈ ബംഗ്ലാവ് ഈടായി വെച്ച് കങ്കണ 27 കോടി രൂപ വായ്പയെടുത്തിരുന്നു. 3,075 ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയയിലാണ് ഈ വസ്തു വ്യാപിച്ചു കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.