കോട്ടയം: കെ.ജി. ജോർജ് എന്നാൽ, കോട്ടയംകാർക്ക് പഞ്ചവടിപ്പാലമാണ്. പ്രേക്ഷകരെ ചിന്തിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത പഞ്ചവടിപ്പാലം സിനിമയുടെ ഷൂട്ടിങ് നടന്നത് കോട്ടയത്താണ്. ഇന്നും ആ സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങൾ ഇവിടത്തുകാരുടെ ഓർമകളിലുണ്ട്. കോട്ടയംകാരനായ വേളൂർ കൃഷ്ണൻകുട്ടിയുടെ ‘പാലം അപകടത്തിൽ’ കഥയെ ആസ്പദമാക്കി കെ.ജി. ജോർജ് സംവിധാനം ചെയ്ത മുഴുനീള ആക്ഷേപഹാസ്യ സിനിമയാണ് പഞ്ചവടിപ്പാലം.
1984 സെപ്റ്റംബർ 28നാണ് സിനിമ റിലീസാവുന്നത്. 39 വർഷം തികയാൻ നാലുദിവസം ബാക്കിനിൽക്കെയാണ് കെ.ജി. ജോർജിന്റെ നിര്യാണം. കുമരകം, ഇല്ലിക്കൽ, അയ്മനം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം. ഐരാവതക്കുഴി എന്ന സാങ്കൽപിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പ് ഒരു കുഴപ്പവുമില്ലാതിരുന്ന പാലം പൊളിച്ച് പുതിയ പാലം പണിയുന്നതും ഉദ്ഘാടനദിവസം തന്നെ അത് തകർന്നുവീഴുന്നതുമാണ് കഥ. ഭരത് ഗോപിയാണ് ദുശ്ശാസനകുറുപ്പായി വേഷമിട്ടത്. ഭാര്യ മണ്ഡോദരിയായി ശ്രീവിദ്യയും. ഇവരുടെ വീടായി ചിത്രീകരിച്ചത് കുടമാളൂരിലെ തെക്കേടത്ത് മനയാണ്.
മുൻ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഭാര്യഗൃഹമാണ് ഈ മന. പഞ്ചായത്ത് യോഗങ്ങൾ നടന്നിരുന്നത് അയ്മനം പി.ജെ.എം യു.പി സ്കൂളിലെ ക്ലാസ് മുറിയിലാണ്. സമീപത്തെ മൈതാനത്തും ഷൂട്ടിങ് ഉണ്ടായിരുന്നു. നാട്ടുകാരിൽ ചിലർക്കും പല രംഗങ്ങളിലും അഭിനയിക്കാൻ അവസരം കിട്ടി. സിനിമയുടെ അവസാനം പാലം പൊളിഞ്ഞുവീഴുന്ന രംഗം എടുത്തത് ഇല്ലിക്കലിലായിരുന്നു. പഴയ പാലത്തിന്റെ ഇരുമ്പുതൂണിന് മുകളിൽ പുതിയ പാലം നിർമിക്കുകയായിരുന്നു.
ഇന്നത്തെ ഇല്ലിക്കൽ പാലത്തിന് സമാന്തരമായി തെങ്ങിൻതടികളും പലകകളും ഉപയോഗിച്ചാണ് പൊളിക്കാനുള്ള പാലം നിർമിച്ചത്. പാലം പൂർത്തിയായശേഷം വാഹനം ഓടിച്ച് ഉറപ്പും പരിശോധിച്ചു. ഇത്രയും ഉറപ്പുള്ള പാലം ബോംബ് വെച്ച് തകർക്കാനായിരുന്നു തീരുമാനം. എന്നാൽ, നാട്ടുകാർ സമ്മതിച്ചില്ല.
അക്കരെ കടക്കാൻ അന്ന് വേറെ പാലമില്ല. ഈ പാലം പൊളിക്കരുതെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. സുരേഷ് കുറുപ്പ് ഇടപെട്ടാണ് നാട്ടുകാരെ സമ്മതിപ്പിച്ചത്. പാലം പൊളിഞ്ഞുവീഴുമ്പോൾ കൂടെ ചാടിയവരിൽ നാട്ടുകാരുമുണ്ടായിരുന്നു. ഒരു മാസത്തോളം നീണ്ട സിനിമ ഷൂട്ടിങ് നാടാകെ ഉത്സവ പ്രതീതി സൃഷ്ടിച്ച അവസ്ഥയായിരുന്നു. പാലാരിവട്ടം പാലത്തിന്റെ അഴിമതികളെപ്പറ്റി ചർച്ചകൾ നടക്കുമ്പോൾ പഞ്ചവടിപ്പാലവും ചർച്ചകളിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.