തിരുവല്ല: വെല്ലുവിളികൾ ഏറെ നിറഞ്ഞ ജീവിതവഴികളോട് പട വെട്ടിയാണ് കെ.ജി. ജോര്‍ജ് എന്ന സംവിധായകൻ മലയാള സിനിമലോകത്ത് തന്റേതായ ഇടമുറപ്പിച്ചത്. മാതാവ് അന്നമ്മ ചിട്ടിപിടിച്ചും മറ്റും നല്കിയ പണമാണ് മകനെ ആദ്യഘട്ടങ്ങളില്‍ ചലച്ചിത്രലോകത്തെത്താന് സഹായിച്ചത്.
അച്ഛന് കുളക്കാട് പുളിക്കപ്പറമ്പില്‍ താഴ്ചയില്‍ കെ.ജി. സാമുവല്‍ ചിത്രകാരനായിരുന്നു. ചെറിയ പെയിന്റിങ് ജോലി കരാറെടുത്താണ് കുടുംബം മുന്നോട്ടുപോയിരുന്നത്. കലാരംഗത്തേക്കുള്ള അടുപ്പം അച്ഛനില്‍നിന്ന് കിട്ടിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. തിരുവല്ല എസ്.സി.എസ് സ്കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. ചങ്ങനാശ്ശേരി എന്‍.എസ്.എസില്‍ കോളജ് വിദ്യാഭ്യാസം.
പഠനകാലത്ത് അച്ഛനോടൊപ്പം ചുവരുകളിൽ അടക്കം പരസ്യം എഴുതുവാൻ പോയിരുന്ന കെ.ജി. ജോർജിനെ ഇന്നും സുഹൃത്തുക്കളിൽ പലരും ഓർക്കുന്നുണ്ട്. പ്രാരബ്ധങ്ങൾക്കിടയിലും പൊളിറ്റിക്കൽ സയന്‍സില്‍ ബിരുദംനേടി പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ജോർജ് പോയി. കോളജ് കാലത്ത് ജോര്‍ജ് ചില നാടകങ്ങളില്‍ അഭിനയിച്ചിരുന്നതായി അനുജന് കെ.ജി. സാം ഓർമിക്കുന്നു. വീട്ടിലാര്‍ക്കും ജോര്‍ജിന്റെ സിനിമ മോഹത്തോട് എതിര്‍പ്പുണ്ടായിരുന്നില്ല.
പ്രോത്സാഹനവുമായി അമ്മയായിരുന്നു മുന്നില്‍. ആദ്യ സിനിമ പുറത്തിറങ്ങിയതോടെ നാട്ടിലേക്കുള്ള വരവ് കുറഞ്ഞു. മദ്രാസില്‍ വെച്ചായിരുന്നു വിവാഹം. ജോര്‍ജും സെല്‍മയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് സാം പറഞ്ഞു. ദൃഢനിശ്ചയവും ആരെയും കൂസാത്ത പ്രകൃതവും ജോര്‍ജിനെ വ്യത്യസ്തനാക്കിയിരുന്നെന്ന് പഠനകാലം മുതല്‍ കൂട്ടുകാരനായിരുന്ന പി.സി. തോമസ് പീടിയേക്കല്‍ ഓർമിച്ചു.
വലിയ ഒരു സൗഹൃദവൃന്ദം തിരുവല്ലയില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പിന്നീട് കൊച്ചിയായി സ്ഥിരംകേന്ദ്രം. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ ധനസമാഹരണത്തിന് താരനിശ നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചപ്പോള്‍ സഹായവുമായി മുന്നില്‍നിന്നത് ജോര്‍ജായിരുന്നു. സിനിമയിൽ തിരക്കേറിയതോടെ തിരുവല്ലയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് തീരെക്കുറഞ്ഞു. രണ്ട് ദശാബ്ദത്തിനിടയില്‍ തിരുവല്ലയില്‍ കാര്യമായ പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടില്ല. അഞ്ചുവര്‍ഷം മുമ്പാണ് അവസാനമായി തിരുവല്ലയിലെത്തിയതെന്ന് കെ.ജി. സാമിന്റെ ഭാര്യയും മുന്‍ തിരുവല്ല നഗരസഭ അധ്യക്ഷയുമായ ഡെല്‍സി സാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.