യുവനടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

 ആലുവ: യുവതാരം സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തില്‍ മരിച്ചു. ആലുവ- പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച് മാര്‍ച്ച് 26നാണ് അപകടമുണ്ടായത്. തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം.

കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയില്‍ എത്തുന്നത്. ചിത്രത്തിൽ  ഒരു പാട്ടും പാടിയിട്ടുണ്ട്. രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം, കര്‍ണാടക സംഗീതം എന്നിവ അഭ്യസിച്ചിരുന്നു.

സുജിത്തിനൊപ്പമുള്ള ഓർമ പങ്കുവെച്ച് നടി സുരഭി സന്തോഷ് എത്തിയിട്ടുണ്ട്. സുജിത്ത് അഭിനയിച്ച കിനാവള്ളി എന്ന ചിത്രത്തിൽ സുരഭി ആയിരുന്നു നായിക. സിനിമാ മേഖല തിരിച്ചറിയാത്ത യഥാർഥ താരമായിരുന്നു സുജിത്ത് എന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

'തന്റേത് മാത്രമല്ല, ബന്ധം പുലർത്തിയിട്ടുള്ള എല്ലാവരുടെയും ഹൃദയം നിങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് നിങ്ങൾ ഈ ലോകത്തുനിന്ന് പോയത്. നിങ്ങളെ കുറിച്ച് ഓർക്കുമ്പോഴെല്ലാം അറിയാതെ കണ്ണുനിറയും. കാരണം നിങ്ങൾ ഇങ്ങനെ പോകേണ്ട ഒരാളായിരുന്നില്ല എന്നും സുരഭി കുറിച്ചു.

'നിങ്ങൾ എനിക്കൊപ്പം, ഞങ്ങൾക്കൊപ്പം ഒരുപാട് വർഷങ്ങൾ ഇവിടെ ഉണ്ടാവേണ്ടയാളായിരുന്നു. നിനക്ക് പ്രായമാവുന്നതും കഠിനമായി പൊരുതി നേടിയ സ്വപ്നങ്ങൾ നിങ്ങൾ സാക്ഷാത്കരിക്കുന്നതും ഞാൻ കാണേണ്ടതായിരുന്നു. ആരെയാണ് ‍ഞാൻ ഇപ്പോൾ മുതൽ ബൂ എന്നുവിളിക്കേണ്ടത്? ഞാൻ കണ്ണുരുട്ടി ചിരിക്കുന്നത് കാണാൻ ആരാണ് മണ്ടത്തരങ്ങൾ പൊട്ടിക്കുക?

നിങ്ങൾ എത്രമാത്രം പ്രതിഭാശാലിയാണെന്ന് ലോകം മനസിലാക്കണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചിരുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ ഒരുപാട് കഴിവുകളുള്ള ഒരാത്മാവായിരുന്നു നിങ്ങൾ. ​ഗായകൻ...നർത്തകൻ...നടൻ... വാ​ഗ്മി... എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യൻ. നിങ്ങൾ ആഗ്രഹിച്ച പ്രശസ്തി അപരിചിതർക്കിടയിൽ നിങ്ങൾ നേടിയില്ലായിരിക്കാം. പക്ഷേ ബൂ, നിങ്ങളെ അറിയുന്നവരിൽ നിങ്ങൾ മുദ്ര പതിപ്പിച്ചു. ഞങ്ങളിലൂടെ നിങ്ങൾ എന്നേക്കും ജീവിക്കും.

സുജിത്ത് രാജ് കൊച്ചുകുഞ്ഞ്, നിങ്ങളെ അറിയുന്നവർ ആഘോഷിക്കുന്ന ഒരു പവർ ഹൗസാണ് നിങ്ങൾ. സിനിമാ മേഖല തിരിച്ചറിയാത്ത യഥാർത്ഥ താരമായിരുന്നു നിങ്ങൾ. ഇപ്പോൾ ആ സ്വർഗത്തെ പ്രകാശമാനമാക്കേണ്ട സമയമാണ്. നിങ്ങളെ ഞാനെന്നും സ്നേഹിക്കും' -സുരഭി പറയുന്നു.

Tags:    
News Summary - Malayalam Actor Sujith Raj Kochukunju passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.