മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ട് നാഗർകോവിലിൽ ആരംഭിച്ചു. മമ്മൂട്ടിയുടെ കീഴിലുള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്.
സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ചിത്രങ്ങൾ നിർമാതാക്കൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ബിഗ് ബി, ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.
ദുൽഖർ സൽമാൻ നായകനായെത്തിയ 'കുറുപ്പിന്‍റെ' എഴുത്തുകാരിൽ ഒരാളാണ് ജിതിൻ കെ. ജോസ്. ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. വില്ലനായ മമ്മൂട്ടിയുടെ നായകനായിട്ടായിരിക്കും വിനായകൻ എത്തുക എന്നാണ് റിപ്പോർട്ട്. ജോമോൻ ടി. ജോൺ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കും. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ചിത്രത്തിന്‍റെ കൂടുതൽ അപ്ഡേഷൻസും പിന്നീട് പുറത്തുവിടുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.