agent

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ റിക്കിയും മഹാദേവും തിരിച്ചുവരുന്നു; മമ്മൂട്ടിയുടെ 'ഏജന്‍റ്' ഒ.ടി.ടിയിലേക്ക്

സിനിമ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞാണ് പല സിനിമക​ളും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നത്. എന്നാൽ തിയറ്റര്‍ റിലീസ് ചെയ്ത് രണ്ട് വർഷം കഴിഞ്ഞ് മമ്മൂട്ടി ചിത്രം ഒ.ടി.ടിയിലേക്ക് വരുകയാണ്. മമ്മൂട്ടി, അഖിൽ അക്കിനേനി എന്നിവർ ‌പ്രധാന കഥാപാത്രങ്ങളായി എത്തിയ തെലുങ്ക് ചിത്രം 'ഏജന്‍റ്' മാർച്ച് 14ന് ഒ.ടി.ടിയിലെത്തും. സോണി ലിവിനാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം. ചിത്രത്തിന്‍റെ ട്രെയിലർ സോണി ലിവ് പുറത്തിറക്കിയിട്ടുണ്ട്.

ചെറുപ്പം മുതലേ റോ ഏജന്‍റ് ആകാൻ സ്വപ്നം കാണുന്ന റിക്കിയാണ് (അഖിൽ അക്കിനേനി) പ്രധാന കഥാപാത്രം. റിക്കിയുടെ സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മൂന്ന് വർഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രം കൂടിയാണ് ഏജന്‍റ്. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. 2023 ഏപ്രിലിലാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ 13.4 കോടി മാത്രമാണ് നേടാനായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരേന്ദ്രൻ റെഡ്ഡി രചനയും സംവിധാനവും നിർവഹിച്ച ചിത്രം എ.കെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമിച്ചത്. പുതുമുഖ നടി സാക്ഷി വൈദ്യ ആണ് നായിക. ഹിപ്പ്ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്‍റെ കാമറ രാകുല്‍ ഹെരിയനും എഡിറ്റിങ് നവീൻ നൂലിയുമാണ്.

നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണ് സിനിമ ഇതുവരെ ഒ.ടി.ടിയില്‍ എത്താത്തതിന് കാരണം. വിതരണ കരാറില്‍ നിര്‍മാതാവ് അനിൽ സുങ്കര കബളിപ്പിച്ചുവെന്ന് ആരോപിച്ച് വിതരണക്കാരനായ ബട്ടുല സത്യനാരായണ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഏജന്‍റിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിങ് കോടതി തടയുകയായിരുന്നു. 

Tags:    
News Summary - Mamooty Agent Ott Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.