കോഴിക്കോട്: രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ ഗുജറാത്ത് വംശഹത്യക്കു പിന്നിൽ പ്രവർത്തിച്ചത് തങ്ങളാണെന്ന സത്യം തുറന്നുകാട്ടുന്ന 'എമ്പുരാൻ' സിനിമക്കെതിരെ കൂട്ടക്കൊലയുടെ ആസൂത്രകരായ സംഘപരിവാർ ഉറഞ്ഞുതുള്ളിയപ്പോഴേക്കും 17 ഭാഗങ്ങൾ വെട്ടി മാറ്റാൻ നിർമാതാക്കളും മറ്റും തയാറായത് പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് ഐ.എൻ.എൽ. ഫാഷിസ്റ്റ് രീതിയിലൂടെ മികച്ച ഒരു കലാസൃഷ്ടിയെ നശിപ്പിക്കാനും സത്യം എന്നെന്നേക്കുമായി മൂടിവെക്കാനും ഉള്ള റീ സെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും ഉന്നതങ്ങളിൽ നിന്ന് സമ്മർദ്ദം ഉയർന്നപ്പോൾ ജനകീയ പ്രതിരോധത്തിലൂടെ അത് മറികടക്കാൻ ശ്രമിക്കുന്നതിനു പകരം ഭീഷണിക്ക് മുന്നിൽ കീഴടങ്ങുന്നത് അപകടകരമായ സന്ദേശമാണ് കൈമാറുന്നത്.
മോഹൻലാലിന്റെയും ഗോകുലം ഗോപാലന്റെയും ഖേദപ്രകടനം കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കി തരുന്നുണ്ട്. എമ്പുരാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് സംഘപരിവാറിനെ മാത്രമാണ്. ഇത് ഹിന്ദുവിരുദ്ധ ചലച്ചിത്രമാണെന്ന ഭാഷ്യം ആർ.എസ്.എസിന്റെതാണ്. ഗുജറാത്ത് വംശഹത്യക്കു പിന്നിൽ അഴിഞ്ഞാടിയ ഹിന്ദുത്വവാദികളെയാണ് എമ്പുരാൻ തുറന്നുകാട്ടുന്നത്. കേന്ദ്ര ഭരണം പിടിച്ചെടുക്കാനുള്ള ഒരു കുറുക്കുവഴി മാത്രമായിരുന്നു 2000 പേരെ കൂട്ടക്കൊല ചെയ്ത ലോകത്തെ ഞെട്ടിച്ച ആ സംഭവം. ഹോളോകോസ്റ്റിന്റെ ഭീകര ഓർമകളെ ജീവിപ്പിക്കുന്ന എണ്ണമറ്റ സിനിമകൾ ഇപ്പോഴും പുറത്ത് വരുന്നത് നാസികളുടേയും നിയോ നാസികളുടേയും എതിർപ്പ് തൃണവത്കരിച്ചാണ്.
വർഗീയ ഫാഷിസ്റ്റുകൾ ഫണം വിടർത്തിയാടുന്നതു കണ്ട് പേടിക്കുന്നത് ഭീരുത്വമാണ്. ലോകം കണ്ടിരിക്കേണ്ട മികച്ച ഒരു ചലച്ചിത്ര സൃഷ്ടിയെ കത്തിവെച്ച് കൊല്ലുന്ന ക്രൂരകൃത്യത്തിൽ നിന്ന് പൃഥ്വിരാജിനെ പോലുള്ള ആർജ്ജവമുള്ള ഒരു ചലച്ചിത്രകാരൻ പിന്മാറുമെന്ന പ്രതീക്ഷ ബാക്കിയുണ്ട്. വർഗീയ ഫാഷിസത്തിനും ഭരണകൂട സമ്മർദ്ദങ്ങൾക്കും വഴങ്ങിയാലേ ഇവിടെ ജീവിക്കാൻ പറ്റു എന്ന് വരുന്നത് രാജ്യത്തിൻ്റെ മതേതര ജനാധിപത്യ സംവിധാനത്തിൻ്റെ മരണമാണെന്ന് മനസ്സിലാക്കുന്നത് എല്ലാവർക്കും നല്ലതാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.