തിരുവനന്തപുരം: മലയാള സിനിമക്ക് പുതുചരിത്രം കുറിച്ച ശ്രീധരൻ മാഷും നീലിയും നളിനിയും ശങ്കരൻ നായരുമൊക്കെ ഒരിക്കൽ കൂടി പ്രേക്ഷകർക്കുമുന്നിലെത്തുന്നു. വെള്ളിത്തിരക്ക് പകരം അരങ്ങിലൂടെയാണെന്ന് മാത്രം. ഇവരെല്ലാം കേന്ദ്രകഥാപാത്രങ്ങളായ നീലക്കുയിൽ നാടകമായി അരങ്ങേറാനൊരുങ്ങുകയാണ്.
ആർ.എസ്. മധുവിന്റെ രചനയിൽ നീലക്കുയിൽ സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനും നാടകകൃത്തും എഴുത്തുകാരനുമായ സി.വി. പ്രേംകുമാറാണ്. പ്രശസ്ത ഗാനരചയിതാവും സംവിധായകനും നടനുമൊക്കെയായ പി. ഭാസ്കരന്റെ നൂറാം ജന്മവാർഷികത്തിന്റെയും നീലക്കുയിൽ റിലീസായതിന്റെ 70-ാം വാർഷികത്തിന്റെയും ഭാഗമായാണ് നീലക്കുയിൽ അരങ്ങിലെത്തുന്നത്. 1954ൽ പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത് സത്യനും മിസ് കുമാരിയും പി. ഭാസ്കരനും വിപിൻ മോഹനും പ്രേമയുമൊക്കെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നീലക്കുയിൽ ചന്ദ്രതാര പിക്ചേഴ്സിന്റെ ബാനറിൽ ടി.കെ. പരീക്കുട്ടിയാണ് നിർമിച്ചത്. അന്ന് മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹമായ ചിത്രത്തിന്റെ രചന ഉറൂബായിരുന്നു. സംഗീത സംവിധായകനായി രാഘവൻ മാഷ് തുടക്കം കുറിച്ച നീലക്കുയിലിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്.
അമച്വർ നാടക സംഘടനയായ തിയേറ്റർ ഓൺ ടുഡേയുടെ ബാനറിൽ ഒരുങ്ങുന്ന നീലക്കുയിൽ ഡിസംബർ 22ന് കിഴക്കേക്കോട്ട കാർത്തിക തിരുനാൾ തിയറ്ററിൽ അരങ്ങേറും. ഫോട്ടോ ജേണലിസ്റ്റ് ജിതേഷ് ദാമോദർ കേന്ദ്ര കഥാപാത്രമാകുന്ന നീലക്കുയിലിൽ നർത്തകിയും അഭിനേത്രിയുമായ സിതാര ബാലകൃഷ്ണൻ, എയർപോർട്ട് അതോറിട്ടി ജോയന്റ് ജി.എമ്മും സീരിയൽ താരവുമായ സജന ചന്ദ്രൻ, നടനും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാർ, റിട്ട. അധ്യാപികയും അമച്വർ നാടക ആർട്ടിസ്റ്റുമായ റജുല മോഹനൻ, അധ്യാപികയായ ശ്രീലക്ഷ്മി, നടൻ മഞ്ജിത്ത്, റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ശങ്കരൻകുട്ടി നായർ, ചിന്മയസ്കൂൾ വിദ്യാർഥി കാശിനാഥൻ എന്നിവരാണ് വേഷമിടുന്നത്. 70 വർഷം മുമ്പത്തെ ജാതി ചിന്തയും സാമൂഹിക ഉച്ചനീചത്വങ്ങളും പരോക്ഷമായി ഇപ്പോഴും നിലനിൽക്കുന്നതിനാൽ നീലക്കുയിൽ കാലാതീതമായ കഥയാണെന്ന് സംവിധായകൻ പ്രേംകുമാർ പറഞ്ഞു. നാടകത്തിന് സംഗീതം ഒരുക്കുന്നത് അനിൽ റാമും രംഗപടം അജിൻ കൊട്ടാരക്കരയും പ്രകാശ സംവിധാനം എ.ഇ. അഷ്റഫുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.