പത്താൻ തരംഗം നിലനിർത്താനാകാതെ ‘സെൽഫി’; അക്ഷയ്കുമാർ ചിത്രം ചരിത്രത്തിലെ ഏറ്റവുംവലിയ പരാജയത്തിലേക്കോ?

തുട‌‍ർച്ചയായ ബോക്സ് ഓഫീസ് പരാജയങ്ങൾക്കുശേഷം ബോളിവുഡിനെ കൈപിടിച്ചുയർത്തിയ ചിത്രമാണ് ഷാരൂഖ് ഖാന്റെ 'പത്താൻ'. ആഗോളതലത്തിൽ 1000 കോടി രൂപയുടെ കലക്ഷനാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും കളക്ഷനിൽ വൻ കുതിപ്പാണ് ചിത്രം രേഖപ്പെടുത്തുന്നത്. എന്നാൽ ഈ ഉണർവ്വ് പുതുതായി റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രമായ സെൽഫിക്ക് നിലനിർത്താനാകുന്നില്ലെന്നാണ് സൂചന. 2019ന് ശേഷം പുറത്തിറങ്ങിയ ഏതെങ്കിലും ഒരു അക്ഷയ്കുമാർ ചിത്രത്തിന്റെ ഏറ്റവും താഴ്ന്ന ഇനീഷ്യലാണ് സെൽഫിക്ക് ലഭിച്ചിരിക്കുന്നത്.

സച്ചി തിരക്കഥയൊരുക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് ചിത്രം 'ഡ്രൈവിങ് ലൈസൻസി'ന്റെ റീമേക്കാണ് സെൽഫി. 24നാണ് സിനിമ റിലീസ് ചെയ്തത്. മലയാളി പ്രേക്ഷകരടക്കം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആദ്യ ദിവസം പ്രതീക്ഷിച്ച വിജയം കാണാതെ 1.55 കോടിയിൽ ഒതുങ്ങുകയാണ് ഉണ്ടായത്. ഇപ്പോഴിതാ രണ്ടാം ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ആശങ്കകൾ അവസാനിക്കുന്നില്ല

വെള്ളിയാഴ്ച നേടിയതിനേക്കാൾ അൽപം മെച്ചത്തോടെ 3.80 കോടിയാണ് രണ്ടാം ദിനം സെൽഫിക്ക് നേടാനായത്. ഈ കളക്ഷൻ റിപ്പോർട്ടുകൾ അണിയറപ്രവർത്തകർക്കും തൃപ്തി നൽകുന്നതല്ല. ഇന്ത്യയിൽ ആകെ ചിത്രം നേടിയിരിക്കുന്നത് അഞ്ച് കോടിക്കടുത്താണ്. മലയാളത്തിൽ പൃഥ്വിരാജ് അഭിനയിച്ച കഥാപാത്രമാണ് സെൽഫിയിൽ അക്ഷയ് അവതരിപ്പിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ വേഷം ചെയ്തത് ഇമ്രാൻ ഹാഷ്മിയാണ്. സെൽഫിയുടെ നിർമ്മാണത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസും പങ്കാളികളാണ്.

'ബോക്സ് ഓഫീസിലെ തകർച്ച സ്വന്തം വീഴ്ച'

അതേസമയം തന്റെ സിനിമകളുടെ തുടർച്ചയായ പരാജയങ്ങളിൽ അക്ഷയ് കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബോളിവുഡിലെ 200 കോടി ക്ലബ്ബ് ഹിറ്റുകൾ ഏറ്റവും കൂടുതലുള്ള നടനാണ് അക്ഷയ്. എന്നാൽ കൊവിഡിന് ശേഷം തകർച്ചകളിൽ നിന്ന് തകർച്ചകളിലേയ്ക്കാണ് നടന്റെ യാത്ര. ബോളിവുഡ് മുഴുവനായും തകർന്നിരുന്നുവെങ്കിലും അഭിനേതാക്കളുടെ ഇടയിൽ അക്ഷയോളം പതറിയ മറ്റൊരു താരമില്ല. ഇപ്പോഴിതാ തന്‍റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അക്ഷയ് കുമാര്‍ നല്‍കിയ മറുപടി ചർച്ചയാകുകയാണ്.

‘എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. തുടര്‍ച്ചയായി 16 പരാജയങ്ങള്‍ സംഭവിച്ച ഒരു സമയമുണ്ടായിരുന്നു എനിക്ക്. മറ്റൊരിക്കല്‍ നായകനായ എട്ട് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. പക്ഷെ അത് സ്വന്തം വീഴ്ച കൊണ്ട് സംഭവിക്കുന്നതായാണ് എന്‍റെ വിലയിരുത്തല്‍. ഇന്നത്തെ പ്രേക്ഷകര്‍ ഒരുപാട് മാറി. താരങ്ങള്‍ അതിനനുസരിച്ച് മാറേണ്ടതുണ്ട്. ആ മാറ്റത്തിനുവേണ്ടി ശ്രമിക്കുകയാണ് ഞാന്‍. അത് മാത്രമാണ് എനിക്ക് ചെയ്യാനാവുക. പ്രേക്ഷകരെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തേണ്ടതില്ല. ഇത് 100 ശതമാനം എന്‍റെ വീഴ്ചയാണ്’-അക്ഷയ് കുമാര്‍ പറഞ്ഞു.

Tags:    
News Summary - Selfie box office earnings: Akshay Kumar and Emraan Hashmi’s movie stagnates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.