മുംബൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിൽ ചർച്ചയാവുന്നതിനിടെ ബോളിവുഡ് സംവിധായകനിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ശിൽപ ഷിൻഡെ. കരിയറിന്റെ തുടക്കത്തിൽ ബോളിവുഡ് സംവിധായകനിൽ നിന്നും ലൈംഗികാതിക്രം നേരിടേണ്ടി വന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.
ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. സംവിധായകൻ ആവശ്യപ്പെട്ടത് പ്രകാരം ഓഡിഷനിൽ അഭിനയിക്കുകയായിരുന്ന തനിക്ക് നേരെ അയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് ശിൽപ ഷിൻഡെ വെളിപ്പെടുത്തിയത്. ഒടുവിൽ സംവിധായകനെ തള്ളിമാറ്റിയാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും നടി പറഞ്ഞു.
കരിയറിൽ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന 1998-99 കാലയളവിലാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഓഡീഷനായി എത്തിയപ്പോൾ സംവിധായകൻ ഒരു വസ്ത്രം നൽകി അത് ധരിച്ച് ഒരു സീൻ അഭിനയിച്ച് കാണിക്കാൻ പറഞ്ഞു. ആദ്യം ആവശ്യം താൻ നിഷേധിച്ചുവെങ്കിലും പിന്നീട് ഇതിന് തയാറായി. സീൻ അഭിനയിക്കുന്നതിനിടെ സംവിധായകൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെങ്കിലും താൻ അയാളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നുവെന്നും നടി പറഞ്ഞു.
പിന്നീട് വർഷങ്ങൾക്ക് ശേഷം ഇതേ സംവിധായകനെ കാണാനിടയായി. അയാൾക്ക് തന്നെ ഓർമയുണ്ടായിരുന്നില്ല. ഒന്നും സംഭവിക്കാത്തത് പോലെ സംസാരിച്ച അയാൾ തനിക്ക് ഒരു റോൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ, താൻ അത് നിരസിക്കുകയാണുണ്ടായതെന്നും നടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.