നടനും മോഡലുമായിരുന്ന സിദ്ധാർഥ് ശുക്ലയുടെ മരണത്തിെൻറ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. സീരിയൽ മേഖലയിലെ സൂപ്പർതാരമായിരുന്ന സിദ്ധാർഥ്, ബിഗ് ബോസ് 13-ാം സീസണിൽ ജേതാവായതിന് ശേഷം ബോളിവുഡിൽ നിലയുറപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 40 വയസുകാരനായ താരം ഇന്ന് രാവിലെ 10:30നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്.
സമൂഹ മാധ്യമങ്ങളിൽ തെൻറ കാഴ്ച്ചപ്പാടുകൾ പോസ്റ്റ് ചെയ്യാനും ആരാധകരുമായി എപ്പോഴും ബന്ധം പുലർത്താനുമൊക്കെ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു സിദ്ധാർഥ്. വിടപറയുന്നതിന് മുമ്പ് താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചില ട്വീറ്റുകൾ ഇപ്പോൾ വൈറലാവുകയാണ്. ജീവിതം വളരെ ചെറുതാണെന്നും അത് പ്രവചനാതീതമാണെന്നുമൊക്കെ പറയുന്ന ട്വീറ്റുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
മറ്റുള്ളവർ നിങ്ങളെ കുറിച്ച് പറയുന്നതോ, ചിന്തിക്കുന്നതോ ആയ കാര്യങ്ങളിൽ വേവലാതിപ്പെട്ടുകൊണ്ടിരിക്കാനൊക്കെ ജീവിതം വളരെ ചെറുതാണ്... അത് ആസ്വദിക്കൂ... അടിച്ചുപൊളിക്കു.. അവർക്ക് നിങ്ങളെ കുറിച്ച് സംസാരിക്കാനായി എന്തെങ്കിലും നൽകുക.. -കഴിഞ്ഞ ഫെബ്രുവരിയിൽ സിദ്ധാർഥ് ട്വീറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
"നിങ്ങൾ ഇന്ന് ചെയ്യുന്നത് നിങ്ങളുടെ ഭാവി തീരുമാനിക്കുന്നു, ജീവിതം ഒരു തവണയേ ഉള്ളൂ..., അത് ഒരു ദിവസത്തേക്കാണെങ്കിലും ഒരു സിംഹത്തെപ്പോലെ ജീവിച്ച് കാണിക്കൂ, ജീവിതകാലം മുഴുവൻ ഒരു ആടിനെപ്പോലെ ജീവിക്കുന്നതിനേക്കാളും നല്ലതാണ്...," കഴിഞ്ഞ വർഷം സെപ്തംബറിൽ അദ്ദേഹം പങ്കുവെച്ച ട്വീറ്റിൽ പറയുന്നു.
നിങ്ങൾ കൈയ്യിലുള്ളതെല്ലാം നൽകിക്കൊണ്ട് പരമാവധി ശ്രമിക്കുക... കാരണം, മറ്റൊരു അവസരം ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.. ഒന്ന് ശ്രമിച്ചുനോക്കി പരാജയപ്പെടുക... പക്ഷെ ശ്രമിക്കുന്നതിൽ പരാജിതനാവാതിരിക്കുക.... -ആരാധകരെ വേദനയിലാഴ്ത്തിയ സിദ്ധാർഥ് ശുക്ലയുടെ മറ്റൊരു ട്വീറ്റ് ഇതായിരുന്നു.
കരിയറിലെ ഏറ്റവും തിളക്കമുള്ള നാളുകളിലായിരുന്നു സിദ്ധാർഥ്. ടെലിവിഷനിൽ തുടങ്ങി ബോളിവുഡിലെത്തിയ താരം ഒന്നിലേറെ മുൻവർഷങ്ങളിൽ റിയാലിറ്റി ഷോകളിലെ ജേതാവായിരുന്നു. മോഡലിങ്ങിൽ തുടങ്ങി പ്രശസ്തിയുടെ വലിയ ലോകത്തേക്ക് ആദ്യ ചുവടുവെച്ച താരം 'ബാബുൽ ക ആംഘേൻ ഛോേട്ട നാ' എന്ന ടി.വി ഷോയിൽ നായക വേഷത്തിലാണ് അഭിനയം തുടങ്ങുന്നത്. പരമ്പര ഹിറ്റായതോടെ നിരവധി ഷോകളിൽ നായക വേഷം സിദ്ധാർഥിനെ തേടിയെത്തി. 2014ൽ കരൺ ജോഹറിന്‍റെ 'ഹംപ്റ്റി ശർമ കി ദുൽഹനിയ'യിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.
ബിഗ് ബോസ് സീസൺ 13ൽ പങ്കെടുത്ത് ഒന്നാമതെത്തിയതോടെ സമൂഹ മാധ്യമങ്ങളിൽ ആരാധക ബാഹുല്യം കൊണ്ടു പൊറുതിമുട്ടി. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ സിദ്ധാർഥ് ചെയ്ത എന്തും വാർത്തയായി. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും താരത്തിന്‍റെ പോസ്റ്റുകൾക്ക് ലൈക് നൽകാനും പ്രതികരിക്കാനും ലക്ഷങ്ങൾ മത്സരിച്ചു. ബോളിവുഡിൽ വലിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
ആരോഗ്യ പ്രശ്നങ്ങളില്ലാതിരുന്നിട്ടും എന്തു സംഭവിച്ചുവെന്ന ആധി പങ്കുവെക്കുന്നതാണ് സഹതാരങ്ങളുടെയും ആരാധകരുടെയും പ്രതികരണങ്ങൾ. അജയ് ദേവ്ഗൻ, ജാക്വലിൻ ഫെർണാണ്ടസ്, ഹിമാൻഷി ഖുരാന, മനോജ് വാജ്പെയ്, അക്ഷയ് കുമാർ, കപിൽ ശർമ, മാധുരി ദീക്ഷിത്, ബിപാഷ ബസു, മാധവൻ തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.