പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ ട്രെയിലർ പുറത്ത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാന, കാജൽ അഗർവാൾ, സത്യരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മൂന്ന് മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ സൽമാന്‍റെ ആക്ഷൻ സീനുകളും റൊമാന്‍റിക് സീനുകളും ഉൾക്കൊള്ളുന്നതാണ്. ട്രെയിലർ പുറത്തിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ശർമൻ ജോഷി, പ്രതീക് ബബ്ബർ, അഞ്ജിനി ധവാൻ, ജതിൻ സർന എന്നിവരുൾപ്പെടെ മുഴുവൻ അഭിനേതാക്കളെയും ഉൾപ്പെടുത്തിയുള്ള പുതിയ പോസ്റ്റർ നിർമാതാക്കൾ പുറത്തിറക്കി.
2008-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗജിനിക്ക് ശേഷം മുരുഗദോസും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രമാണ് സിക്കന്ദർ. സൽമാന്റെ മുൻ ചിത്രങ്ങളിൽ നിന്ന് സിക്കന്ദർ വ്യത്യസ്തമായിരിക്കുമെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ മുരുഗദോസ് വ്യക്തമാക്കി. നാല് വർഷത്തിന് ശേഷമാണ് മുരുഗദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. കൂടാതെ മുരുഗദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ൽ സൊനാക്ഷി സിൻഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുഗദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം.
ട്രെയിലറും സിനിയിലെ ഗാനങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. വൻ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ് വാലയാണ്. കിക്ക്, മുജ്‌സെ ശാദി കരോഗി തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സാജിദ് നദിയാദ് വാല സിക്കന്ദറിലും പ്രതീഷ തെറ്റിക്കില്ലെന്നാണ് ആരാധകർ കരുതുന്നത്. ഹൈദരാബാദിലും മുംബൈയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിക്കന്ദർ ഈദ് റിലീസ് ആയാണ് തിയറ്ററിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.