റിലീസ് ചെയ്ത് രണ്ട് വർഷം കഴിഞ്ഞിട്ടും ലോകമെമ്പാടും സഞ്ചരിക്കുകയാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ. ജൂനിയർ എൻ.ടി.ആറും രാംചരൺ തേജയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് ജപാനിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ആർ.ആർ.ആറിന്റെ സ്ക്രീനിങ്ങിന്റെ ഭാഗമായി നിലവിൽ ജപാനിലാണ് സംവിധായകൻ എസ്.എസ് രാജമൗലിയും അദ്ദേഹത്തിന്റെ മകൻ എസ്.എസ് കാർത്തികേയയും.
എന്നാൽ, ജപാനിൽ ഇരുവരും ഒരു ഭൂചലനത്തിനും സാക്ഷിയായി. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ട കാര്യം സംവിധായകൻ്റെ മകൻ എസ് എസ് കാർത്തികേയ തൻ്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ലോകത്തെ അറിയിച്ചത്. കാർത്തികേയയുടെ സ്മാർട്ട് വാച്ച് അദ്ദേഹത്തിന് ഭൂചലനത്തിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിന്റെ സ്ക്രീൻഷോട്ട് അദ്ദേഹം എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്. "ഭൂകമ്പത്തിൻ്റെ മുൻകൂർ മുന്നറിയിപ്പ്: ശക്തമായ കുലുക്കം ഉടൻ പ്രതീക്ഷിക്കുന്നു. ശാന്തമായിരിക്കുക, സമീപത്ത് അഭയം തേടുക. (ജപ്പാൻ കാലാവസ്ഥാ ഏജൻസി)" - ഇങ്ങനെയായിരുന്നു സ്മാർട്ട് വാച്ചിൽ വന്ന മുന്നറിയിപ്പ്.
‘‘ഇപ്പോൾ ജപ്പാനിൽ ഒരു ഭയാനകമായ ഭൂകമ്പം അനുഭവപ്പെട്ടു!!! ഞാൻ 28-ാം നിലയിലായിരുന്നു, പതുക്കെ ഗ്രൗണ്ട് നീങ്ങാൻ തുടങ്ങി, ഭൂകമ്പമാണെന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് കുറച്ച് സമയമെടുത്തു. ഞാൻ പരിഭ്രാന്തനായി നിൽക്കുകയായിരുന്നു, പക്ഷേ എന്റെ ചുറ്റുമുള്ള ജപ്പാൻകാർക്ക് ഒരു കുലുക്കവുമില്ല, അവർക്കിത് ചെറിയൊരു മഴ പെയ്യാൻ തുടങ്ങിയതുപോലെയായിരുന്നു !!’’ - അടിക്കുറിപ്പായി എസ്.എസ് കാർത്തികേയ എഴുതി.
മാർച്ച് 18 ന് സംഘടിപ്പിച്ച 'RRR' ൻ്റെ പ്രദർശനത്തിന്റെ ഭാഗമായാണ് രാജമൗലി ജപ്പാൻ സന്ദർശിച്ചത്. 2022 ഒക്ടോബറിൽ ജപ്പാനിൽ റിലീസ് ചെയ്ത ചിത്രം അവിടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിനോടുള്ള സ്നേഹമറിയിച്ച് തനിക്ക് മുന്നിൽ 83 വയസുള്ള ജാപ്പനീസ് വൃദ്ധയെത്തിയ അനുഭവം സംവിധായകന്‍ രാജമൗലി എക്സിൽ പങ്കുവെച്ചിരുന്നു.
തെരുവിൽ ഒറിഗാമി ഉണ്ടാക്കി കൊടുക്കുന്ന 83 വയസുള്ള സ്ത്രീ ആര്‍ ആര്‍ ആറിനോടുള്ള സ്നേഹത്താൽ ഒരു സമ്മാനം നൽകുന്നതാണ് രാജമൗലി പങ്കുവെച്ച ഫോട്ടോയിൽ ഉള്ളത്. സമ്മാനത്തിനൊപ്പം താൻ ആർ ആർ ആർ സിനിമയുടെ ഫാൻ ആണെന്നും ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എഴുതിയ ഒരു കാർഡും വൃദ്ധ നൽകി. സിനിമയുടെ പേരെഴുതിയ ടി ഷര്‍ട്ടാണ് വൃദ്ധ ധരിച്ചത്
ജപ്പാനിൽ, പ്രിയപ്പെട്ടവർക്ക് ഭാഗ്യവും ആരോഗ്യവും ഉണ്ടാകാൻ ഒറിഗാമി ഉണ്ടാക്കി സമ്മാനിക്കുന്നു. 83 വയസുള്ള ഈ സ്ത്രീ ഞങ്ങളെ അനുഗ്രഹിക്കാൻ വേണ്ടി ആയിരക്കണക്കിന് ഒറിഗാമി ഉണ്ടാക്കി, കാരണം അവർക്ക് ആർ ആർ ആർ ഒരുപാട് ഇഷ്ടമാണ്. അവർക്ക് ഒരുപാട് സന്തോഷം നൽകിയ സിനിമ. ഞങ്ങൾക്ക് സമ്മാനം തരവാനായി താമസിക്കുന്നിടത്ത് വന്ന് ആ തണുപ്പിൽ അവർ കാത്തിരിക്കുകയായിരുന്നു. ചില സ്നേഹത്തിന് പകരമായി എന്ത് നൽകിയാലും മതിയാകില്ല, -രാജമൗലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.