മലയാള സിനിമയിലെ മികച്ച ആക്ഷൻ രംഗങ്ങൾ പിറന്ന സിനിമയാണ് മിന്നൽ മുരളി. സിനിമയിലെ ബസ് അപകടം ഉള്‍പ്പെടെയുള്ള നിരവധി സീനുകൾ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ വ്ലാഡ് റിം ബർഗും ടീമുമായിരുന്നു മിന്നൽ മുരളിക്കായി ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ചത്. സിനിമയിൽ നായകനായ ടോവിനോ തോമസിന് ഒരു അപരനെ വേണമെന്ന് നേരത്തേതന്നെ വ്ലാഡ് റിം ബർഗ് തീരുമാനിച്ചിരുന്നു. ആ അന്വേഷണം അവസാനിച്ചത് അദ്ദേഹത്തിന്‍റെതന്നെ സംഘാംഗമായ ജർമൻ സ്വദേശി സെഫ ഡെമിർബാസിലാണ്. നാം സിനിമയിൽ കാണുന്ന പല ആക്ഷൻ രംഗങ്ങളിലും ടോവിനോയുടെ ബോഡി ഡബിൾ ആയി പ്രവർത്തിച്ചത് സെഫയാണ്.
ബസ് അപകടം ഉള്‍പ്പെടെയുള്ള നിരവധി സീനുകളിൽ സെഫ ഇങ്ങിനെ പെർഫോം ചെയ്തു. ഇപ്പോഴിതാ മിന്നൽ മുരളിയിൽ തനിക്ക് അവസരം നൽകിയതിന് നന്ദി അറിയിച്ച് സെഫ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. 'ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വേഗതയേറിയ മനുഷ്യനായ ടൊവിനോ സാറിനോടൊപ്പം. സെറ്റിലെ ആദ്യ ദിവസത്തിന് മുമ്പ്, ഈ സിനിമ എന്തിനെക്കുറിച്ചായിരിക്കുമെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. 'മിന്നൽ മുരളി'യുടെ പിന്നിലെ കാഴ്ചയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സെറ്റിൽ എല്ലാവരുടേയും ആവേശം കണ്ടപ്പോഴാണ് ഇതൊരു വലിയ പ്രോജക്ട് ആയിരിക്കുമെന്ന് മനസ്സിലായത്'.
എന്നെ 'മിന്നൽ മുരളി'യിലേക്ക് ക്ഷണിച്ചതിന് ബേസിൽ ജോസഫ്, കെവിൻ, സോഫിയ പോൾ എന്നിവർക്ക് നന്ദി, മലയാള സിനിമയിലെ സൂപ്പർഹീറോയ്ക്ക് വേണ്ടി അഭിനയിക്കാൻ അനുവദിച്ചതിന് നന്ദി. എനിക്ക് ശരിക്കും ബഹുമാനം തോന്നുന്നു. കേരളത്തിലെ നിങ്ങളുടെ മഹത്തായ ആതിഥ്യത്തിന് നന്ദി. സെറ്റിലെ കഠിനാധ്വാനികളായ ചെന്നൈയിൽ നിന്നുള്ള സ്റ്റണ്ട്മാസ്റ്റേഴ്സ് സന്തോഷ്, കലൈ കിങ്സൺ, ബാലഗോപാൽ എന്നിവരുടെ ആത്മസമർപ്പണത്തിനും നന്ദി പറയുന്നു.'– ഇങ്ങിനെ പോകുന്നു സെഫയുടെ വാക്കുകൾ. സിനിമയിൽനിന്നുള്ള ഷൂട്ടിങ് രംഗങ്ങളും സെഫ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.