മമ്മൂട്ടിയുടെ 'മൃഗയ' റിമേക്കിൽ സൂര്യ‍? അമൽ നീരദുമായി ചർച്ച നടത്തി : റിപ്പോർട്ട്

മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ മൃഗയ റിമേക്ക് ചെയ്യാൻ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുമായി സംവിധായകൻ അമൽ നീരദ് ചർച്ച ചെയ്തതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ ഇതേപറ്റിയുള്ള ചർച്ചകൾ സജീവമാകുന്നുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിൽ എത്തിയ സൂര്യയെ അമൽ നീരദ് സന്ദർശിച്ചതോടെയാണ് വാർത്തകൾ ചൂടുപിടിച്ചത്. ലോഹിതദാസിന്‍റെ രചനയിൽ ഐ.വി. ശശി സംവിധാനം ചെയ്ത് മൃഗയ 1989ലാണ് തിയറ്ററിലെത്തിയത്. ഇന്നും ഏറെ ആരാധകരുള്ള ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ലാലു അലക്‌സ്, തിലകൻ, ഉർവശി, സുനിത, ശാരി, കുതിരവട്ടം പപ്പു, ജഗതി, ഭീമൻ രഘു തുടങ്ങിയവരും അണിനിരന്നിരുന്നു.

2022 ല്‍ 'എതിർക്കും തുനിന്തവൻ' എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കേരളത്തിൽ എത്തിയപ്പോഴായിരുന്നു ഇങ്ങനെയൊരു പ്രോജക്ടിനെ കുറിച്ചുള്ള ആദ്യ സൂചനകള്‍ സൂര്യ നല്‍കിയത്. ഒരു മമ്മൂട്ടി ചിത്രത്തിന്റെ റീമേക്കിന് വേണ്ടി അമൽ നീരദുമായി ചർച്ച നടത്തിയ കാര്യം സൂര്യ അന്ന് വെളിപ്പെടുത്തിയിരുന്നു. അന്ന് ആ ചർച്ച മുന്നോട്ട് പോയില്ലെന്നും എന്നാൽ താൻ വീണ്ടും അമലിനെ ബന്ധപ്പെടുമെന്നും ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമോയെന്ന് നോക്കുമെന്നും സൂര്യ പറഞ്ഞിരുന്നു.



ഇതിനിടെ മൃഗയ സിനിമയാണ് സൂര്യ റീമേക്ക് ചെയ്യാൻ താൽപ്പര്യപ്പെട്ടിരുന്നതെന്ന് മമ്മൂട്ടി പറയുന്നതിന്റെ വീഡിയോയും ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. കാതൽ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ ഒന്നിൽ നായികയായ ജ്യോതികയോട് മൃഗയ സിനിമ കണ്ടിരുന്നോയെന്ന അവതാരകയുടെ ചോദ്യത്തിന് സൂര്യ ഒരിക്കൽ 'മൃഗയ' റീമേക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്ന് മമ്മൂട്ടി പറയുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സൂര്യ അമൽ നീരദുമായി ഒന്നിക്കുന്നത് മൃഗയയുടെ റിമേക്കിനാണെന്നുള്ള റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇതിൽ സ്ഥിരീകരണങ്ങളൊന്നുമില്ല.

Tags:    
News Summary - surya and amal neerad to make remake of mammotty's mrugya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.