തോറ്റുപോയ കോമാളി

തോറ്റുപോയൊരു യുദ്ധത്തിലെ ദുരന്തനായകനായിരുന്നു ആർതർ ഫ്ലക്ക്. പരാജിതനായ കൊമേഡിയൻ, ടോഡ് ഫിലിപ്സിന്റെ സംവിധാനത്തിൻ ഇറങ്ങിയ ജോക്കർ (2019) നിസ്സംശയം കാണേണ്ട ചലച്ചിത്രാനുഭവമാണ്. മനുഷ്യമനസ്സിലെ അസ്വസ്ഥതയുടെ തിരയനക്കങ്ങൾ കൈയടക്കത്തോടെ അടുക്കിവെച്ചൊരു ദൃ​ശ്യവിരുന്നാണീ സിനിമ. കാണികളെ ചിരിപ്പിക്കാനായി വേഷം കെട്ടിയാടുമ്പോഴും സ്വയം ഉരുകിയൊലിച്ച് ഭൂമിയോളം താഴുന്ന പച്ച മനുഷ്യൻ. അമിത സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വേലിയേറ്റങ്ങളെ ഉറക്കെയുള്ള പൊട്ടിച്ചിരികളായി മാറ്റിപ്പണിത ആർതർ. ഇരുട്ടു നിറഞ്ഞ തിയറ്റർ ചതുരങ്ങളിലെ കാണികളിലേക്ക് മുറിവുണങ്ങാത്ത അസ്വസ്ഥത സന്നിവേശിപ്പിക്കാൻ ജോക്കറായി കളം നിറഞ്ഞാടിയ ഹോകിൻ ഫിനക്‌സിന് സംശയലേശമന്യേ കഴിഞ്ഞു. പരിഹാസത്തിന്റെ വക്രിച്ച അശ്ലീലതയിൽ ഒരു വ്യക്തിയെ അധമമായി അടയാളപ്പെടുത്തുന്ന നടപ്പുരീതികളെ ചേർത്തുവെക്കുന്ന ലോകം തന്നെയാണ് ചിത്രത്തിലെ വില്ലൻ. ഒരു കോമിക് സീരീസിലെ സൈക്കോപാത്ത് ആയ വില്ലനപ്പുറം ആരാണ് ജോക്കർ എന്നതിന് ഉത്തരം തേടുകയാണ് ഈ സിനിമ. ഗോഥം നഗരത്തിലെ ഓരോ ദിവസത്തെയും പരിഹാസങ്ങൾക്കിടയിൽ രോഗശയ്യയിലായ അമ്മക്കരികിലേക്ക് നല്ല മകനായി എത്തുന്ന ആർതർ. ഒട്ടും ആവേശമില്ലാതെ അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങൾ വരെ ഒപ്പിയെടുത്ത റിയൽ ആക്ടിങ്.

 

നഗരത്തിലെ കടകൾക്കുമുന്നിൽ കോമാളിയായി വേഷമിട്ട് കാണികളെ ചിരിപ്പിക്കുന്ന ജോലിയാണ് അയാൾ ചെയ്തിരുന്നത്. ഒരു "സ്റ്റാൻഡ് അപ് കൊമേഡിയൻ" ആവുകയാണ് അയാളുടെ ജീവിതാഭിലാഷം. മുഖത്തും ചുണ്ടിലും നെറ്റിയിലും വർണങ്ങൾ തേച്ച്, മുറി​വേറ്റ ഹൃദയവുമായി ആർതർ ചിരിക്കുമ്പോൾ സങ്കടക്കടലിരമ്പുന്നത് ആസ്വാദകന്റെ മനസ്സിലാണ്.

ഹോകിൻ ഫിനക്‌സിനൊപ്പം വിഖ്യാത നടൻ റോബർട്ട് ഡെനീറോ, സ്വാസി ബീറ്റ്സ് എന്നിവരും വേഷമിട്ടിട്ടുണ്ട്. 1929 മുതൽ തുടരുന്ന ഓസ്കർ പുരസ്കാരത്തിൽ ഇത്തവണ ഹോകിൻ ഫിനക്‌സിന്റെ പേര് ഉയർന്നപ്പോൾ ലോസ് ആഞ്ജലസിലെ ഡോൾബി തിയറ്റർ കരഘോഷത്തിലമർന്നു. നേരത്തേ, ബാഫ്ത, അക്കാദമി, ഗ്രാമി അവാർഡുകൾ നേടിയ ഹോകിൻ ഫിനക്‌സിന് മൂന്നു പ്രാവശ്യം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ഓസ്കർ ലഭിച്ചത് സ്വപ്ന സാക്ഷാത്കാരമായി.

ഹോകിൻ ഫിനക്‌സ്

 

ജോക്കർ ചരിത്രം

ലോക സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വില്ലൻ കഥാപാത്രമാണ് ജോക്കർ. 1940 ൽ ഡിറ്റക്ടീവ് കോമിക്‌സ് പുറത്തിറക്കിയ ബാറ്റ്മാൻ എന്ന കോമിക് പുസ്തകത്തിലാണ് ജോക്കർ ആദ്യമായി പുറംലോകത്തെത്തുന്നത്.

1966 ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ സിനിമയിലൂടെ ജോക്കർ സിനിമയിലുമെത്തി. 1989ലെ ബാറ്റ്മാൻ സിനിമയിൽ വിഖ്യാത നടൻ ജാക്ക് നിക്കോൾസനാണ് ജോക്കറായി എത്തിയത്. ലോക സിനിമ ചരിത്രത്തിലെ ​ശ്രദ്ധേയരായ വില്ലന്മാരിൽ ഒരാളായി ആ കഥാപാത്രം അറിയപ്പെട്ടു. 2008 ൽ ദി ഡാർക്ക് നൈറ്റിൽ അകാലത്തിൽ പൊലിഞ്ഞ ഹീത്ത് ലെഡ്ജർ ജോക്കറിനെ അനശ്വരമാക്കി.

Tags:    
News Summary - The loser Joker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.