ലോകത്ത് ഏതെങ്കിലും ഒരു കലക്ക് കൃത്യമായ ജനന തീയതി ഉണ്ടെങ്കിൽ അത് സിനിമക്കാണ്. 1895 ഡിസംബർ 28നാണ് സിനിമ ജനിക്കുന്നത്. പാരീസായിരുന്നു ജനന സ്ഥലം. ലോകത്ത് സിനിമ ഉണ്ടായിട്ട് 125 വർഷമേ ആയിട്ടുള്ളൂ എന്നർഥം. 1903ലാണ് ലക്ഷണമൊത്ത ഒരു സിനിമ ജനിക്കുന്നത്. കൃത്യമായ കഥയും ആക്ഷനും ഡ്രാമയും ഒക്കെയുള്ള ആ സിനിമയുടെ പേര് 'ഗ്രേറ്റ് ട്രെയിൻ റോബറി' എന്നായിരുന്നു. അതൊരു ഗ്യാങ്സ്റ്റർ സിനിമയായിരുന്നു എന്നതും പ്രത്യേകയാണ്. ഗ്യാങ്സ്റ്റർ സിനിമയുടെ ചരിത്രം അന്ന് ആരംഭിച്ചതാണ്. പിന്നീടിങ്ങോട്ട് എത്ര സിനിമകൾ, എത്ര ഗ്യാങ്സ്റ്റർമാർ, എത്ര കൊലകൾ, എത്ര ആയിരം ലിറ്റർ ചോരചിന്തലുകൾ, ലോക സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട് എന്നതിന് കയ്യും കണക്കുമില്ല.
ലോക ഗ്യാങ്സ്റ്റർ സിനിമാ ചരിത്രത്തിനെ രണ്ടായി പകുത്ത ഗോഡ്ഫാദർ സീരീസിലെ ആദ്യ സിനിമ പുറത്തിറങ്ങുന്നത് 1972ലാണ്. ആധുനിക ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ അഗ്രഗണ്യനായി കരുതപ്പെടുന്ന സിറ്റി ഒാഫ് ഗോഡ് ഇറങ്ങുന്നത് 2002ലാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച ഗ്യാങ്സ്റ്റർ സിനിമ മണിരത്നത്തിെൻറ നായകനാണ്. മലയാളം ഗാങ്സ്റ്റർ സിനിമകളുടെ അത്രവലിയ ഭൂമികയല്ല. നമ്മുക്ക് അത്തരം അനുഭവ പരിസരമില്ല എന്നതാണ് കാരണം. മട്ടാഞ്ചേരിയിൽ തുടങ്ങി അവിടെതന്നെ അവസാനിക്കുക എന്നതായിരുന്നു മലയാളം ഗ്യാങ്സ്റ്റർമാരുടെ വിധി.
മലയാളത്തിലെ ലക്ഷണമൊത്തൊരു ഗാങ്സ്റ്റർ സിനിമ 'ബിഗ് ബി'യാണ്. ഇരുപതാം നൂറ്റാണ്ടും സാമ്രാജ്യവും ആര്യനുമൊക്കെ മികവുപുലർത്തുന്നുണ്ടെങ്കിലും ബിഗ് ബി അതിെൻറ മേക്കിങ് കൊണ്ട് കുറച്ച് മുകളിൽ നിൽക്കും. ഇൗ ഭൂമികയിലേക്കാണ് സുലൈമാൻ മാലിക് എന്ന തീരദേശക്കാരൻ ഗ്യാങ്സ്റ്റർ കടന്നുവരുന്നത്. സുലൈമാൻ തേൻറതായ നിലയിൽ മികവുപുലർത്തിയ മനുഷ്യനും കഥാപാത്രവുമാണ്. എന്നാൽ തെൻറ മുൻഗാമികളായ ഇതിഹാസമാനങ്ങളുള്ള കഥാപാത്രങ്ങൾക്കൊപ്പമെത്താൻ മാലികിന് കഴിയുന്നില്ല. അതിന് പ്രധാനകാരണം സിനിമയുടെ അണിയറയിലുള്ള മാസ്റ്റർ ക്രാഫ്റ്റ്മാൻമാരുടെ അഭാവമാണ്.
സിനിമയെന്നത് നമ്മുക്ക് മുന്നിലെത്തുന്ന ചെറിയ സ്പെയ്സിലെ കാഴ്ച്ചകളാണ്. അത് മിഴിവുള്ളതാക്കുക എന്നതാണ് സിനിമ എടുക്കുന്നവരുടെ പ്രാഥമിക കർത്തവ്യം. പുറമേ നാം എന്തെല്ലാം ഒരുക്കിയാലും അതിെൻറ ദൃശ്യത സ്ക്രീനിലെത്തിയില്ലെങ്കിൽ പ്രയത്നം പാഴായിപ്പോകും. മാലികിൽ ഇൗ പ്രശ്നമുണ്ടെന്ന് തോന്നുന്നു. സിനിമക്കായി ഒരുക്കിയ സന്നാഹങ്ങൾ പ്രേക്ഷകരിലെത്തുന്നില്ല എന്നത് വലിയ പ്രശ്നമാണ്. െഎ.വി.ശശിയെ പോലുള്ള ജനപ്രിയ സംവിധായകർ വികസിപ്പിച്ചെടുത്ത കഥപറച്ചിൽ രീതിയാണ് മാലികിൽ കാണാനാകുന്നത്. അത് മോശമെന്നല്ല, പക്ഷെ പുതുമതേടുന്ന പ്രേക്ഷകനെ നിരാശപ്പെടുത്തുന്ന മേക്കിങ് ആണത്.
പുതുമയില്ലാത്ത മാലിക്
ജനനം, വളർച്ച, വാർധക്യം, മരണം എന്നിങ്ങനെ മാലികിെൻറ സമ്പൂർണമായ ജീവിതചക്രം സിനിമയിലുണ്ട്. ഇത് ഗ്യാങ്സ്റ്റർ സിനിമകളുടെ പൊതു ട്രീറ്റ്െമൻറ് രീതിയാണ്. അതിശയകരമായ ജനനം, കുട്ടിക്കാലത്ത് നേരിടേണ്ടിവരുന്ന പൊലീസ്, ഭരണകൂട അതിക്രമങ്ങൾ, അനീതികക്കെതിരായ പോരാട്ടം, സ്നേഹിക്കുന്ന ആളുകളുടെ ദൈന്യതയും വേർപാടും, ചതിക്കപ്പെട്ടുള്ള മരണം എന്നിങ്ങനെ ഗാങ്സ്റ്റർ ചേരുവകളാൽ സമ്പന്നമാണ് മാലിക്. ഇത്തരം ചേരുവകൾ ചേർത്തുവച്ചുതന്നെയാണ് സിനിമ ഉണ്ടാക്കേണ്ടതും.
ഏഴ് സ്വരങ്ങൾകൊണ്ട് തീർക്കുന്ന സംഗീതംപോലെയാണിത്. പക്ഷെ സംഗീതം നല്ലതാകണമെങ്കിൽ ചേർക്കുന്ന സ്വരങ്ങളുടെ അനുപാതവും കണക്കും കൃത്യമായിരിക്കണം. അല്ലെങ്കിൽ വിപ്ലവകരമായിരിക്കണം. എങ്കിലേ ഇതുവരെ കേട്ടതിൽ നിന്ന് മാറിയൊരു സംഗീതമുണ്ടാകൂ. മാലിക് വളരെ സാധാരണമായി തീർത്തൊരു ഗാനംപോലെ നിങ്ങൾക്ക് തോന്നും. അത് നിങ്ങളെ കൊളുത്തിവലിക്കുകയോ ഹൃദയത്തിൽ തൊടുകയോ ചെയ്യുന്നില്ല. ചില പാട്ടുകൾ കേട്ടാൽ, കൊള്ളാം എന്ന് പറയുംപോലെ 'കൊള്ളാം' എന്ന ഒറ്റവാക്കിൽ പറഞ്ഞ് ഒഴിയേണ്ടിവരുന്ന സിനിമയാണിത്. മാസ് ഡയലോഗുകൾ, നിയന്ത്രിത സാഹചര്യങ്ങളിൽ പെരുമാറുന്ന കഥാപാത്രങ്ങൾ, ഗാംഭീര്യമുള്ള ബി.ജെ.എം അപ്രതീക്ഷിതമായ കഥാപാത്ര വളർച്ച തുടങ്ങി പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുന്ന പലതും മാലികിൽ ഇല്ലാതെപോയി.
റമദാപള്ളി എന്ന ബീമാപള്ളി
മാലികിനെപറ്റി പറയുേമ്പാൾ റമദാപള്ളിയെന്ന ബീമാപള്ളിയെ പരാമർശിക്കാതിരിക്കാനാവില്ല. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന എല്ലാ സ്ഥലങ്ങൾക്കുമുള്ള കുപ്രസിദ്ധി ബീമാപള്ളിക്കും ഉണ്ടായിരുന്നു. അവിടെ നിയമവാഴ്ച്ചയില്ല എന്നതായിരുന്നു ഭരണകൂടത്തിെൻറ വലിയ പരാതി. അവിടെ ഒന്ന് കയറണം എന്നതായിരുന്നു അവരുടെ ഏറ്റവുംവലിയ ആഗ്രഹം. ഇൗ ചൊരുക്കിൽ നിന്നാണ് 2009 മെയ് 17ന് അവിടെ വർഗീയ കലാപ സാഹചര്യം സൃഷ്ടിച്ച് ഭരണകൂടം ഇടപെടുന്നത്. 'പാഠം പഠിപ്പിക്കണം' എന്ന ആഗ്രഹത്തോടെയാണ് കേരളംകണ്ട ഏറ്റവവുംവലിയ വെടിവയ്പ്പുകളിലൊന്നിന് അന്ന് പൊലീസ് ബീമാപള്ളിയിൽ നേതൃത്വം നൽകുന്നത്. മാലിക്കിൽ, ബീമാപള്ളിയും ചെറിയതുറയും റമദാപള്ളിയെന്നും പുത്തൻതുറയെന്നുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ ആകാവുന്ന സ്വാതന്ത്ര്യം എടുത്തുതന്നെയാണ് ഇരുദേശങ്ങളുടേയും കഥപറഞ്ഞിരിക്കുന്നത്. ആവശ്യമായ ബാലൻസിങും കഥാപാത്ര വിന്യാസത്തിലെ മാറ്റിമറിക്കലുകളും സിനിമയിൽ ആവോളമുണ്ട്.
ബീമാപ്പള്ളി വെടിവെയ്പ്പ് കാലത്തെ കലക്ടർ മുതൽ മന്ത്രിവരെ പേരുകൾ കൊണ്ട് സിനിമയിൽ മുസ്ലിംകളായിട്ടുണ്ട്. കൊടിയേരി ബാലകൃഷ്ണൻ അബൂബക്കറായും സഞ്ജയ്കുമാർ കൗൾ അൻവർ അലിയായും രൂപാന്തരപ്പെട്ടു. കേരളത്തിലെ പുരോഗമന പക്ഷമെന്ന് അറിയപ്പെടുന്ന ഇടത് സർക്കാരാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവുംവലിയ ഭരണകൂട വേട്ട ന്യൂനപക്ഷത്തിനുനേരേ നടത്തിയത്. അതിെൻറ സൂചനപോലും സിനിമ ഒഴിവാക്കുന്നുണ്ട്. 2009ലെ പൊതുതെരഞ്ഞെടുപ്പ് ഫലം വന്നതിെൻറ പിറ്റേന്നായിരുന്നു ബീമാപള്ളി വെടിവയ്പ്പ്. അന്ന് നാല് സീറ്റുകളിൽ ഒതുങ്ങിയിരുന്നു ഇടതുപക്ഷം. ഇത്തരം അനിവാര്യമായ ചരിത്ര സന്ദർഭങ്ങളും നിങ്ങൾക്ക് സിനിമയിൽ കാണാനാവില്ല. റമദാപള്ളിയിൽനിന്ന് യന്ത്രത്തോക്കുകൊണ്ട് വെടിവയ്പ്പുണ്ടായി എന്ന സ്തോഭജനകമായ വിവരവും സിനിമയിൽ പഞ്ചിനുവേണ്ടി ചേർത്തിട്ടുണ്ട്. എങ്കിലും ബീമാപള്ളിയെന്ന ദേശത്തെ സിനിമ സമ്പൂർണമായി വില്ലനാക്കുന്നില്ല എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്. കാരണം അത് നായകനായ സുലൈമാെൻറ ഹൃദയഭൂമികയാണ്. ഏറ്റുവാങ്ങിയ എല്ലാ അനീതികൾക്കുശേഷവും അത്തരമൊന്നുകൂടി താങ്ങാനാവുമായിരുന്നില്ല ഇൗ കടലോര ഗ്രാമത്തിന്. അതിന് സിനിമയുടെ അണിയറക്കാരോട് നന്ദി പറയണം.
ഫഹദും വിനയ് ഫോർട്ടും നിറഞ്ഞാടുന്നു
അവിശ്വനീയമായ പലതും സിനിമയിൽ വിശ്വസനീയമാക്കുന്നത് അതിൽ അഭിനയിക്കുന്നവരുടെ മികവുകൊണ്ടാണ്. മാലിക്കിൽ സുലൈമാൻ മാലിക്കായത് ഇന്ന് ഇന്ത്യൻ സിനിമയിൽ ലഭ്യമായ ഏറ്റവും മികച്ച നടന്മാരിലൊരാളാണ്. മാലികിനേയും താരതമ്യേന വിശ്വസനീയമാക്കുന്നത് ഫഹദിെൻറ അഭിനയമാണ്. ഏതൊരു നടനും കൊതിക്കുന്ന വേഷമാണ് സുലൈമാൻ മാലികിേൻറത്. സിനിമയിലെ ഏറ്റവും മനോഹരമായ ക്രാഫ്റ്റ് കണ്ടത് ആദ്യ 13 മിനിറ്റിലാണ്. ഒറ്റ ഷോട്ടിൽ സുലൈമാൻ മാലിക്കിെൻറ വർത്തമാനകാലത്തെ മുഴുവനായും സംവിധായകൻ വരച്ചിട്ടിട്ടുണ്ടതിൽ. പിന്നീടീ മികവ് ആവർത്തിക്കാനാവുന്നില്ല. 13 മിനിട്ടിെൻറ അവസാനം ഹജ്ജിന് പോകാനിറങ്ങുന്ന സുലൈമാൻ കൂടിനിൽക്കുന്നവരോട് പറയുന്ന സലാമാണ് മാലിക്കിലെ ഏറ്റവും എപ്പിക്കായ രംഗം.
പിന്നെ എടുത്തുപറയേണ്ടത് വിനയ് ഫോർട്ട് എന്ന നടനെകുറിച്ചാണ്. അയാളെത്ര വിശ്വസനീയമായാണ് അഭിനയിക്കുന്നത്. മാലിക്കിൽ അത് പരമകോടിയിലെത്തുന്നുണ്ട്. ഫഹദിെൻറ സുലൈമാനോടൊപ്പം സഞ്ചരിക്കുന്ന കഥാപാത്രമാണ് വിനയിെൻറ ഡേവിഡ് ക്രിസ്തുദാസ്. അയാൾക്കും കൗമാരവും യൗവ്വനവും വാർധക്യവുമുണ്ട്. ഒന്നിനൊന്ന് മെച്ചമാണ് വിനയ് ഇൗ കാലഘട്ടങ്ങൾക്ക് കൊടുത്തിരിക്കുന്ന ശരീരഭാഷ്യങ്ങൾ. റോസ്ലിൻ ആയ നിമിഷ സജയൻ പതിവിൽനിന്ന് ഉയർന്ന് ഒന്നും ചെയ്തതായി തോന്നുന്നില്ല. യുവതിയായ റോസ്ലിനേക്കാൾ പതിൻമടങ്ങ് വിശ്വസനീയമായാണ് വാർധക്യത്തിലെത്തിയ റോസ്ലിൻ പെരുമാറുന്നത്. ദിലീഷ് പോത്തനും, ഇന്ദ്രൻസും, ജോജുജോർജും, സലീംകുമാറുമൊക്കെ സിനിമയിൽ കഥാപാത്രങ്ങളാകുന്നുണ്ട്. പഴയകാല നായിക ജലജ സുലൈമാെൻറ ഉമ്മയായ ജമീലയായി മലയാളത്തിലേക്ക് മടങ്ങിവന്നതും മാലികിെൻറ പ്രത്യേകതയാണ്. 'തീരമേ' എന്ന സുഷിൻ ശ്യാം ഒരുക്കിയ പാട്ട് ഹൃദയത്തിൽതൊടും.
വ്യക്തിത്വം കുറഞ്ഞ കഥാപാത്രങ്ങൾ
സിനിമയെന്ന നിലയിൽ മാലിക് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കഥാപാത്രങ്ങളുടെ വ്യക്തിത്വമില്ലായ്മയാണ്. ഇതിഹാസ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത വന്നുപോകുന്നവരെയെല്ലാം നാം ഒാർത്തിരിക്കും എന്നതാണ്. അവർെക്കല്ലാം ചെയ്യാനും പറയാനും സിനിമയിൽ എന്തെങ്കിലും ഉണ്ടാകും. അപ്പോകാലിപ്റ്റോ എന്ന മെൽഗിബ്സൺ സിനിമ എടുത്തുനോക്കൂ. നൂറുകണക്കിന് കഥാപാത്രങ്ങൾ അതിലുണ്ട്. പക്ഷെ ആരേയും മറക്കാനാവാത്തവിധം അടയാളപ്പെടുത്താൻ സംവിധായകനാവുന്നുണ്ട്. മാലികിലാകെട്ട ആദ്യാവസാനമുള്ള ചില കഥാപാത്രങ്ങൾപോലും തിരശ്ശീലക്കുള്ളിലായിപ്പോകുന്നുണ്ട്. അവരുടെ അസ്ഥിത്വമോ വ്യക്തമായി സിനിമ പറയുന്നില്ല. ഇത്തരം ജങ്ക് കഥാപാത്രങ്ങളാൽ സമ്പന്നമാണ് മാലിക്.
മാലികിലെ ഫ്ലാഷ്ബാക്കുകളും വേണ്ടത്ര പ്രയോജനം ചെയ്യുന്നുണ്ടായിരുന്നില്ല. കുറേക്കൂടി ലീനിയർ ആയി കഥപറഞ്ഞിരുന്നെങ്കിൽ ആസ്വാദന നിലവാരം ഉയരുമായിരുന്നു. ക്ലൈമാക്സിലെത്തുേമ്പാൾ ചില ക്ലാസിക് സിനിമകളെ അനുകരിക്കുന്നുണ്ട് മാലിക്. നായകനിൽ വേലുനായ്ക്കർ കൊല്ലപ്പെടുന്ന രീതിയേക്കാൾ സാമ്യം ഒരുപക്ഷെ സിറ്റി ഒാഫ് ഗോഡിലെ ക്ലൈമാക്സുമായി മാലികിനുണ്ട്. കൊലാറ്ററൽ ഡാമേജ് അഥവാ പാർശ്വ നഷ്ടം എന്ന് നാം ജീവിതത്തിൽ കരുതുന്ന നിമിഷങ്ങൾ ചിലപ്പോൾ നമ്മുടെ മുന്നിൽ വിനാശകരമായി തീരാറുണ്ട്. മാലികിലും അതുതന്നെയാണ് സംഭവിക്കുന്നത്.
രാജ്യത്ത് ഭരണകൂടത്തിനാൽ പൈശാചികവത്കരിക്കപ്പെട്ടുവരുന്ന ഒരു സമൂഹത്തിലെ അംഗത്തെ നായകനാക്കുന്ന സിനിമയെന്ന നിലയിൽ മാലിക് ശ്രദ്ധേയമാണ്. അതിലും വലുതാണ് കുപ്രസിദ്ധി മാത്രമുള്ള ഒരു ദേശത്തെ അടയാളപ്പെടുത്തുക എന്നത്. വിട്ടുവീഴ്ച്ചയോടെയാണെങ്കിലും അത് അവതരിപ്പിച്ച മാലികിെൻറ അണിയറക്കാർക്ക് അഭിനന്ദനങ്ങൾ. സിനിമയെന്ന നിലയിൽ ഇനിയും മെച്ചപ്പെടാമായിരുന്ന ഒന്നുകൂടിയാണ് മാലിക്. പുതിയൊരു ആഖ്യാനഭാഷ്യത്തിന് ശ്രമിക്കാതെ പലയിടത്തുനിന്ന് പെറുക്കിക്കൂട്ടിയ ശ്ലഥബിംബങ്ങളുടെ സമാഹാരമായി സിനിമ ഒരുക്കിയതാണ് സംവിധായകന് പറ്റിയ പ്രധാന പാളിച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.