'പക, പ്രണയം, നിഗൂഢത, പ്രതികാരം'; സ്ക്രീനിൽ മാജിക് സൃഷ്ടിച്ച് മണിരത്നം, പൊന്നിയിൻ സെൽവൻ റിവ്യൂ

മിഴ് ജനതയുടെ ചരിത്രത്തിന്റെ ഭാഗമാണ് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍. ചോള രാജവംശത്തിന്റെ ചരിത്രം ഫിക്ഷനില്‍ ചാലിച്ചാണ് കല്‍ക്കി പൊന്നിയിന്‍ സെല്‍വന്‍ എഴുതിയത്. ബൃഹത്തായ നോവലിനെ രണ്ട് ഭാഗങ്ങളിലായി തിരശ്ശീലയിലെത്തിക്കുകയെന്ന അല്‍പം ശ്രമകരമായ ദൗത്യമാണ് മണിരത്‌നമെന്ന സംവിധായകന്‍ ഏറ്റെടുത്തത്.

മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള പൊന്നിയിന്‍ സെല്‍വന്‍ അല്ലെങ്കില്‍ പി.എസ്-1 കണ്ട് തിയറ്ററില്‍നിന്നും ഇറങ്ങുമ്പോള്‍ നോവല്‍ പിഴവുകളൊന്നുമില്ലാതെ സെല്ലുലോയിഡിലേക്ക് പകര്‍ത്തുന്നതില്‍ മണരത്‌നമെന്ന ക്രാഫ്റ്റ്‌സ്മാന്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ച് പറയാനാകും. ചരിത്ര സംഭവങ്ങളും നോവലുകളും സിനിമയാക്കുമ്പോള്‍ ചെറിയൊരു പിഴവ് മതി മൊത്തത്തില്‍ അത് പാളിപോകാന്‍. തമിഴ് സംസ്‌കാരത്തോട് അത്രമേല്‍ അഭ്യേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന പൊന്നിയിന്‍ സെല്‍വനും ചോള രാജവംശത്തിന്റെ ചരിത്രവും സിനിമയാക്കുമ്പോള്‍ സൂഷ്മമായി ഓരോ സീനും ചിത്രീകരിക്കണം. ഈ സൂക്ഷ്മത സിനിമയില്‍ സംവിധായകന്‍ പൂര്‍ണമായും പുലര്‍ത്തിയിട്ടുണ്ട്.


ചരിത്ര-ഇതിഹാസ സിനിമകളാണ് ഇന്ത്യയിലെ അടുത്തകാലത്തായുള്ള ട്രെന്‍ഡ്. ബാഹുബലി ജോണറിലുള്ള നിരവധി സിനിമകളാണ് ഇന്ത്യയിലെ വിവിധ ഭാഷകളിലായി പുറത്തിറങ്ങിയത്. ചടുലമായ രംഗങ്ങളും നെടുനീളന്‍ ഡയലോഗുകളുമുള്ള ഈ സിനിമകളില്‍ പലതും ആളുകളെ നന്നായി രസിപ്പിക്കുകയും ചെയ്തു. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പൊന്നിയിന്‍ സെല്‍വന്‍.

പൊന്നിയിന്‍ സെല്‍വന്‍ ഒരു ക്ലാസ് പടമെന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. ഗിമ്മിക്കുകളൊന്നുമില്ലാതെ നോവലിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നൊരു കലാസൃഷ്ടി. ഇന്ത്യയില്‍ ഇന്ന് ലഭ്യമാവുന്നതില്‍ ഏറ്റവും മികച്ച താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് പൊന്നിയിന്‍ സെല്‍വനായി മണിരത്‌നം കൂടെക്കൂട്ടിയത്. ഒരു ബ്രഹ്‌മാണ്ഡ ചിത്രമൊരുക്കാനുള്ള ചേരുവകളെല്ലാം മണിരത്‌നത്തിന്റെ കൈവശമുണ്ടായിരുന്നു. എന്നിട്ടും അതിന് അദ്ദേഹം മുതിര്‍ന്നില്ലെന്നതാണ് പൊന്നിയിന്‍ സെല്‍വത്തെ കാണികളുടെ കൈയടിക്കും അപ്പുറത്തേക്ക് നിരൂപക പ്രശംസ കൂടി ലഭിക്കുന്ന ചിത്രമാക്കി മാറ്റുന്നത്.


ചോള സാമ്രജ്യമാണ് പൊന്നിയിന്‍ സെല്‍വന്റെ പ്രതിപാദ്യവിഷയം. ചോള രാജ്യത്തിലെ ചക്രവര്‍ത്തിയായ സുന്ദര ചോളന്‍ മക്കള്‍ ആദിത്യ കരികാലന്‍, കുന്ദാവി, ഇളയ മകന്‍ അരുള്‍ മൊഴി വര്‍മന്‍ എന്നിവരിലൂടെയാണ് ചിത്രം കഥ പറയുന്നത്. ചോളരാജ്യത്തെ ആഭ്യന്തര തര്‍ക്കങ്ങളും പുറത്ത് നിന്നും അവരെ ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ശത്രുക്കളും ചേര്‍ന്നതാണ് പൊന്നിയിന്‍ സെല്‍വന്റെ പ്ലോട്ട്. ചടുലതയോടെ തുടങ്ങി അതേ വേഗത്തില്‍ മുന്നേറുന്ന അവതരണ രീതിയല്ല ചിത്രത്തിന്റേത്. റിയലസ്റ്റിക് മൂഡില്‍ കഥ പറഞ്ഞ് പോവുകയാണ് മണിരത്‌നം ചെയ്യുന്നത്. പക്ഷേ ഈ കഥപറച്ചില്‍ രീതി പ്രേക്ഷകനെ ഒരിക്കലും മുഷിപ്പിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സിനിമയുടെ അവസാന അരമണിക്കൂര്‍ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാനും മണിരത്‌നത്തിന് കഴിഞ്ഞിട്ടുണ്ട്. അവസാനം ചെറു സസ്‌പെന്‍സ് കൂടി ഒളിപ്പിച്ചുവെച്ചാണ് മണിരത്‌നം സിനിമയുടെ ഒന്നാംഭാഗം അവസാനിപ്പിക്കുന്നത്.


സിനിമ ഒരുക്കുന്നതില്‍ വിജയിച്ചത് പോലെ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലും മണിരത്‌നത്തിന് പിഴച്ചില്ല. സ്‌ക്രീനിലെ സാന്നിധ്യം കുറവാണെങ്കില്‍ ആര്‍ക്കും വഴങ്ങാത്ത തന്റേടിയായ യുദ്ധവീരന്‍ കരികാലനായുള്ള വിക്രമിന്റെ പകര്‍ന്നാട്ടം അതിമനോഹരമാണ്. ഈയടുത്ത കാലത്ത് വിക്രമിന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും കരികാലന്‍. ഇതിന്റെ നേര്‍വിപരീതമാണ് ജയം രവിയുടെ അരുള്‍ മൊഴി വര്‍മ്മന്‍. വീരനാണെങ്കിലും സൗമ്യമായാണ് അരുള്‍ മൊഴി വര്‍മ്മന്റെ ഇടപെടലുകള്‍. യുദ്ധത്തിന്റെ വീറും വാശിയും ഉള്ളപ്പോള്‍ തന്നെ പെരുമാറ്റത്തില്‍ സൗമ്യതയുള്ള ജയംരവി കഥാപാത്രം സിനിമയോട് പൂര്‍ണമായും നീതിപുലര്‍ത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ഒരു രാജവംശത്തെയാകെ നിയന്ത്രിക്കാന്‍ കഴിയുന്ന പെണ്‍കരുത്താണ് തൃഷയുടെ കുന്ദവി. തന്റെ വശ്യമായ സൗന്ദര്യത്തിനൊപ്പം ഒളിപ്പിച്ചുവെച്ച നിഗൂഢ തന്ത്രങ്ങളുമായി കുന്ദവി ആരുടേയും ശ്രദ്ധയാകര്‍ഷിക്കും. സിനിമയിലെ ഏറ്റവും മനോഹരമായ കഥാപാത്രമാരെന്ന ചോദ്യത്തിന് അത് ഐശ്വര്യറായിയുടെ നന്ദിനി ആണെന്ന് പറയേണ്ടി വരും. പക, പ്രണയം, നിഗൂഢത ഇത് മൂന്നും ചേര്‍ന്നതാണ് ഐശ്വര്യയുടെ കഥാപാത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലേക്കുള്ള തിരിച്ചുവരവ് ഐശ്വര്യ മനോഹരമാക്കിയിട്ടുണ്ട്.


വീരവൈഷ്ണവ ബ്രാഹ്‌മണനായ ആഴ്വാര്‍കടിയാന്‍ നമ്പിയായുള്ള ജയറാമിന്റെ പ്രകടനവും മികച്ചതാണ്. ഇടക്കെപ്പോഴോ കൈമോശം വന്ന തന്റെ അനായാസമായ അഭിനയപാടവും പൊന്നിയന്‍ സെല്‍വത്തില്‍ ജയറാം തിരിച്ചുപിടിക്കുന്നുണ്ട്. പഴുവെട്ടരയ്യര്‍ സഹോദരങ്ങളായി എത്തിയ ശരത്കുമാറും പാര്‍ഥിപനും പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മി, മധുരാന്തകനായി റഹ്‌മാന്‍ എന്നിവരും മികച്ച പ്രകടനം നടത്തി. ബാബു ആന്റണി, ലാല്‍, നാസര്‍ എന്നിവരും കഥാപാത്രത്തോട് നീതിപുലര്‍ത്തി. എ.ആര്‍ റഹ്‌മാന്റെ മനോഹര സംഗീതത്തിനും രവി വര്‍മ്മന്റെ ഫ്രെയിമുകള്‍ക്കും കൂടി അവകാശപ്പെട്ടതാണ് പൊന്നിയിന്‍ സെല്‍വത്തിന്റെ കൈയടി.

സിനിമയുടെ ചേരുവകളെല്ലാം സമര്‍ഥമായി സംയോജിപ്പിച്ച് മനോഹരമായ ചലച്ചിത്രകാവ്യങ്ങളൊരുക്കുന്നതില്‍ മണിരത്‌നത്തിനുള്ള കൈയടക്കം പൊന്നിയിന്‍ സെല്‍വനിലും കൈമോശം വന്നിട്ടില്ല. എല്ലാ ചേരുവകളും മനോഹരമായി തന്നെ അദ്ദേഹം ചേര്‍ത്തുവെച്ചു. കല്‍ക്കിയുടെ നോവലിനോട് പൂര്‍ണമായും നീതിപുലര്‍ത്തി തന്നെയാണ് കലാസൃഷ്ടി. ആദ്യഭാഗം അവസാനിക്കുമ്പോള്‍ തിരശ്ശീലയിലെത്താനുള്ള രണ്ടാം ഭാഗത്തിലെന്താണെന്ന ചോദ്യം പ്രേക്ഷകന്റെ മനസില്‍ ഉയര്‍ത്താന്‍ മണിരത്‌നത്തിന് കഴിഞ്ഞിട്ടുണ്ട്. തമിഴ് സംസ്‌കാരത്തേയും ചരിത്രത്തേയും പ്രതിപാദ്യമാക്കിയുള്ള ഒരു ക്ലാസിക് ചിത്രം കാണാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.

Tags:    
News Summary - Mani Ratnam Movie Ponniyin Selvan Malayalam Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.