Aboobacker keeper of old cassettes

അബൂബക്കർ കാസറ്റ്​ ശേഖരത്തിന്​ സമീപം

അബൂബക്കർ, പഴയ കാസറ്റുകളുടെ കാവൽക്കാരൻ

ആലുവ: പഴയകാല മാപ്പിള ഗാനങ്ങളടക്കമുള്ള കാസറ്റുകളും റെക്കോഡ് പ്ലയറുകളും പുതുതലമുറക്ക് അന്യമാകരുതെന്ന കാഴ്ചപ്പാടിലാണ് പാട്ടുകളെ സ്നേഹിക്കുന്ന അബൂബക്കർ ആലുവ. അതിനാൽ കാലങ്ങളായി അവ സംരക്ഷിച്ചുവരുകയാണ് അദ്ദേഹം. ആദ്യകാല സിനിമകളുടെയും മാപ്പിളപ്പാട്ടുകളുടെയും ഗസലുകളുടെയും ശേഖരങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ഗാനരചയിതാക്കളുടെയോ സംവിധായകരുടെയോ കൈയിലില്ലാത്ത കാസറ്റുകളടക്കം അദ്ദേഹത്തിന്‍റെ പക്കലുണ്ട്.

ആധുനിക സംവിധാനങ്ങൾ നിലവിൽ വന്നതോടെ ടേപ് റെക്കോഡുകളും ഓഡിയോ കാസറ്റുകളും ആളുകൾ ഉപേക്ഷിച്ചുകഴിഞ്ഞു. ഇതോടെയാണ് ഇവ ശേഖരിച്ചുതുടങ്ങിയത്. ഇങ്ങനെ ശേഖരിക്കുന്നവ സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെ എം.പി-ത്രി രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ അമ്പതിനായിരത്തോളം മാപ്പിളപ്പാട്ടുകളുടെയും സിനിമ ഗാനങ്ങളുടെയും ശേഖരം അബൂബക്കറിന്‍റെ കൈവശമുണ്ട്. കൂടാതെ മലയാളം, ഹിന്ദി, തമിഴ് സിനിമ ഗാനങ്ങളും ശേഖരത്തിലുണ്ട്. കേരളത്തിനകത്തും പുറത്തുമായി നിരവധിപേർ കാസറ്റുകൾ അബൂബക്കറിന് കൈമാറിയിട്ടുണ്ട്. പാട്ടുകൾ ഇഷ്ടപ്പെടുന്നവരും ഗവേഷകരും ഉൾപ്പെടെ നിരവധിപേരാണ് ഇദ്ദേഹത്തെതേടി എത്തുന്നത്. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ അടക്കം നിരവധി പ്രമുഖർ കാസറ്റ് ശേഖരം കാണാനും പാട്ടുകൾ ആസ്വദിക്കാനുമായി അബൂബക്കറിന്‍റെ കുട്ടമശ്ശേരിയിലുള്ള വസതിയിൽ എത്തിയിരുന്നു. വാട്സ്ആപ് വഴിയും പഴയ പാട്ടുകൾ കൈമാറുന്നുണ്ട്. ചാവക്കാട് റഹ്മാൻ, ഐഷാബീഗം, കെ.സി. അബൂബക്കർ, കെ.സി. മൊയ്തീൻ, മൈമൂന, എ.വി. മുഹമ്മദ്കുട്ടി, ആബിദ റഹ്മാൻ, പീർ മുഹമ്മദ്, ഇരഞ്ഞോളി മൂസ, റംലാബീഗം, ഫാരിഷാഖാൻ, വിളയിൽ ഫസീല, ലൈല റസാഖ്, ഇബ്രാഹിം വേളം, യേശുദാസ്, കുഞ്ഞിമൂസ, സിബല്ല സദാനന്ദൻ, ഇന്ദിര ജോയി, സതീഷ് ബാബു, വി.എം. കുട്ടി തുടങ്ങിയ ഗായകരുടെയടക്കം മാപ്പിളപ്പാട്ടുകൾ അബൂബക്കറിന്‍റെ ശേഖരത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ജഗനാര, യഖീദ, ഇൻസാഫ്, ഖർബല തുടങ്ങിയ പേരുകളിൽ ഇറങ്ങിയ അക്കാലങ്ങളിൽ ഹിറ്റായ മാപ്പിളപ്പാട്ടുകൾ സംഗീത സംവിധായകരുടെയോ ഗായകരുടെയോ പക്കൽനിന്ന് നഷ്ടപ്പെട്ടെങ്കിലും അബൂബക്കറിന്‍റെ പക്കൽ അതെല്ലാം ഭദ്രമാണ്. കാസറ്റുകൾ കൂടാതെ റെക്കോഡ് പ്ലയറുകളിൽ ഉപയോഗിക്കുന്ന റെക്കോഡുകൾ, സ്പ്യൂളുകൾ, വിവിധ തരത്തിലുള്ള റെക്കോഡ് പ്ലയറുകൾ, സ്പ്യൂൾ പ്ലയറുകൾ, ആദ്യകാലങ്ങളിലെ വാൽവ് ആംബുകൾ, വിവിധ തരത്തിലുള്ള കാസറ്റ് പ്ലയറുകൾ, സ്പീക്കറുകൾ തുടങ്ങിയവയും അബൂബക്കറിന്‍റെ ശേഖരത്തിലുണ്ട്.

ആലുവ കുട്ടമശ്ശേരി സ്വദേശിയായ അബൂബക്കർ കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറാണ്. ഷഹനയാണ് ഭാര്യ. വിദ്യാർഥിനികളായ ഫിദ ഫാത്തിമ, നിഹാല പർവീൻ എന്നിവർ മക്കളാണ്. 26,000ത്തോളം മാപ്പിളപ്പാട്ടുകൾ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമിക്ക് അബൂബക്കർ നൽകിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും തേടിയെത്തി. മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡും കോഴിക്കോട് തനത് മാപ്പിള കലാസാഹിത്യ വേദി ഏർപ്പെടുത്തിയ പ്രഥമ ഇഖ്ബാൽ കോപ്പിലാൻ അവാർഡും പാട്ട് ബാങ്ക് എന്നപേരിൽ അറിയപ്പെടുന്ന അബൂബക്കർ ആലുവക്ക് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Aboobacker, keeper of old cassettes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.