തിരൂർ: ഇശൽസന്ധ്യകൾക്ക് തീരശ്ശീലയിട്ട് തിരൂരിന്റെ വാനമ്പാടി അസ്മ കൂട്ടായി അരങ്ങൊഴിയുമ്പോൾ ബാക്കിയാകുന്നത് ആ നാദസൗന്ദര്യം.
ഗൾഫിലുൾപ്പെടെ ആസ്വാദകരുടെ മനംകവർന്നാണ് നാലര പതിറ്റാണ്ട് കാലത്തെ സംഗീതവിരുന്നിന് ശേഷം പ്രിയഗായിക വിട ചൊല്ലുന്നത്. കലാകാരൻമാരായിരുന്ന മാതാപിതാക്കളുടെ വഴിയിൽ അഞ്ചാം വയസ്സിലാണ് അസ്മ പൊതുവേദിയിൽ പാടിത്തുടങ്ങിയത്. ഗായകനും തബലിസ്റ്റുമായ പിതാവ് ചാവക്കാട് കാദർ ഭായിക്കൊപ്പമായിരുന്നു അരങ്ങേറ്റം. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. മാതൃസഹോദരങ്ങളും സംഗീതജ്ഞരുമായിരുന്ന കെ.എം. ബാപ്പുട്ടി, കെ.എം. ബാവുട്ടി, കെ.എം. മുഹമ്മദ് കുട്ടി, കെ.എം. സുബൈദ, കെ.എം. അബൂബക്കർ എന്നിവർക്ക് ലഭിച്ച വേദികളിലും അസ്മ ആസ്വാദകമനം കവർന്നു. ഉമ്മയുടെ അനുജത്തിയും ഹാര്‍മോണിസ്റ്റുമായ കെ.എം. സുബൈദയുടെ ശിഷ്യയായിരുന്ന അസ്മ, തബലിസ്റ്റ് മുഹമ്മദലിയുടെ ജീവിതപങ്കാളിയായതോടെ സംഗീതലോകത്ത് കൂടുതൽ സജീവമായി. മിക്ക ഗൾഫ് രാജ്യങ്ങളിലും മാപ്പിളപ്പാട്ടിന്റെ ഇശലുമായെത്തി. സിനിമകളിലും പാടി. ‘അക്ബർ വോയ്സ്’ എന്ന ട്രൂപ്പിലെ പ്രധാന ഗായികയായിരുന്നു.
പിതാവ് ചാവക്കാട് സ്വദേശിയായിരുന്നെങ്കിലും അസ്മ ജനിച്ചതും പഠിച്ചതും വളര്‍ന്നതും മാതാവിന്റെ നാടായ തിരൂര്‍ കൂട്ടായിയിലായിരുന്നു. പിതാവ് കാദര്‍ പ്രഫഷനല്‍ തബലിസ്റ്റായതിനാല് മിക്ക ട്രൂപ്പുകളിലും തബല വായിച്ചു. ഇതിനാല്‍ പ്രശസ്തഗായകരായ കെ.ടി. മുഹമ്മദ് കുട്ടി തിരൂരങ്ങാടി, എ.വി. മുഹമ്മദ്, കെ.ജി. സത്താര്‍, ഖമറുദ്ദീന് പൊന്നാനി, ബന്ധു കൂടിയായ റഹ്മാന് ചാവക്കാട്, ഹംസ രണ്ടത്താണി, പള്ളിക്കല്‍ മൊയ്തീന് തുടങ്ങി നിരവധി ഗായകരൊത്തും ട്രൂപ്പുകളൊത്തും പാടാന്‍ അസ്മക്ക് അവസരം ലഭിച്ചു. മകന് ഷഹിനാസ് തബല വായിക്കുകയും പാടുകയും ചെയ്യും. പാട്ടുകാരിയായ മകള്‍ ഷംനയും ഉമ്മയുടെ പാതയില്‍ തന്നെ.
ഭർത്താവിനൊപ്പമുള്ള അസ്മയുടെ ഖത്തര്‍ ജീവിതവും സംഗീതജീവിതത്തിൽ വഴിത്തിരിവായി. ഖത്തറില്‍ നടക്കുന്ന കലാ, സാംസ്കാരിക, ഗാനമേള പരിപാടികളിൽ നിറസാന്നിധ്യമായി. ജയചന്ദ്രന്, മാര്‍ക്കോസ്, മധു ബാലകൃഷ്ണന്, വിധുപ്രതാപ് തുടങ്ങിയവരുടെ കൂടെ പരിപാടികളിൽ പങ്കെടുത്തു. വി.എം. കുട്ടി, പീര്‍ മുഹമ്മദ്, മൂസ എരഞ്ഞോളി തുടങ്ങിയ നിരവധി കലാകാരന്മാർക്കൊപ്പം ഖത്തറിലും യു.എ.ഇയിലും അസ്മ സംഗീതവിരുന്നൊരുക്കി. സംഗീതജീവിതത്തിൽ 40 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തിരൂരിൽ ‘ഇശല്‍ മഹോത്സവം’ എന്ന പേരില്‍ ആദരം നൽകിയിരുന്നു. കേരള മാപ്പിളകല അക്കാദമി തിരൂർ ചാപ്റ്റർ വൈസ് പ്രസിഡന്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.