കൊച്ചി: പ്രമുഖ സിനിമ, നാടക പിന്നണി ഗായകൻ തോപ്പിൽ ആേൻറാ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശനിയാഴ്ച വൈകീട്ട് ആറരയോടെ ഇടപ്പള്ളി ടോളിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇടപ്പള്ളി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
ചവിട്ടുനാടക കലാകാരനായിരുന്ന തോപ്പില്‍ കുഞ്ഞാപ്പുവിെൻറയും ഏലിയാമ്മയുടെയും മൂന്നുമക്കളില്‍ രണ്ടാമനായി 1940 ജൂൺ ആറിന് ഇടപ്പള്ളിയിലാണ് ജനനം. 15ാം വയസ്സിൽ ഇടപ്പള്ളിയിലെ സംഗീത ക്ലബിെൻറ ഗാനമേളയിൽ പങ്കെടുത്ത ആേൻറാ മുഹമ്മദ് റഫിയുടെ പാട്ടുകള്‍ അവതരിപ്പിക്കുന്നതിൽ മികവുകാട്ടി.
1956-'57 കാലഘട്ടത്തിലാണ് ആേൻറാ നാടക പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. എൻ.എൻ. പിള്ളയുടെ നാഷനല്‍ തിയറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കായംകുളം പീപ്പിള്‍സ് തിയറ്റേഴ്സ്, കൊച്ചിന്‍ സംഘമിത്ര തുടങ്ങി പ്രശസ്ത നാടക സമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആേൻറാ ആയിരത്തോളം നാടകങ്ങൾക്ക് പാടി. 'ഫാദർ ഡാമിയൻ' ആണ് ആദ്യം പാടിയ സിനിമ. റാഗിങ്, അനുഭവങ്ങളേ നന്ദി, വീണപൂവ്, ലജ്ജാവതി, സ്നേഹം ഒരു പ്രവാഹം, ഹണീ ബി ടു എന്നീ സിനിമകളിലും പാടി. 1988ൽ യുവഗായകരെ പ്രോത്സാഹിപ്പിക്കാൻ 'കൊച്ചിൻ ബാർഡോർ മ്യൂസിക് ട്രൂപ്' എന്ന കൂട്ടായ്മ സ്വന്തമായി സംഘടിപ്പിച്ചു. ഒട്ടേറെ പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.
ഭാര്യ: പരേതയായ ത്രേസ്യ പൈനാടത്ത്. മക്കൾ: മെറ്റിൽഡ, ആൻറി ജോർജ് (പ്രേംസാഗർ), ഗ്ലാൻസിൻ, മേരിദാസ്. മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ, ജോളി, ലീന, ബെറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.