1922ൽ ഈജിപ്തിൽ എൺപതിനായിരത്തോളം ജൂതന്മാരുണ്ടായിരുന്നു. തുർക്കി, മൊറോക്കോ എന്നിവിടങ്ങളിലെന്നപോലെ, സ്പെയിനിലെ മുസ്ലിം ഭരണപതനാനന്തരം ഫെർഡിനാന്റ് രാജകുമാരൻ ഭരണത്തിലേറിയതോടെ പുറത്താക്കപ്പെട്ട യഹൂദരാണ് ആദ്യമായി ഈജിപ്തിൽ കുടിയേറിയവർ. അക്കാലത്ത് ക്രൈസ്തവ പീഡനത്തിനിരയായ ജൂതന്മാർക്ക് അഭയം നൽകിയത് മുസ്ലിം രാജ്യങ്ങളായിരുന്നു. അഭയാർഥികളായെത്തിയ സ്പാനിഷ് ജൂതന്മാരെ സൗഹാർദഹസ്തം നീട്ടി സ്വീകരിച്ച മൊറോക്കോയുടെ കഥ ‘വേലി ചാടുന്ന പെൺകിനാക്കളിൽ’ ഫെമിനിസ്റ്റ് എഴുത്തുകാരി ഫാത്തിമ മർനീസി പരാമർശിക്കുന്നുണ്ട്.
തുർക്കിയിൽ തങ്ങൾ സ്വാഗതം ചെയ്യപ്പെട്ട ദിനത്തിന്റെ വാർഷിക അനുസ്മരണവും പിൽക്കാലത്ത് ഇസ്രയേലിലടക്കമുള്ള ജൂതന്മാർ നടത്താറുണ്ടായിരുന്നു. അത്തരമൊരു അനുസ്മരണത്തിന്റെ റിപ്പോർട്ട് മുംബൈയിലെ ഇസ്രായേലി കോൺസുലേറ്റ് (ഇന്ത്യ ഇസ്രായേലിനെ അംഗീകരിക്കുന്നതിന് മുമ്പും കോൺസുലേറ്റ് ബന്ധങ്ങളുണ്ടായിരുന്നു) എഴുപതുകളിൽ പ്രസിദ്ധീകരിച്ചിരുന്ന ന്യൂസ് ഫ്രം ഇസ്രായേലിൽ വായിച്ചതോർക്കുന്നു. ഇസ്രായേൽ സ്ഥാപിതമാകുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലടക്കം യഹൂദന്മാർ സമാധാനപൂർവം ജീവിച്ചുപോന്നിരുന്നു. സിനഗോഗും പ്രത്യേക ശ്മശാനവുമൊക്കെ അവർക്ക് അവിടെ ഉണ്ടായിരുന്നു. മനാമയുടെ മധ്യേ സഅ്സഅ റോഡിൽ ശ്മശാനത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. യഹൂദ കമ്യൂണിറ്റി നേതാവ് ഇബ്രാഹിം നൂനു ബഹ്റൈൻ പാർലമെന്റ് അംഗമായിരുന്നു. യു.എസ് നയതന്ത്ര പ്രതിനിധിയായി നിയമിക്കപ്പെട്ട ഹുദാ എസ്രാ ഇബ്രാഹീമും ഒരു ജൂത വനിതയായിരുന്നു. ഇസ്ലാം ആശ്ലേഷിച്ച മസ്ഊദ ഷാവോലിന്റെ കഥ ബഹ്റൈനിൽ പ്രസിദ്ധമാണ്. അവരെ മാതാപിതാക്കളുടെ സമ്മതത്തോടുകൂടി ബഹ്റൈൻ രാജാവ് ഹമദ്ബ്നു ഈസ സ്വന്തം കുടുംബത്തിലേക്ക് ചേർത്തുപിടിക്കുകയായിരുന്നു.
പലരും ഇസ്രായേലിലേക്ക് കുടിയേറിയെങ്കിലും ഇപ്പോഴും മുപ്പതോളം യഹൂദർ ബഹ്റൈനിൽ തന്നെ തുടരുന്നുണ്ട്. ഇതുതന്നെയാണ് ഈജിപ്തിലെയും അവസ്ഥ. 1922ൽ എൺപതിനായിരത്തോളം ഉണ്ടായിരുന്ന ജൂതജനസംഖ്യ 2004ലോടെ നൂറിൽ താഴെയായി ചുരുങ്ങി. ഇസ്രായേലിൽ മന്നായും സൽവായും തേടിപ്പോയവരായിരുന്നു അവരിൽ ഏറെപേരും. എന്നാൽ, ഇസ്രായേലിന്റെ വലിയ പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമുണ്ടായിട്ടും സ്വന്തം ദേശീയതയോട് പ്രതിബദ്ധത പുലർത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഇസ്രായേലിലേക്കുള്ള ജൂത കുടിയേറ്റം ത്വരിതമാക്കിയ ഒരു ഘടകമായിരുന്നു 1954ലെ ‘സൂസന്നാ’ ഓപറേഷൻ. സൂയസ് കനാലിൽനിന്ന് ബ്രിട്ടീഷ് സേന പിൻവാങ്ങാൻ തീരുമാനിച്ച സമയമായിരുന്നു അത്. ആ തീരുമാനം പുനഃപരിശോധിപ്പിക്കാനായി ഈജിപ്തിലെ ബ്രിട്ടീഷ്-അമേരിക്കൻ താവളങ്ങളെ ലക്ഷ്യം വെച്ച് അന്നത്തെ ഇസ്രായേലി പ്രതിരോധ മന്ത്രി നഹാസ് ലാവന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യപ്പെട്ട സ്ഫോടന പരമ്പരയാണ് ‘സൂസന്നാ ഓപറേഷൻ’ എന്നറിയപ്പെടുന്നത്. ലാവൻ അപവാദം എന്നപേരിലും ഇതറിയപ്പെടുന്നു. ചില ഈജിപ്ഷ്യൻ ജൂതന്മാരെയായിരുന്നു ഇസ്രായേൽ അതിന് ഉപകരണമാക്കിയത്. സ്ഫോടനം നടക്കുന്നതിന് മുമ്പ് ഇത് കണ്ടുപിടിക്കപ്പെട്ടു. ഭരണകൂടത്തിന്റെ കണ്ണിൽ സംശയിക്കപ്പെടുന്ന സാഹചര്യം ഇസ്രായേലിലേക്ക് കുടിയേറാൻ യഹൂദ സമൂഹത്തിന് പ്രേരണയായി. അതോടൊപ്പം ശ്രദ്ധേയ വ്യക്തിത്വങ്ങളെ വല വീശിപ്പിടിക്കാൻ ഇസ്രായേൽ ഭരണകൂടം വലിയ പ്രലോഭനങ്ങളും വെച്ചുനീട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഓഫർ ലഭിച്ച താരമായിരുന്നു ഈജിപ്തിലെ ആദ്യകാല സിനിമാ നടിയായ ലൈലാ മുറാദ്.
ലില്ലിയാൻ എന്നായിരുന്നു അവരുടെ യഥാർഥ പേര്. സിനിമയിൽ വന്നതോടെ ലൈലാ മുറാദ് എന്ന് പേരു മാറ്റുകയായിരുന്നു. 1918 ഫെബ്രുവരി 18ന് സക്കി മുറാദ് മോർദി ഖായ്-ജമീല സാലോമോൻ ദമ്പതികളുടെ മകളായി കൈറോവിലെ ‘അള്ളാഹിർ’ കോളനിയിലാണ് ലൈലയുടെ ജനനം. കൈറോവിലെ നോത്ര ദാം ഡെസ്പോർട്ട് സ്കൂളിലായിരുന്നു പഠനം. ഗായികയും അഭിനേത്രിയുമായ ലൈല സംഗീതപഠനം നടത്തിയത് സംഗീതജ്ഞൻ തന്നെയായ പിതാവിൽനിന്നും ദാവൂദ് ഹസനിയിൽനിന്നുമാണ്. പതിനാലാം വയസ്സിൽ തന്നെ അവർ പാട്ടിൽ അരങ്ങേറ്റം കുറിച്ചു. സ്വകാര്യ സദസ്സുകളിലും പൊതുവേദികളിലും പാടിത്തുടങ്ങിയ അവർ ഈജിപ്ഷ്യൻ റേഡിയോ നിലയം (ദാറുൽ ഇദാഅ അൽമിസ്രിയ്യ) സ്ഥാപിതമായതോടെ 1934ൽ ആഴ്ചയിൽ ഒരു തവണ എന്ന വ്യവസ്ഥയിൽ റേഡിയോക്ക് വേണ്ടി പാടാൻ കരാർ ചെയ്തു. ആ വർഷം ജൂലൈ ആറിന് ‘യാ ഗസാലൻ സാൻ ഐനുഹുൽ കുഹ്ൽ’ (സുറുമയെഴുതിയ മാൻ കണ്ണാളേ) എന്ന പാട്ടോടെ അതിന് ആരംഭം കുറിച്ചു. പിന്നീട് സിനിമാ രംഗത്തേക്ക് മാറിയതോടെ ആ കരാർ അവസാനിച്ചു. 1947ലാണ് പിന്നീടവർ ‘അനഖൽബീ ദലീലി’ (എൻമനം എൻവഴി കാട്ടി) എന്ന ഗാനത്തോടെ വീണ്ടും പാട്ടരങ്ങിൽ വരുന്നത്. അവരുടെ റെക്കോഡ് ചെയ്യപ്പെട്ട ഗാനങ്ങൾ 1200ഓളം വരും. മുഹമ്മദ് ഫൗസി, മുഹമ്മദ് അബ്ദുൽ വഹാബ്, മുനീർ മുറാദ്, രിയാദ് സൻബാത്തി, സക്കരിയ്യ അഹ്മദ്, ഖസബ്ജി എന്നീ പ്രഗല്ഭ സംഗീതജ്ഞന്മാരാണ് ആ ഗാനങ്ങൾക്ക് സംഗീതം പകർന്നത്.
1935ൽ ‘ദഹായാ’ (ഇരകൾ) എന്ന സിനിമയിലാണ് ആദ്യമായി അവർ മുഖം കാണിക്കുന്നത്. അത് പക്ഷേ, ഒരു ഗാനരംഗത്ത് മാത്രമായിരുന്നു. 1937ൽ സംവിധായകനും സംഗീതജ്ഞനുമായ മുഹമ്മദ് അബ്ദുൽ വഹാബിന്റെ യഹ്യാൽ ഹുബ്ബ് (പ്രേമ വിജയം) എന്ന പടത്തിൽ അഭിനയിച്ചതോടെയാണ് ലൈലയുടെ താരശോഭ തിളങ്ങിത്തുടങ്ങിയത്. 1955ൽ ഹുസൈൻ സിദ്ഖിയോടൊപ്പം അഭിനയിച്ച ‘അൽ ഹബീബുൽ മജ്ഹൂൽ (അജ്ഞാത കാമുകൻ) ആണ് അവരുടെ അവസാന പടം. അതിനുശേഷം റേഡിയോവിൽ കുറച്ചുകാലം ഗാനങ്ങൾ അവതരിപ്പിച്ചതൊഴിച്ച് നിറുത്തി യാൽ വെള്ളിത്തിരയോട് പൂർണമായും വിടവാങ്ങുകയായിരുന്നു അവർ. ഇക്കാലയളവിൽ 27 പടങ്ങളിലാണ് അവർ അഭിനയിച്ചത്. മുഹമ്മദ് അബ്ദുൽ വഹാബ്, ഇബ്രാഹിം ഹമൂദ, അഹ്മദ് സാലിം, മുഹമ്മദ് ഫൗസി തുടങ്ങിയ പ്രശസ്ത നായക നടന്മാരോടൊപ്പമെല്ലാം അവർ അഭിനയിക്കയുണ്ടായെങ്കിലും അൻവർ വജ്ദി, യൂസുഫ് വഹബി, ഹുസൈൻ സിദ്ഖി എന്നിവരുടെ നായികയായാണ് അവർ ഏറ്റവുമധികം അഭിനയിച്ചിട്ടുള്ളത്. 1998ൽ കൈറോ ഫിലിം ഫെസ്റ്റിവൽ അവർക്ക് മരണാനന്തര ആദരവ് നൽകുകയുണ്ടായി. നടി ലൈലാ അലവിയാണ് അത് ഏറ്റുവാങ്ങിയത്. 2018ൽ ഊജിപ്ത് അവരുടെ ശതാബ്ദി ആഘോഷിച്ചത് അനുസ്മരണീയമാണ്.
ലൈലാ മുറാദിന്റെ താരശോഭ ഇസ്രായേലിന്റെയും ശ്രദ്ധയാകർഷിച്ചു. ഇസ്രായേലിൽ സ്ഥിരതാമസമാക്കാൻ അവർക്ക് അവിടെനിന്ന് ക്ഷണം വരാൻ തുടങ്ങി. വോയ്സ് ഓഫ് ഇസ്രായേലിന്റെ മ്യൂസിക് ഡയറക്ടർ, തൈസീർ എല്ലീസും ഇസ്രായേലി പ്രക്ഷേപരംഗത്ത് പ്രവർത്തിച്ചിരുന്ന ഈജിപ്ഷ്യൻ യഹൂദ വംശജ ലിതാ അഫീഹാനും ഇസ്രായേലിലേക്ക് കുടിയേറാൻ അവർക്ക് പല മോഹന വാഗ്ദാനങ്ങളും വെച്ചുനീട്ടി. പിൽക്കാലത്ത് ഇസ്രായേലി വിദേശകാര്യ വകുപ്പ് വഴിയും അവർക്ക് ഓഫറുകൾ ലഭിച്ചു. കൈറോവിലെ ഇസ്രായേൽ സ്ഥാനപതി കാര്യാലയത്തിലെ മീഡിയാ അറ്റാഷെ കൂടിക്കാഴ്ചക്ക് അവസരം ചോദിക്കയുണ്ടായെങ്കിലും അവരത് നിരസിക്കയാണുണ്ടായത്. ഇസ്രായേലി പ്രസിഡന്റ് ഷിമോൺ പെരസിൽ നിന്നായിരുന്നു അവസാനത്തെ ഓഫർ. ഇസ്രായേലിന്റെ അംബാസഡർ അറ്റ് ലാർജ് ആയി നിയമിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. താൻ ഈജിപ്തുകാരിയും മുസ്ലിമുമാണെന്ന് പറഞ്ഞാണ് അവർ പെരസിന്റെ ഓഫർ നിരാകരിച്ചത്.
ഇതിനകം ലൈലാ മുറാദ് ഇസ്ലാംമതം ആശ്ലേഷിച്ചിരുന്നു. ശാദിയ അൽ വാദി’ എന്ന പടത്തിൽ ഉറച്ച ഫലസ്തീനി അനുകൂലിയായാണ് അവരുടെ അഭിനയം എന്നതും സ്മരണീയമാണ്. അതിൽ റെഡ്ക്രസന്റ് വളണ്ടിയറായി ഫലസ്തീനി ഭടന്മാരെ പരിചരിക്കുന്നതാണ് അവരുടെ റോൾ. 1954ൽ അവർ നിർമിച്ച ‘അൽ ഹയാത്ത് അൽ ഹുബ്ബ്’ (ജീവിതം പ്രണയം തന്നെ) എന്ന ചിത്രം ഫലസ്തീൻ ഭടന്മാർക്ക് സമർപ്പിച്ചതാണ്. അതിൽ ‘യാ റായിഹ് അലാ സഹ്റാ സീനാ/സല്ലിം ലീ അലാ ജയ്ശിനല്ലീ ഹാമീനാ’ (സിനാ മരുഭൂമിയിലേക്ക് പോകുന്ന ധീര ഭടാ, ഞങ്ങളെ സംരക്ഷിക്കുന്ന സേനക്ക് എന്റെ അഭിവാദ്യമറിയിക്കൂ) എന്ന പാട്ട് പ്രസിദ്ധമാണ്. യാറായ്ഹീൻ ലിന്ന ബിയ്യിൽ ഗാലി/ഹനീ അൻലകും വ ഉഖ്ബാലി (മുത്തുനബിയെ കാണാൻ പോണോരേ/ നിങ്ങൾക്ക് ശാന്തി/ എനിക്കും പുണ്യം) എന്ന അവരുടെ സിനിമാഗാനം മക്കാ തീർഥാടകരെ യാത്ര അയക്കുന്ന വേളയിൽ ഇന്നും ആളുകളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന പാട്ടാണ്.
ലൈലയുടെ മതപരിവർത്തനത്തെ കുറിച്ച വിശദാംശങ്ങൾ അശ്റഫ് ഗരീബ് എഴുതിയ ജീവചരിത്രത്തിൽ അനാവരണം ചെയ്യുന്നുണ്ട്. ഒരു പുലർക്കാല ബാങ്കുവിളി കേട്ടു ഉണർന്ന അവർ ഭർത്താവ് അൻവർ വിജ്ദിയെ (സംവിധായകനും നടനുമായ അൻവർ പിന്നീട് അവരുമായി വേർപിരിയുകയുണ്ടായി) വിളിച്ചുണർത്തുന്നിടത്താണ് അതിന്റെ തുടക്കം. അമ്പരപ്പോടെ ഉറക്കമുണർന്ന അൻവറിനോട് എന്തുകൊണ്ട് ഇതേവരെ തന്നോട് മുസ്ലിമാകാൻ ആവശ്യപ്പെട്ടില്ല എന്നായിരുന്നു അവരുടെ ചോദ്യം. മതം വ്യക്തിപരമായ കാര്യം മാത്രമായേ താൻ കണ്ടിട്ടുള്ളൂ എന്നും വിവാഹത്തിൽ അതൊരു പരിഗണനയായിരുന്നില്ലെന്നുമായിരുന്നു അപ്പോൾ അൻവറിന്റെ മറുപടി. പക്ഷേ, അപ്പോൾതന്നെ അവർ അംഗശുദ്ധി വരുത്തി ഭർത്താവിനൊപ്പം പ്രഭാത പ്രാർഥന നടത്തി. നേരം പുലർന്നപ്പോൾ ഇരുവരും അസ്ഹർ സർവകലാശാലയിലെ പണ്ഡിതനായ ശൈഖ് മഹ്മൂദ് അബുൽ ഉയൂനിന്റെ സന്നിധിയിൽ ചെന്ന് ഇസ്ലാം ആശ്ലേഷത്തിന്റെ ഔപചാരിക നടപടികൾ പൂർത്തീകരിച്ചു.
പുലർക്കാല ബാങ്കൊലി കേൾക്കുമ്പോഴൊക്കെ താൻ ഈ ആഗ്രഹം മനസ്സിൽ താലോലിച്ചുവരികയായിരുന്നുവെന്ന് ഭർത്താവിനോട് അവർ വെളിപ്പെടുത്തുകയുണ്ടായി. പുലർവേളകളിൽ കൈറോവിലെ മസ്ജിദുകളിൽനിന്ന് ഒഴുകിവരുന്ന സംഗീത സാന്ദ്രമായ ബാങ്കൊലിയുടെ മനോഹര നിമിഷങ്ങളെ കുറിച്ച് എസ്.കെ. പൊറ്റക്കാട് അളാകാപുരി ഹോട്ടലിൽ 'ദേശത്തിന്റെ കഥ'യുടെ പ്രകാശനവേളയിൽ അനുസ്മരിച്ചത് ഓർക്കുന്നു. അത് നമ്മുടെ നാട്ടിലെ വിലാപ ബാങ്ക് പോലെയല്ല. വെളിച്ചം പരന്ന് തുടങ്ങുമ്പോൾ സുബ്ബലക്ഷ്മിയുടെ നവസുപ്രഭാതം കേൾക്കുമ്പോഴും കർണപീയൂഷത്തിന്റെ ആ മധുരാനുഭൂതി ഹൃദയാന്തരാളത്തിൽ അലകളുണ്ടാക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും ലൈലാ മുറാദ് ഇസ്രായേൽ സന്ദർശിച്ചുവെന്നും യഹൂദ മതത്തിലേക്ക് തന്നെ തിരിച്ചുപോയ അവർ ഇസ്രായേൽ സർക്കാറിന് അമ്പതിനായിരം ഈജിപ്ഷ്യൻ പൗണ്ട് സംഭാവന ചെയ്തെന്നും അവർക്കെതിരെ അപവാദ പ്രചാരണങ്ങളുമുണ്ടായി. അന്നവർ പാരീസിലായിരുന്നു. അവരുടെ പാസ്പോർട്ട് രേഖകൾ സാക്ഷ്യപ്പെടുത്തി പാരീസിലെ ഈജിപ്ഷ്യൻ എംബസി തന്നെ ഈ കുപ്രചാരണങ്ങൾക്കെതിരെ രംഗത്തുവന്നു. ലൈലാ മുറാദ് തന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും വെളിപ്പെടുത്തിയതോടെ ആ ദുഷ്പ്രവാദങ്ങൾക്ക് തിരശ്ശീല വീണു. അൽ ‘കവാകിബ്’ (താരങ്ങൾ) മാഗസിനിൽ അവർ എഴുതിയ ലേഖനത്തിലും ഈ കുപ്രചാരണങ്ങൾ നിഷേധിക്കുകയുണ്ടായി.
പിന്നീട് 1995ൽ നിര്യാതയായ ശേഷം ഇസ്രായേലിലെ ഇറാഖി വംശജനായ ഒരു യഹൂദൻ നിർമിച്ച അവരുടെ ഒരു ബയോപിക്കിൽ സമ്മർദങ്ങൾക്ക് വിധേയയായിട്ടാണ് അവർ മതം മാറിയതെന്ന് ആരോപിക്കയുണ്ടായി. തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ഇസ്രായേലിന്റെ കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്ന അവരുടെ ഒസ്യത്ത് രേഖകൾ വെളിപ്പെടുത്തിക്കൊണ്ടു മകൻ ഫത്വീൻ അബ്ദുൽ വഹാബ് തന്നെയാണ് അതിന് മറുപടി പറയാൻ അന്ന് രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.