മുരളിയില്ലാത്ത 15 വർഷങ്ങൾ

താരപരിവേഷമില്ലാതെ ലഭിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകർക്കു മുന്നിലെത്തിച്ച മുരളിയെന്ന അതുല്യ പ്രതിഭയുടെ വേർപാടിന്‌ 15 വർഷം. മുരളി എന്ന മലയാളികളുടെ പ്രിയനടന്റെ വേർപാടിലുണ്ടായ വിടവ്‌ ഇത്രയും കാലമായിട്ടും നികത്താനായില്ല എന്നതു തന്നെയാണ്‌ അദ്ദേഹത്തിന്റെ കഴിവും. അരങ്ങിൽ നിന്ന് ലഭിച്ച ഉൗർജവും ഭാവാഭിനയത്തിന്റെയും ശബ്ദവിന്യാസത്തിന്റെയും ശരീര ഭാഷയുടെയും തനത്‌ ശൈലിയിലൂടെ അഭിനയത്തിന്‌ പുതിയ വഴികൾ വെട്ടിത്തെളിച്ച്‌ മുന്നേറിയ പ്രതിഭയാണ്‌ മുരളി.

ഹരിഹരൻ എന്ന അതുല്യ പ്രതിഭ ഒരുക്കിയ പഞ്ചാഗ്‌നി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മുരളി പകർന്നാടിവച്ച വേഷങ്ങൾ നിരവധിയാണ്‌. ആധാരത്തിലെ ബാപ്പുട്ടി, വെങ്കലത്തിലെ ഗോപാലന്‍, അമരത്തിലെ കൊച്ചുരാമൻ, നെയ്‌ത്തുകാരനിലെ അപ്പ മേസ്‌തിരി, ചമയത്തിലെ എസ്‌തപ്പാൻ ആശാൻ, ആകാശദൂതിലെ ജോണി, ദി ട്രൂത്തിലെ നിഗൂഡനായ വില്ലൻ ഡി.ജി.പി ഹരിപ്രസാദ്‌, ദ കിംഗിലെ എം.പി ജയകൃഷ്‌ണൻ, ലാൽസലാമിലെ സ. ഡി.കെ എന്ന ഡി.കെ ആന്റണി, കിഴക്കുണരും പക്ഷിയിലെ വയലിനിസ്‌റ്റ്‌ ജോണി, ചകോരത്തിലെ ലാൻസ്‌ നായിക്‌ മുകുന്ദൻ മേനോൻ, പത്രത്തിലെ ശേഖരൻ, ഏകാന്തത്തിലെ രാവുണ്ണി മേനോൻ... മികച്ചവയുടെ പട്ടികയിങ്ങനെ നീളും. ഭരത് ഗോപി സംവിധാനം ചെയ്‌ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ്‌ മുരളി വെള്ളിത്തിരയിൽ ഹരിശ്രീ കുറിച്ചതെങ്കിലും ആ സിനിമ പുറത്തിറങ്ങിയില്ല. തുടര്‍ന്ന് അരവിന്ദന്റെ ചിദംബരത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് ലെനിൻ രാജേന്ദ്രന്‍റെ മീനമാസത്തിലെ സൂര്യനിലും അഭിനയിച്ചെങ്കിലും പഞ്ചാഗ്‌നിയാണ്‌ ആദ്യം റിലീസായത്‌.

നെയ്ത്തുകാരനിലൂടെ 2002ല്‍ മികച്ച നടനുള്ള പുരസ്‌ക്കാരവും മുരളിയെ തേടിയെത്തി. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്‌ക്കാരവും നേടി. 2013ല്‍ അഞ്ജലി മേനോൻ ഒരുക്കിയ മഞ്ചാടിക്കുരുവിലാണ്‌ അവസാനമായി അഭിനയിച്ചത്‌. കടുത്ത പ്രമേഹബാധിതനായ മുരളിയെ 2009 ആഗസ്റ്റ് ആറിന് പ്രിയപ്പെട്ടവരുടെ ലോകത്തുനിന്ന്‌ മരണം കൂട്ടിക്കൊണ്ടുപോയി.

തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്. സിഎൻ ശ്രീകണ്ഠൻ നായരുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ള ലങ്കാ ലക്ഷ്മി എന്ന മലയാള നാടകത്തിലെ രാവണനെ അവതരിപ്പിച്ചതിന് മുരളി നിരൂപക പ്രശംസ നേടി. ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി,1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Tags:    
News Summary - Malayalam actor Murali 15 Death anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.