‘വിനോദേ അത്താഴം ഒഴിവാക്കരുത്. കഴിച്ചിട്ടേ നോമ്പ് പിടിക്കാവൂ, ഇല്ലെങ്കിൽ ക്ഷീണിക്കും’ -പതിവു തെറ്റാതെ റമളാൻ മാസം എന്നെത്തേടിവരുന്ന ‘സ്നേഹോപദേശ’ങ്ങളിൽ ചിലത് ഇങ്ങിനെയാവും. മകനെപ്പോലെ സ്നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മമാരാണത്. അങ്ങനെയെത്രയെത്ര ഉമ്മമാർ. മെസ്സേജായും ഫോൺവിളിയായും ഇങ്ങേതലക്കൽ അവരുടെ കരുതലും കാവലും താങ്ങും പിന്തുണയും എനിക്ക് എപ്പോഴുമുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. അവർക്കറിയാം ഞാനും നോമ്പുമായുള്ള ബന്ധം.
‘ആകാശത്തിന് താഴെ പ്രതിഫലേച്ഛയില്ലാതെ നിര്‍മലമായ ഒരു ‘ഫീല്‍’ നമുക്കായി മനസില്‍ വിടര്‍ത്തിയ സ്‌നേഹസൂനമാണല്ലോ നമ്മുടെ അമ്മമാരും ഉമ്മമാരും. ദൈവത്തിന്റെ അമൂല്യമായ വരദാനം’- അവർക്കൊക്കെ നീ കാവലാകണേ എന്ന പ്രാർഥന മാത്രം.
2013ൽ എം 80 മൂസ തുടങ്ങിയത് മുതൽ മുടങ്ങാതെ റമദാനിൽ നോമ്പ് പിടിക്കുന്നുണ്ട്. വെള്ളിയാഴ്ചകളിൽ, വിശേഷപ്പെട്ട 17, 27 നോമ്പുകളും പിടിക്കും. എം80 മൂസ നിർത്തിയെങ്കിലും നോമ്പ് ഞാൻ തുടർന്നു. ഇന്നതെന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. കൂടെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും മുസ്‌ലിം സുഹൃത്തുക്കളായതും അവരെല്ലാം നോമ്പ് എടുക്കുമ്പോൾ ഞാൻ മാത്രം ഭക്ഷണം കഴിക്കുന്നത് ശരില്ല എന്ന തോന്നലും നോമ്പ് എടുക്കുന്നതിൽ എന്നെ സ്വാധീനിച്ചിട്ടുണ്ടാവാം.
അത്താഴം കഴിക്കാതെ നോമ്പെടുക്കുന്നതാണ് എന്‍റെ ശീലം. അതെനിക്ക് യാതൊരു പ്രയാസവും ഉണ്ടാക്കിയിട്ടുമില്ല. അക്കാര്യം അറിയുന്നതുകൊണ്ടാണ് അത്താഴം കഴിക്കണമെന്ന ഓർമ്മപ്പെടുത്തലുകളും പതിവു തെറ്റാതെ വരുന്നത്.
നോമ്പുണ്ടെന്ന് കരുതി ഷൂട്ടും മുടക്കാറില്ല. സഹപ്രവർത്തകർ സെറ്റിൽ വെച്ച് എനിക്ക് ഇഫ്താർ ഒരുക്കി നോമ്പ് തുറയിൽ ഒപ്പം കൂടാറുണ്ട്. സഹപ്രവർത്തകകരായ ചിലർക്ക് ഇന്നും ഞാൻ നോമ്പ് പിടിച്ച് സെറ്റിൽ വരുന്നത് അത്ഭുതമാണ്. വ്യക്തിപരമായി നോമ്പിലൂടെ മനസ്സിനും ശരീരത്തിനും ലഭിക്കുന്ന ഉൻമേഷം ഭയങ്കര ഊർജ്ജമാണ്. അതെന്‍റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുമുണ്ട്.
ചെറിയ പെരുന്നാൾ കൂടുതലും ഏതെങ്കിലും ഷോയുടെ ഭാഗമായി ദുബൈയിലാവും. അവസാന നോമ്പും പെരുന്നാൾ ഭക്ഷണവും അവിടെയുള്ള മലയാളീ കുടുംബത്തോടൊപ്പമാണ്. പെരുന്നാളിനൊക്കെ രാവിലെ കുളിച്ച് സുഗന്ധം പൂശി വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് പള്ളിയിലേക്ക് പോവാനുള്ള ഒരുക്കം കാണാൻതന്നെ പ്രത്യേക മുഹബ്ബത്താണ്. പള്ളിയിൽ പോയില്ലെങ്കിലും അവർക്കൊപ്പം ഞാനും തയാറെടുക്കും. പരമാവധി സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് അവരുടെ സന്തോഷങ്ങളിൽ പങ്കുചേരും. അവരെക്കാളേറെ എന്‍റെ സന്തോഷമെന്ന് പറയുന്നതാവും ശരി...
നാടായ കോഴിക്കോട് ധാരാളം മുസ്ലീം കൂട്ടുകാരുണ്ട്. ഇവിടെ എത്തിയാൽ അവരുടെ വീടുകളിൽ നിന്നാവും മിക്കവാറും നോമ്പ് തുറക്കുക. തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം അവരുടെ ഉമ്മമാർ വീട്ടിൽ തന്നെ ഒരുക്കും. ഇപ്പോൾ താമസിക്കുന്ന കൊച്ചിയിൽ മുസ്ലിം സുഹൃത്തുക്കൾ കുറവാണ്. ഹോട്ടലിൽ നോമ്പ് തുറക്കുന്നതിനെക്കാളേറെ വീടുകളിലെ ഇഫ്താറുകളോടാണ് ഇഷ്ടം. പ്രത്യേകിച്ച് മലബാറിന്‍റെ ഇഫ്താർ രുചി വിശേഷം പറഞ്ഞാൽ തീരാത്തതാണ്.
അയൽവാസികളും സുഹൃത്തുക്കളുമായ റഫീഖിന്‍റെയും സഹീറിന്‍റെയും വീട് എന്‍റെ വീടുകൂടിയായിരുന്നു. കുട്ടിക്കാലം മുതൽ എന്‍റെ കൂട്ട് അവരായിരുന്നു. അവരുടെ എല്ലാ ആഘോഷങ്ങളും എന്‍റേതും കൂടിയായിരുന്നു. അവർക്ക് നേരെ തിരിച്ചും. അങ്ങനെയെത്രയെത്ര നോമ്പും പെരുന്നാളും ഓണവും വിഷുവും ആണ് ഞങ്ങൾ പരസ്പരം സന്തോഷത്തോടെ പങ്കിട്ടത്.
അവരുടെ ഉമ്മ ബിച്ചായിശുമ്മയുടെ കൈപുണ്യത്തിന് നൂറുമാർക്കായിരുന്നു. ഉമ്മ എന്ത് ഭക്ഷണം പാകം ചെയ്താലും അപാര രുചിയായിരുന്നു. ഇന്നുമെന്റെ ഓർമയുടെ ചുമരിൽ നിറം മായാതെ തന്നെ തെളിഞ്ഞ് നിൽക്കുന്നുണ്ട് ആ രുചിയും നോമ്പ് ഓർമ്മകളും. ആ ഓർമകൾക്ക് ഒരിക്കലും മുഷിവുതോന്നില്ല. കാരണം ഏറ്റവുംപ്രിയമേറിയ വിലപ്പെട്ട നാളുകളായിരുന്നു എന്ന തിരിച്ചറിവ് തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.