കൊച്ചി: 2018ലെ പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നാണ് എറണാകുളം. നിരവധി വീടുകളും പ്രദേശങ്ങളും വെള്ളം കയറി നശിക്കുകയും പലർക്കും ജീവനും ജീവിതോപാധികളും നഷ്ടമാകുകയും ചെയ്തു. എന്നാൽ മഹാ പ്രളയത്തിൽ നാശം നേരിട്ട ദുരിത ബാധിതരിൽ പലരും ഇപ്പോഴും നഷ്ട പരിഹാരം തേടി ഓഫിസുകൾ കയറി ഇറങ്ങുകയാണ്. എറണാകുളം, കാലടി, കൂവപ്പടിയടക്കം പഞ്ചായത്തുകളിലെ പ്രളയബാധിതരിൽ പലർക്കും ഇപ്പോഴും നഷ്ട പരിഹാരം ലഭിച്ചിട്ടില്ലെന്നാണ് പരാതി. നഷ്ട പരിഹാരം നൽകാൻ സ്ഥിരം ലോക് അദാലത്ത് ഉത്തരവിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും നടപടികളൊന്നുമില്ല. വീടുകളിലടക്കം വെള്ളം കയറി താമസ യോഗ്യമല്ലാതായിട്ടും കൃത്യമായ നഷ്ട പരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് കെൽസയുടെ സഹായത്തോടെ ദുരിത ബാധിതർ ലോക് അദാലത്തിൽ അപ്പീൽ നൽകി 2023ൽ അനുകൂല വിധി സമ്പാദിച്ചത്. 10,000 മുതൽ രണ്ടരലക്ഷം വരെയാണ് പലർക്കും നഷ്ട പരിഹാരം കിട്ടാനുള്ളത്. താലൂക്കോഫിസുകളിൽ വിധി പകർപ്പ് ലഭിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നഷ്ട പരിഹാരത്തിന് അർഹരായവർ പറയുന്നു. പ്രളയം കഴിഞ്ഞ് ആറ് വർഷവും വിധി വന്നിട്ട് ഒന്നരവർഷം പിന്നിട്ടിട്ടും ഓഫിസുകൾ കയറി ഇറങ്ങുകയാണ് ഇവർ. താലൂക്കോഫിസുകളിൽ പോകുമ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഇവർ പറയുന്നു.
കാലടി സ്വദേശിയായ പ്രസാദിന്റെ വീടിന് പ്രളയത്തെ തുടർന്ന് വ്യാപക കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ നാശ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപോർട്ട് പോയത്. തുടർന്ന് എറണാകുളം സ്ഥിരം അദാലത്തിൽ പരാതി നൽകി.
പരാതിക്കാരന്റെ കെട്ടിടത്തിന്റെ കേടുപാടുകൾ 60-74% വിഭാഗത്തിൽ വരുമെന്നും രണ്ട് ലക്ഷത്തോളം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.
വിധി വന്ന് ഒന്നര വർഷമായിട്ടും നടപടിയില്ല. ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. കലക്ട്രേറ്റിലും താലൂക്കോഫിസിലുമടക്കം കയറി ഇറങ്ങി മടുത്തെന്നും ഇദ്ദേഹം പറയുന്നു.
2018ൽ സമാനതകളില്ലാത്ത വെള്ളപ്പൊക്കത്തിനാണ് ജില്ല സാക്ഷ്യം വഹിച്ചത്. ചില പ്രദേശങ്ങളിൽ, വെള്ളപ്പൊക്കം കെട്ടിടങ്ങളെ പൂർണമായും മുക്കിക്കളയുകയും കെട്ടിടത്തിനും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ആളുകൾ അവരുടെ പാർപ്പിടവും വ്യാപാര സ്ഥാപനങ്ങളും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടാൻ നിർബന്ധിതരായി. രണ്ട് പ്രളയത്തിൽ വസ്തുവകകളും വസ്തുക്കളും നഷ്ടപ്പെട്ടവരിൽ നിന്ന് സ്ഥിരം ലോക് അദാലത്തിൽ നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ദിനം പ്രതി മുന്നൂറിലധികം പരാതികളാണ് ലഭിച്ചിരുന്നത്. അപേക്ഷ നൽകുന്നതിനായി മണിക്കൂറുകളാണ് ആളുകൾ കാത്തു നിന്നത്. അനുകൂല വിധി ഉണ്ടായിട്ടും ഉദ്യോഗസ്ഥ തലത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളിൽ വീഴ്ച ഉണ്ടായതാണ് നഷ്ട പരിഹാരം ലഭിക്കുന്നതിന് തടസ്സമെന്നാണ് ആക്ഷേപം. നഷ്ട പരിഹാരം തേടി നടന്ന് മടുത്ത് പലരും ഇപ്പോഴത് ഉപേക്ഷിച്ച മട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.