ഏതാനും ദിവസങ്ങളായി ഒരു കാറിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വെറും കാറല്ല, ചാണകത്തിൽ പൊതിഞ്ഞ ഒരു ടൊയോട്ട കാറിന്‍റെ ചിത്രം. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനി കാറിനെ ചാണകം കൊണ്ട് മൂടിയതായാണ് പോസ്റ്റുകളിൽ പറയുന്നത്.
'ടൊയോട്ട ഇറക്കിയ പുതിയ മോഡൽ കാറല്ല ഇത്. ചൂടിനെ പ്രതിരോധിക്കാൻ അഹമ്മദബാദ് സ്വദേശിനി കാർ ചാണകം കൊണ്ട് പൊതിഞ്ഞതാണ്' എന്ന അടിക്കുറിപ്പോടെ വിവിധ സോഷ്യൽമീഡിയ പേജുകളിൽ ചിത്രം പ്രചരിക്കുന്നുണ്ട്. കാറിനൊപ്പം ഒരു സ്ത്രീയുടെ ചിത്രവുമുണ്ട്.
ചിത്രം യാഥാർഥ്യമാണോ എന്ന് അറിയാനായി ഇന്‍റർനെറ്റിൽ റിവേഴ്സ് സെർച് നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളുടെ ലിങ്കുകൾ ലഭിച്ചു. പക്ഷേ, ഇവയെല്ലാം 2019ലേതാണെന്ന് മാത്രം. കാറ് ചാണകത്തിൽ പൊതിഞ്ഞത് സംബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസിൽ വിശദമായ റിപ്പോർട്ടുണ്ട്. വാർത്താ ഏജൻസിയായ എ.എൻ.ഐ ഇവരെ അഭിമുഖം ചെയ്തതിന്‍റെ ദൃശ്യങ്ങളും ലഭിച്ചു.
ചൂട് കുറയുമെന്ന വിശ്വാസത്തിൽ കാറിനെ ചാണകത്തിൽ പൊതിഞ്ഞ സംഭവം യാഥാർഥ്യമാണെന്ന് ഇതോടെ വ്യക്തമായി. എന്നാൽ, നാല് വർഷം മുമ്പുള്ളതാണ് ഈ സംഭവമെന്ന് മാത്രം.
അഹമ്മദാബാദ് സ്വദേശിനിയായ സെജൽ ഷാ എന്ന സ്ത്രീയാണ് കാറിനെ ചാണകത്തിൽ പൊതിഞ്ഞത്. തന്‍റെ വീട്ടിൽ ചൂടിനെ ചെറുക്കാൻ നിലത്ത് ചാണകമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും അതിനാലാണ് കാറും ചാണകം പൊതിഞ്ഞതെന്നും ഇവർ പറയുന്നുണ്ട്.
ഓൺലൈൻ സെർച്ചിൽ പലയിടത്തും ഇത്തരത്തിൽ ആളുകൾ ചൂട് കുറയുമെന്ന ധാരണയിൽ വാഹനങ്ങളിൽ ചാണകം പൊതിഞ്ഞതിന്‍റെ വിവരങ്ങൾ ലഭിച്ചു. 2019ൽ അഹമ്മദാബാദിൽ തന്നെ ഒരു ടാക്സി ഡ്രൈവർ ഇത്തരത്തിൽ കാർ ചാണകത്തിൽ പൊതിഞ്ഞിട്ടുണ്ട്. 2023ൽ മധ്യപ്രദേശിൽ സുശീൽ സാഗർ എന്ന ഹോമിയോ ഡോക്ടർ ഇത്തരത്തിൽ ചെയ്തിട്ടുണ്ട്.
ചൂടിനെ തടയുമെന്ന ധാരണയിൽ പലയിടത്തും ആളുകൾ വാഹനത്തിൽ ചാണകം പൂശിയതായി കാണാം. എന്നാൽ, ഈ രീതി ചൂട് കുറക്കുമോയെന്നതിന് യാതൊരു ശാസ്ത്രീയ വിശദീകരണവുമില്ല. ചാണകത്തിന്‍റെ നാറ്റവും സഹിച്ച് ആളുകൾ എങ്ങനെ കാറിനകത്തിരിക്കുമെന്ന് പലരും സോഷ്യൽ മീഡിയ കമന്‍റുകളിൽ ആശ്ചര്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.