‘ദുരിതാശ്വാസ കിറ്റ് നൽകുന്നതിനിടെ കുട്ടിയുടെ രുദ്രാക്ഷം മൗലവി പൊട്ടിച്ചു’: കേരളത്തിലടക്കം പ്രചരിച്ച വിഡിയോയുടെ വസ്തുത അറിയാം

ധാക്ക: ‘വെള്ളപ്പൊക്ക ദുരന്തത്തിൽ ​പോലും മതം മാറ്റാൻ നടക്കുന്ന ജിഹാദികൾ’, ‘ദുരിതാശ്വാസ കിറ്റ് വാങ്ങാൻ വന്ന ഹിന്ദു കുട്ടിയുടെ രുദ്രാക്ഷം മൗലവി പൊട്ടിച്ചു’, ‘കിറ്റ് വേ​ണോ മതം മാറണം’ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോക്കൊപ്പമുള്ള കുറിപ്പുകളാണിത്. ഇതിനേക്കാൾ രൂക്ഷമായ വർഗീയ ഉള്ളടക്കം അടങ്ങിയ അടിക്കുറിപ്പുകളും ഇപ്പോഴും ഈ വിഡിയോയുടെ കൂടെ പ്രചരിക്കുന്നുണ്ട്.

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ബംഗ്ലാദേശിലെ നവ്ഖാലിയിൽ സഹായ വിതരണത്തിനിടെ ഒരു മുസ്‍ലിം പുരോഹിതൻ ഒരു ആൺകുട്ടിയുടെ കഴുത്തിൽകിടന്ന മന്ത്രിച്ച ചരട് പൊട്ടിക്കുന്നതാണ് പ്രസ്തുത വിഡിയോ. പൊട്ടിച്ചാൽ മാതാപിതാക്കൾ ഇതേക്കുറിച്ച് ചോദിക്കുമെന്ന് ബംഗ്ലാ ഭാഷയിൽ കുട്ടി പറയുന്നതും കേൾക്കാം. എന്നാ​ൽ, ഇത്തരം ചരട് ധരിക്കുന്നത് ഇസ്‌ലാമിന് എതിരാണെന്ന് പുരോഹിതൻ പറയുന്നു.


സഹായ വിതരണത്തിന്റെ മറവിൽ ഹിന്ദു ആൺകുട്ടിയുടെ കഴുത്തി​ലെ വിശുദ്ധ ചരട് മുസ്‍ലിം പുരോഹിതൻ നീക്കം ചെയ്യുന്നുവെന്നാണ് ഇന്ത്യയിലെ ഹിന്ദുത്വ അക്കൗണ്ടുകൾ ഇതേക്കുറിച്ച് പറയുന്നത്. കേരളത്തിലെ ഫേസ്ബുക്, എക്സ്, വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത് പ്രചരിക്കുന്നുണ്ട്. "സഹായത്തിൻ്റെ പേരിൽ ഹിന്ദുക്കളുടെ വിശുദ്ധമാല തട്ടിയെടുക്കുന്ന ചീഞ്ഞളിഞ്ഞ സമൂഹം" എന്ന അടിക്കുറിപ്പോടെയാണ് ഹിന്ദുത്വ യൂട്യൂബർ അജീത് ഭാരതി വി ഡിയോ പങ്കുവെച്ചത്.

വസ്തുതയെന്ത്?

എന്നാൽ, ഹിന്ദുത്വ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും വിഡിയോയിൽ കാണുന കുട്ടി മീസ്‍ലിമാ​ണെന്നും വസ്തുതാന്വേഷണ വെബ്സൈറ്റായ ബൂം വ്യക്തമാക്കുന്നു. സുഹൈൽ എന്നാണ് കുട്ടിയുടെ പേര്. ബംഗ്ലാദേശിലെ പ്രാദേശിക മദ്രസയിൽ പഠിക്കുന്ന കുട്ടി മന്ത്രച്ചരട് ധരിച്ചിരുന്നു. ഹിന്ദുത്വവാദികൾ ആരോപിക്കുന്നത് പോലെ അത് രുദ്രാക്ഷമല്ല. തൗഹീദ് അക്കാദമി ആൻഡ് ഇസ്‍ലാമിക് സെൻറർ എന്ന ഫേസ്ബുക് പേജിൽ ആഗസ്റ്റ് 27ന് ഇതേ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. "അൽഹംദുലില്ലാഹ്, തൗഹീദ് അക്കാദമി നവ്ഖാലിയിലെ പ്രളയബാധിതരായ 200ലധികം കുടുംബങ്ങൾക്ക് ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്തു" എന്നാണ് അടിക്കുറിപ്പ്.

വിഡിയോ വിവാദമായതോടെ കുട്ടിയുടെ വിശദീകരണം സെപ്തംബർ 2ന് ഇതേ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "കിംവദന്തികൾ ഒഴിവാക്കുക, അടുത്തിടെ വൈറലായ കുട്ടി പറയുന്നത് കേൾക്കൂ" എന്ന് ബംഗ്ല ഭാഷയിലുള്ള കുറിപ്പോടെയാണ് വിഡിയോ. മദ്റസയിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് താനെന്ന് സൊഹൈൽ എന്ന കുട്ടി വിഡിയോയിൽ പറയുന്നു. അബ്ദുൽഹക്ക് എന്നാണ് പിതാവിന്റെ പേര്. മാതാവ് റോസിന. തന്റെ മതം ഇസ്‍ലാമാണെന്നും കുട്ടി വ്യക്തമാക്കുന്നു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ വിതരണം നടത്തിയിരുന്നുവെന്നും മതപരമായ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥിയുടെ മന്ത്രച്ചരട് മുറിച്ചിരുന്നുവെന്നും തൗഹീദ് അക്കാദമി പ്രിൻസിപ്പൽ ‘ബൂം’ ലേഖകനോട് പറഞ്ഞു. ജാമിഅ ദാറുത്തൗഹീദിന്റെ അസി. ഹെഡ്മാസ്റ്റർ അബ്ദുൽ മാലിക് മിയാസിയാണ് ചരട് മുറിച്ചത്. നവ്ഖാലി ജില്ലയിലെ ചാർ അൽഗി ഗ്രാമത്തിലെ താമസക്കാരനാണ് കുട്ടി. കഴിഞ്ഞ മാസം ബംഗ്ലാദേശിലെ 11 ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കത്തിൽ 59 പേരാണ് മരിച്ചത്. 54.57 ലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചതായി ദുരന്തനിവാരണ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Video Of Flood Relief Aid In Bangladesh Viral With Communal Spin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.