ഹോം ഓർഗനൈസിങ് ആൻഡ് സ്പേസ് സ്റ്റൈലിങ് മേഖലക്ക് കരിയർ എന്നതിലുപരി സ്വജീവിതത്തിൽ വലിയ പ്രാധാന്യം കൊടുത്തിരിക്കുകയാണ് അർസ മുഹസിൻ എന്ന മാഹിക്കാരി. ദുബൈയിലെ പ്രമുഖ യൂനിവേഴ്സിറ്റിയിൽ അഡ്മിൻ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചു വരികയാണ് അർസ മുഹസിൻ.
ഉമ്മയുടെ ചിട്ടയാർന്ന ജീവിതസാഹചര്യം കണ്ടുവളർന്ന അർസ അവയെ തന്റെ ചിന്തകളിലേക്ക് പടർത്തുകയായിരുന്നു. പ്രവാസ ജീവിതമാകട്ടെ അർസക്കു ധാരാളം ഒഴിവുവേളയും അതിൽ കവിഞ്ഞ് വൈവിധ്യങ്ങളായ ആശയങ്ങളും പകർന്നു നൽകി. 'മിനിമലിസ'ത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അർസ താൻ പെരുമാറുന്ന ഓരോ ചെറിയ ഇടങ്ങളും കൗതുകകരമായ രീതിയിൽ ഒരുക്കിവെച്ചു. തന്റെ അടുക്കളയും ഗാർഡനും ബെഡ്റൂമും ലിവിങ്ങും തുടങ്ങി തീൻമേശയെ പോലും ഭാവനാത്മക രീതിയിൽ അർസ അണിയിച്ചൊരുക്കി.
തന്റെ കൈകളിൽ വന്നുചേരുന്ന ഏതൊരു വസ്തുവിലും അർസ മാജിക്കുകൾ തീർക്കാൻ തുടങ്ങി. പലപ്പോഴും വേസ്റ്റ് ബിന്നിൽ സ്ഥാനം പിടിക്കേണ്ടവ അർസയുടെ കരങ്ങളാൽ രാജകീയ ഭാവം പുൽകി. അകത്തളങ്ങളും ദുബൈയിലെ വീടിന്റെ ബാൽക്കണിയും അർസയൊരുക്കിയ ഇൻഡോർ പ്ലാൻസിനാൽ എന്നും പച്ചപുതച്ചു കിടന്നു.
തന്റെ ഇഷ്ടങ്ങളെ ബിസിനസ് താൽപര്യത്തോടെ അല്ല അർസ പരിപാലിക്കുന്നത്. മറിച്ച് തന്റെ അറിവുകളും പൊടിക്കൈകളും തന്നെ കാണുകയും കേൾക്കുകയും ചെയ്യുന്നവരിലേക്ക് എത്തിക്കുക എന്നാണ് അർസ ലക്ഷ്യമിടുന്നത്. പാനൽസ് ഓഫ് സെഡാർ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ തന്റെ പ്രിയ സൃഷ്ടികൾ അർസ കാഴ്ചവെക്കാൻ തുടങ്ങി. ഹോം ഡെക്കോർസിൽ ആരും സമയം നിക്ഷേപിക്കാത്ത കാലത്തായിരുന്നു അർസയുടെ ചുവടുവെപ്പ്. ഇതാകട്ടെ അർസക്ക് ആവോളം ആരാധകരെ സൃഷ്ടിച്ചു.
വിലപിടിപ്പുള്ള വിദേശനിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങി ഹോം ഡെക്കോർസിനും സ്പേസ് സ്റ്റൈലിങിനും ഉപയോഗിക്കുന്നവരോട് അർസക്ക് പറയാനുള്ളത് അവയുടെ മൂല്യമില്ലായ്മയെ കുറിച്ചാണ്. ലഭ്യമായതും ഉപയോഗശൂന്യമായതും ഉപയോഗപ്രദമാക്കുന്ന വിദ്യയിലൂടെയാണ് ആ കരവിരുതിന് മഹത്വമേറുന്നത്.
ജീവിതത്തിലെ നുറുങ്ങു നുറുങ്ങു സന്തോഷങ്ങളെ തന്റെ ക്യാമറയിലും ഹൃദയത്തിലും പതിപ്പിക്കുകയാണ് അർസ മുഹസിൻ. സൈലന്റ്-സ്ലോ ലിവിങ് എന്ന വസ്തുതയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിശബ്ദമായ ഒരു യൂട്യൂബ് ചാനലും അർസക്കുണ്ട്.
തന്റെ കഴിവിനെ വേറിട്ട തലത്തിൽ അവതരിപ്പിച്ച് കരിയറിനെ അതിലേക്കു തന്നെ പടുത്തുയർത്തണമെന്നാണ് അർസയുടെ സ്വപ്നം. സ്വപ്നങ്ങൾക്ക് ചിറകുകളേകി കുടുംബവും കൂട്ടുകാരും അർസക്കൊപ്പം തന്നെയുണ്ട്. പോണ്ടിച്ചേരി എൻജിനീയറിങ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ അർസ ഭർത്താവ് അസ്ഹറിനും മകനുമൊപ്പം ദുബൈയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.