ചുറ്റുമുള്ള എല്ലാ തിരക്കുകളിൽ നിന്നും രക്ഷപ്പെടാനുള്ള നമ്മുടെ ഇടമാണ് വീട്. നമ്മുടെ താത്പര്യങ്ങൾക്കും ചിന്തകൾക്കും മൂഡിനും അനുസരിച്ചായിരിക്കണം വീടുണ്ടാകേണ്ടത് എന്നത് പ്രധാനമാണ്. ഇനി അങ്ങനെയല്ലെങ്കിലും നമ്മുടെ മൂഡിനനുസരിച്ച് വീടിനെ മാറ്റിയെടുക്കുക എന്നതും പ്രധാനമാണ് ഹോം മേക്കോവറുകൾ രസകരമാണ്, എളുപ്പവുമാണ്. വലിയ തുക ചെലവാക്കി തന്നെ ഇത്തരം മേക്കോവറുകൾ ചെയ്യണമെന്നില്ല. പാഴ്വവസ്തുക്കൾ കൊണ്ടോ ചെറിയ നുറുങ്ങുവിദ്യകൾ കൊണ്ടോ ഇത് നമുക്ക് ചെയ്തെടുക്കാൻ സാധിക്കും.
1. ഏതെങ്കിലും ഒരു തീം അനുസരിച്ച് വീടുകൾ നിർമിക്കുന്നതും പരിപാലിക്കുന്നതും പുതിയ ട്രെൻഡ് ആണ്. ബൊഹേമിയൻ, മോഡേൺ, മൊറോക്കൻ തുടങ്ങി പല തീമുകളിലും വീടുകളുണ്ട്. വീട് നിർമിക്കുന്നതിനോടൊപ്പം വീട്ടിലെ ഇന്‍റീരിയറും ഇതേ തീം അടിസ്ഥാനത്തിൽ തന്നെ ചെയ്യുന്നത് വീടിന് ഒരു പ്രത്യേക ഭംഗി നൽകും. നിങ്ങളുടെ രീതികളോടോ നിങ്ങളുടെ താത്പര്യങ്ങളോടോ അടുത്തിടപഴകുന്ന തരത്തിലുള്ള തീം തെരഞ്ഞെടുക്കുകയാണ് ആദ്യവഴി. ഇതിനുസരിച്ച് വീട്ടില ഇന്‍റീരിയറും സെറ്റ് ചെയ്യാം.
2. വീടിന്‍റെ ശരിയായ സൗന്ദര്യം അറിയണമെങ്കിൽ ലൈറ്റിങ് കൃത്യമായിരിക്കണം.. ബെഡ്റൂം, ഡ്രോയിങ് റൂം പോലുള്ളവയിൽ മഞ്ഞ നിറത്തിലുള്ള ലൈറ്റ് നൽകുന്നത് നന്നായിരിക്കും. ജോലി ചെയ്യാനോ മറ്റും നമ്മൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾക്ക് എപ്പോഴും തെളിച്ചമുള്ള ലൈറ്റ് നൽകുന്നതാണ് ഉചിതം. ഈ ഏരിയകളിൽ പ്രകൃതിയുമായി ചേർക്കുന്ന എന്തെങ്കിലും വസ്തുക്കൾ, പുറത്തേക്ക് നല്ല കാഴ്ചയുള്ള ജനലോ, ചെടികളോ തുടങ്ങിയവയുള്ളതും നല്ലതാണ്.
3. മിനിമൽ ആയ ഡെക്കറേഷൻ ഉപയോഗിക്കുന്നതാണ് സമീപകാലത്ത് ട്രെൻഡ് ആയി മാറിയിരിക്കുന്നത്. മിനിമൽ ഡെക്കോർ ഒരിക്കലും ബോറടിപ്പിക്കുന്ന ഒന്നല്ല. ചുവരുകൾക്ക് ന്യൂട്രൽ നിറങ്ങൾ നൽകിയാലും കിടക്ക വിരിയെ ആകർഷണീയമായ നിറത്തിൽ ഒരുക്കുന്നത് മുറിക്ക് കൂടുതൽ ഭംഗി നൽകും. ഡൈനിങ് റൂമിന് ചുവപ്പ് നിറത്തിലുള്ള കുഷ്യനുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ചുവപ്പ് നിറം പലപ്പോഴും ഭക്ഷണം, വിശപ്പ് തുടങ്ങിയവയെ സൂചിപ്പിക്കുന്നതാണ്. ലിവിങ് റൂമിലേക്ക് നീല, പർപ്പിൾ, മഞ്ഞ തുടങ്ങിയവയും കിടപ്പുമുറിക്ക് പച്ച നിറം നൽകുന്നതും നല്ലതാണ്.
4. ഡെക്കറേഷനോടൊപ്പം നമുക്ക് ഇഷ്ടപ്പെട്ട ആർട് കൂടി ചേർക്കുന്നത് പ്രധാനമാണ്. പെയിന്‍റിങ്ങുകളോ, മറ്റ് അലങ്കാരവസ്തുക്കളോ ആകട്ടെ, അവ മുറിക്ക് പ്രത്യേകമായ ആകർഷണം നൽകും. വില കൂടിയവ തന്നെ വേണമെന്നില്ല. നമുക്ക് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഗ്ലാസ് പെയിന്‍റുകളോ, മറ്റ് ആർട് വർക്കുകളോ ആകാം.
5. നിങ്ങളുടെ വീടെന്നാൽ അത് നിങ്ങൾ തന്നെയാണ്. അതുകൊണ്ട് ഇന്‍റീരിയറിനായി തെരഞ്ഞെടുക്കുന്ന എല്ലാ വസ്തുക്കളും നിങ്ങളെ പ്രതിപാധിക്കുന്നതാണ് എന്ന് ഓർക്കുക.
വീടിനെ മേക്കോവർ ചെയ്ത് തുടങ്ങിയാൽ നിർത്തുക പ്രയാസമായിരിക്കും. എന്നിരുന്നാലും കഴിവതും കുറഞ്ഞ ചെലവിൽ കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് മുറിക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതാകും ഉചിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.