വിദേശ തൊഴിലാളികൾ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യുന്നതിന് ആദ്യമായി ചെയ്യേണ്ടത് തൊഴിലുടമയോ തൊഴിലാളിയോ ആർ.ഒ.പിയുടെ സിവിൽ സെന്ററിലെത്തി പി.കെ.ഐ (ആറക്ക നമ്പർ) രജിസ്റ്റർ ചെയ്യണം. നിലവിൽ ജനുവരി 31വരെ കരാർ രജിസ്റ്റർ ചെയ്യാനുള്ള സമയം തൊഴിലുടമക്കും തൊഴിലാളികൾക്കും തൊഴിൽ മന്ത്രാലയം നൽകിയിട്ടുണ്ട്. നേരിട്ടോ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകൾക്കോ ആർ.ഒ.പിയുടെ സെന്ററിലെത്തി ആറക്ക നമ്പർ ഉണ്ടാക്കാൻ കഴിയും. ഇതിന് പ്രത്യേകമായി ഒരുവിധ ഫീസും നൽകേണ്ടതില്ല. വിദേശ തൊഴിലാളികൾ സ്വന്തമാക്കുന്ന ഈ ആറക്കപാസ്വേഡ് നമ്പറും തൊഴിലുടമയുടെ പി.കെ.ഐ നമ്പറും ഉപയോഗിച്ച് കമ്പനികളാണ് ഈ തൊഴിൽ കരാർ മിനിസ്ട്രി ഓഫ് മാൻപവർ ഒമാെൻറ ഔദ്യോഗിക വെബ്സൈറ്റായ WWW.mol.gov.om എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചേയ്യേണ്ടത്.
ഒരു റിയാലാണ് ഇതിെൻറ ഫീസ്. ഏതെങ്കിലും സനദ്സെന്റർ മുഖേനയോ കാർഡ് റീഡർ ഉള്ള കമ്പ്യൂട്ടർ മുഖേനയോ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ്. തൊഴിലുടമ മേൽപറഞ്ഞ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് തൊഴിലാളിയുടെ വിവരങ്ങൾ നൽകാം. തൊഴിലാളിയുടെ ശമ്പളം, തൊഴിൽ സമയം, വാർഷിക അവധി, അടിസ്ഥാന ശമ്പളം, മുഴുവൻ സാലറി, മറ്റ് അലവൻസുകൾ എന്നിവ സബ്മിറ്റ് ചെയ്യണം. ഇതിന് ശേഷം ആറക്ക പിൻനമ്പർ എടുത്തിട്ടുള്ള റെസിഡന്റ് കാർഡ് വഴി തൊഴിലാളിയുടെ സിവിൽ ഐഡി ഉപയോഗിച്ച് മാത്രമെ ഈ തൊഴിൽ കരാറിന് അംഗീകാരം നൽകാൻ കഴിയുകയുള്ളൂ. അതിനാൽ നിർബന്ധമായും ആറക്ക പിൻ നമ്പർ വിദേശ തൊഴിലാളികൾ എടുക്കേണ്ടതാണ്. വിദേശ തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിൽ കരാർ അംഗീകാരം കൊടുക്കുന്നതിന് മുമ്പ് തൊഴിലുടമ സബ്മിറ്റ് ചെയ്ത കരാറിെൻറ വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും.
കരാറിൽ നൽകിയ വിവരങ്ങൾ ഓഫർ ലെറ്ററിലുള്ളത് തന്നെയാണോ എന്ന് ഉറപ്പു വരുത്തണം. അടിസ്ഥാന ശമ്പളം എത്രയാണെന്ന് നോക്കണം. കാരണം ഭാവിയിൽ വിദേശ തൊഴിലാളിയുടെ ഗ്രാറ്റ്വിറ്റി കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. കിട്ടിക്കൊണ്ടിരിക്കുന്ന സാലറിക്ക് വിഭിന്നമായാണ് കരാർ സബ്മിറ്റ് ചെയ്തിരിക്കുന്നതെങ്കിൽ തൊഴിലാളിക്ക് വേണമെങ്കിൽ അംഗീകാരം നൽകാതെ തൊഴിൽ കരാർ റിജക്റ്റ് ചെയ്യാം. പ്രഫഷനിൽ മാറ്റമുണ്ടായാലോ വിസ കാലാവധി കഴിഞ്ഞാലോ കരാർ പുതുക്കി രജിസ്റ്റർ ചെയ്യണം. ഇരുകൂട്ടർക്കും പ്രയോജനമുള്ള കാര്യങ്ങൾ കരാറിൽ ഉൾപ്പെടുത്താൻ സാധിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അംഗീകാരം കൊടുക്കുന്നതിന് മുമ്പ് കരാറിലെ വ്യവസ്ഥകൾ മനസ്സിലാക്കാൻ ശ്രമിക്കണം. വിസ കാലാവധിയും കരാർ കാലാവധിയും ഒരേ കാലയളവിലായിരിക്കുന്നതാവും തൊഴിലുടമക്കും തൊഴിലാളിക്കും സുരക്ഷിതമായ കാര്യം. ഇക്കാര്യം തൊഴിൽ കരാറിൽ ഏർപ്പെടുമ്പോൾ ഇരു പാർട്ടികളും ശ്രദ്ധിക്കണം.
'ലോ പോയിന്റ് / അഡ്വ. ഷറഫ്, ലീഗൽ അഡ്വൈസർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.