ബോക്സിങ് ഡേ ടെസ്റ്റിൽ ആസ്ട്രേലിയക്ക് മികച്ച തുടക്കം; ഗില്ലിന് പകരം വാഷിങ്ടൺ സുന്ദർ ഇന്ത്യൻ ടീമിൽ

മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആസ്ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയർ ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലാണ്.

സാം കോൺസ്റ്റാസ് അർധ സെഞ്ച്വറി നേടി അരങ്ങേറ്റ മത്സരം ഗംഭീരമാക്കി. 65 പന്തിൽ രണ്ടു സിക്സും ആറു ഫോറുമടക്കം 60 റൺസെടുത്ത താരത്തെ രവീന്ദ്ര ജദേജ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. ഉസ്മാൻ ഖ്വാജ (73 പന്തിൽ 38), മാർനസ് ലബുഷെയ്ൻ (12 പന്തിൽ 12) എന്നിവരാണ് ക്രീസിൽ. നേരത്തെ, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.

മോശം ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനു പകരം വാഷിങ്ടൺ സുന്ദർ ടീമിലെത്തി. കെ.എൽ. രാഹുലിനു പകരം നായകൻ രോഹിത് ശർമ ഇന്ത്യക്കായി ഓപ്പൺ ചെയ്യും. രാഹുൽ മൂന്നാം നമ്പറിലേക്ക് മാറും. രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് കളിക്കുന്നത്. നതാന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിലെത്തി.

സ്പിന്നര്‍മാര്‍ക്ക് നേരിയ പിന്തുണ ലഭിക്കുന്ന പിച്ചാണ് മെല്‍ബണിലേത്. അതുകൊണ്ടാണ് ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ടെസ്റ്റ് ഇന്ത്യയും രണ്ടാമത്തേത് ഓസീസും നേടി. മൂന്നാം മത്സരം സമനിലയിൽ പിരിഞ്ഞതിനാൽ 1-1 എന്ന നിലയിലാണ് പരമ്പരയിപ്പോൾ. രോഹിത്തിന്‍റെയും വിരാട് കോഹ്ലിയുടെയും മോശം ഫോമാണ് ഇന്ത്യയെ വലകുന്നത്. ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതൊഴിച്ചാൽ കോഹ്‌ലി താളംകണ്ടെത്താനാവാതെ പതറുകയാണ്. ബാറ്റിങ്ങിലെ മറ്റൊരു പ്രതീക്ഷയായ ഋഷഭ് പന്തിന് പരമ്പരയിൽ ഇതുവരെ ഒരു അർധശതകം പോലും നേടാൻ കഴിഞ്ഞിട്ടില്ല.

ബോക്സിങ് ഡേയിൽ ഒമ്പത് ടെസ്റ്റുകൾ കളിച്ച ഇന്ത്യ അഞ്ചിലും തോറ്റതാണ് ചരിത്രം. രണ്ടെണ്ണത്തിൽ ജയിക്കുകയും അത്രയെണ്ണം സമനിലയിൽ പിരിയുകയും ചെയ്തു.

ടീം ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജദേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

ടീം ആസ്ട്രേലിയ: ഉസ്മാന്‍ ഖ്വാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ്.


Tags:    
News Summary - Good start for Australia in Boxing Day Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.