‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ. ആധുനിക മലയാളത്തെ വിരല്‍പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്‍റെ സ്ഥാനമാണ് എം.ടിക്ക് എന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഒറ്റത്തവണയേ അദ്ദേഹത്തിന്‍റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. എം.ടി തനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്‍റെ പേരായിരുന്നു 'ദയ' എന്ന് മഞ്ജു വാര്യർ വ്യക്തമാക്കി.

മഞ്ജു വാര്യരുടെ കുറിപ്പ്:

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല.

ആധുനിക മലയാളത്തെ വിരല്‍പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു.

ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനിൽകുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍, ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും....

എം.ടി തിരക്കഥ എഴുതിയ ദയ സിനിമയിലെ മഞ്ജു വാര്യയുടെ കഥാപാത്രം

എം.ടിയുടെ നവതിക്ക് മഞ്ജുവിന്‍റെ എഫ്.ബി പോസ്റ്റ്:

കാലം എന്ന വാക്കിന്‍റെ കടൽപ്പരപ്പ് കാട്ടിത്തന്ന കൈയക്ഷരത്തിന്, ആരും കാണാത്ത വഴികളിലൂടെ കൊണ്ടുപോയി പൂത്ത കുടകപ്പാലകളുടെ ഗന്ധം പകർന്നു തന്ന മാന്ത്രിക വിദ്യയ്ക്ക്, ആൾക്കൂട്ടത്തിനിടയിലും തനിച്ചാകാമെന്ന് പഠിപ്പിച്ച മൗനത്തിന്, ചലച്ചിത്രയാത്രയിൽ ഒരു മാത്ര എന്നെയും ചേർത്തു പിടിച്ച ദയാപരതയ്ക്ക് ഹൃദയം തുളുമ്പുന്ന നന്ദിയോടെ എം.ടി. സാറിന് നവതി മംഗളങ്ങൾ.. ആയുരാരോഗ്യത്തിന് പ്രാർഥനകൾ..

തോഴരേ.. ഇനിയും നമുക്ക് എം.ടിയെന്ന മഹാപ്രതിഭയെ വാഴ്ത്താം..


Tags:    
News Summary - Manju Warrier condolence MT Vasudevan Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.