ദോഹ: ഖത്തറിെൻറ പരിസ്ഥിതി സൗഹൃദ നിർമാണങ്ങളും വാസ്തുശിൽപ വൈദഗ്ധ്യവുമെല്ലാം അറിയാനും പഠിക്കാനുമായി കുവൈത്തിൽനിന്നും വിദ്യാർഥി സംഘത്തിെൻറ സന്ദർശനം. കുവൈത്ത് യൂനിവേഴ്സിറ്റി കോളജ് ഓഫ് ആർകിടെക്ചറിൽനിന്നുള്ള 16 അംഗ സംഘമാണ് ഖത്തറിെൻറ ലോകോത്തര നിർമാണ വിസ്മയങ്ങളിൽ സന്ദർശകരായെത്തിയത്. ഗ്ലോബൽ സസ്റ്റയ്നബിലിറ്റി അസസ്മെന്‍റ് സിസ്റ്റം (ജി.എസ്.എ.എസ്) അംഗീകാരം നേടിയ കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും ഉൾപ്പെടെയുള്ള സമുച്ചയങ്ങൾ സംഘം സന്ദർശിച്ചു. മൂന്നുദിവസത്തെ സന്ദർശനത്തിെൻറ ഭാഗമായി ലോകകപ്പിെൻറ പ്രധാന വേദികളായ അൽ ബെയ്ത് സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, ഖത്തറിെൻറ ഭാവി നഗരിയാവാൻ ഒരുങ്ങുന്ന ലുസൈൽ സിറ്റി, നിർമാണ വിസ്മയമായ നാഷനൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവ സംഘം സന്ദർശിച്ചു.
വിദഗ്ധ സംഘത്തിനൊപ്പമായിരുന്നു ഇവരുടെ സന്ദർശനം. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് അംഗങ്ങൾ ജി.എസ്.എ.എസ് നിലവാരത്തിലെ നിർമാണ വിശേഷങ്ങൾ സംഘത്തിന് വിവരിച്ചുനൽകി. ഗൾഫ് മേഖലയിൽ പരിസ്ഥിതി സൗഹൃദ നിർമാണങ്ങളും സുസ്ഥിരതയിലൂന്നിയ വികസന പ്രവർത്തനങ്ങളും സജീവമാക്കുന്നതിെൻറ ഭാഗമായാണ് ആർകിടെക്ച്വറൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഘത്തിെൻറ സന്ദർശനം. ഖത്തറിെൻറ സാംസ്കാരിക, ശാസ്ത്രീയ, വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവർ സന്ദർശിച്ചു.
കതാറ കൾചറൽ വില്ലേജ്, സൂഖ് വാഖിഫ്, ഖത്തർ നാഷനൽ ലൈബ്രറി, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, അൽ തുമാമ സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവയും സന്ദർശിച്ചു. ലോകകപ്പ് മത്സര വേദികളിലെ ചൂട് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യയുമായി ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റിനു (ഗോർഡ്) കീഴിലാണ് ശീതീകരണ സംവിധാനം വികസിപ്പിച്ചത്. ഗോർഡിനാണ് ഖത്തർ ലോകകപ്പിെൻറ സവിശേഷ പദ്ധതിയുടെ പാറ്റന്‍റുമുള്ളത്. മേഖലയുടെ ഭാവി വികസന പദ്ധതികളിൽ ഖത്തറിെൻറ നിർമാണ പ്രവർത്തനങ്ങൾ മാതൃകയാക്കാമെന്ന് സംഘം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.