ഇമ്രാൻ ഖാ​ന്‍റെ മോചനമാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ ആറ് പാക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; കണ്ടാലുടൻ വെടിവെക്കാൻ സൈന്യത്തിന് നിർദേശം

ഇസ്‍ലാമാബാദ്: തടവിലാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാ​​ന്‍റെ മോചനം ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ)യുടെ അനുയായികൾ ഇസ്‍ലാമാബാദിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് നാല് അർധസൈനികരും രണ്ട് പൊലീസുകാരും കൊല്ലപ്പെടുകയും 100 ഓളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്ന് തിരിച്ച് കവണ ഉപയോഗിച്ച് കല്ലേറുണ്ടായി.

പി.ടി.ഐയുടെ അനുയായികൾ ഇസ്‍ലാമാബാദിലെ ഡി ചൗക്കിലേക്കുള്ള വഴിയിലെ തടസ്സങ്ങൾ നീക്കി മുന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ പാകിസ്താൻ സൈന്യത്തെ ഇറക്കി. അക്രമികളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാൻ പാകിസ്താൻ സൈന്യത്തെ വിളിച്ചിട്ടുണ്ടെന്നും കണ്ടാലുടൻ വെടിവക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി റേഡിയോ പറഞ്ഞതായി റേഡിയോ പാകിസ്താൻ റിപ്പോർട്ട് ചെയ്തു. റേഞ്ചർമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ പ്രതിഷേധക്കാർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പാക്കാൻ പ്രസ്താവനയിൽ നിർദേശിച്ചു.

തിങ്കളാഴ്ച രാത്രി ഇസ്‍ലാമാബാദിലെ ശ്രീനഗർ ഹൈവേയിൽ പാകിസ്താൻ റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥരിലേക്ക് വാഹനം ഇടിച്ചുകേറി നാല് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റേഡിയോ പാകിസ്താൻ പറഞ്ഞു. മറ്റ് അഞ്ച് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥർക്കും നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു.

ഈ സ്ഥലത്ത് നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ റാവൽപിണ്ടിയിലെ ചുങ്കി നമ്പർ 26 ൽ ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജീകരിച്ച ഒരു കൂട്ടം അക്രമികൾ റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വിവേചനരഹിതമായി വെടിയുതിർക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടുവെന്നാണ് വിവരമെങ്കിലും വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.

Tags:    
News Summary - Six security personnel killed during protests by Imran Khan's party; shoot at sight orders for army in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.