നാട്ടിക (തൃശൂർ): നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പടെ അഞ്ച് പേരാണ് മരിച്ചത്. കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (നാല്), വിശ്വ (1) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ 11 പേരിൽ അഞ്ചു പേരുടെ നില ഗുരുതരം. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിക ജെ.കെ തിയേറ്ററിനടുത്താണ് ദുരന്തമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
ഇന്ന് പുലർച്ചെ നാലിനാണ് അപകടം സംഭവിച്ചത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചു പേരും മരിച്ചു.
ദേശീയപാത 66ന്‍റെ പണി നടക്കുന്ന ഭാഗമാണിത്. ഇവിടെ ബാരിക്കേഡ് വെച്ച് മറച്ച ഭാഗത്താണ് ഇവര്‍ ഉറങ്ങിയിരുന്നത്. നിലവിലെ റോഡിന് കുറച്ച് ദൂരെയാണ് ബാരിക്കേഡ് കെട്ടിയിരുന്നത്. ബാരിക്കേഡ് തകര്‍ത്താണ് ലോറി ഉള്ളിലേക്ക് കയറിയത്.
ലോറി ഓടിച്ചിരുന്നത് ലൈസൻസില്ലാത്ത ക്ലീനറായിരുന്നു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഡൈവേർഷൻ ബോർഡ് ഡ്രൈവർ കാണാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കണ്ണൂർ ആലങ്കോട് സ്വദേശികളായ ഡ്രൈവർ ചാമക്കാലച്ചിറ ജോസ് (54), ക്ലീനർ ഏഴിയക്കുന്നിൽ അലക്സ് (33) എന്നിവരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ലോറിയുമായി കടന്നുകളയാൻ ക്ലീനർ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.