മനാമ: കോവിഡ് മഹാമാരിയെ ബഹ്റൈൻ സർക്കാർ നേരിട്ടത് മികച്ച രീതിയിലാണെന്ന് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി ഇന്ത്യൻ എംബസി ഓൺലൈനിൽ സംഘടിപ്പിച്ച ഓപൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കോവിഡ് നിയന്ത്രണം പിൻവലിച്ച് എല്ലാ മേഖലകളും തുറക്കാൻ കഴിഞ്ഞത് മികച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ്. അടുത്ത ഓപൺ ഹൗസ് നേരിട്ട് നടത്താൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാൻ സഹായിച്ച ലേബർ മാർക്കറ്റ് അതോറിറ്റി (എൽ.എം.ആർ.എ), എമിഗ്രേഷൻ അധികൃതർ, ഇന്ത്യൻ അസോസിയേഷനുകളായ ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബുദൈയ്യ ഗുരുദ്വാര, ഇന്ത്യൻ ക്ലബ്, ബഹ്റൈൻ കേരളീയസമാജം എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
സഹായം ആവശ്യമായ ഇന്ത്യക്കാരുടെ രക്ഷക്കെത്തിയ ബിസിനസ് പ്രമുഖർക്കും അദ്ദേഹം നന്ദി അറിയിച്ചു. നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിൽ കഴിഞ്ഞ എരഞ്ഞോളി സ്വദേശി ഹരികൃഷ്ണൻ, പെഡ്ഡ സായണ്ണ രാചിട്ടി എന്നിവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞതായും അംബാസഡർ അറിയിച്ചു. പ്രയാസത്തിൽ കഴിഞ്ഞ മൂന്നുവനിതകളെയും നാട്ടിൽ എത്തിച്ചു. ഓപൺ ഹൗസിന്റെ പരിഗണനക്കുവന്ന പരാതികളിൽ ചിലത് ഉടൻ തന്നെ പരിഹരിച്ചു. മറ്റു ചിലത് തുടർ നടപടികൾക്കായി മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.