പുരാതന ഈജിപ്തിലെ മനുഷ്യർ നൂറ്റാണ്ടുകൾക്ക് മുമ്പ് ലഹരിക്ക് വേണ്ടി തയാറാക്കിയിരുന്ന പാനീയത്തിന്‍റെ രഹസ്യങ്ങൾ പുറത്തെത്തിച്ച് യു.എസ് ഗവേഷകൻ. 2000 വർഷം പഴക്കമുള്ള പാത്രത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. മനുഷ്യരക്തവും മുലപ്പാലും ലഹരിപദാർഥങ്ങളുമായിരുന്നത്രെ പുരാതന ഈജിപ്ഷ്യരുടെ ലഹരിപാനീയത്തിലെ പ്രധാന ഘടകങ്ങൾ.
സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പ്രഫസറായ ഡേവിഡ് തനാസിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. 1984ൽ തംപ ആർട്ട് മ്യൂസിയത്തിന് ലഭിച്ച ഈജിപ്തിൽ നിന്നുള്ള ബെസ് മഗ്ഗ് ആണ് ഇദ്ദേഹം പഠനവിധേയമാക്കിയത്. പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ദേവനാണ് ബെസ്. കുടുംബം, മാതാക്കൾ, കുട്ടികൾ, ശിശു ജനനം എന്നിവയുടെ സംരക്ഷക ദൈവമായാണ് ബെസിനെ ആരാധിച്ചിരുന്നത്. ബെസിന്‍റെ മുഖത്തോടുകൂടിയുള്ള പാത്രങ്ങളാണ് ബെസ് മഗ്ഗുകൾ.
ബെസ് മഗ്ഗുകൾ എന്തിന് വേണ്ടിയാണ് പ്രത്യേകമായി നിർമിച്ചത് എന്ന കാര്യം പുരാവസ്തു ഗവേഷകരുടെ ഏറെക്കാലമായുള്ള സംശയമായിരുന്നു. തംപ മ്യൂസിയത്തിലെ ബെസ് മഗ്ഗിന്‍റെ അകവശത്തുനിന്ന് ഒരുഭാഗം ഇളക്കിയെടുത്ത് രാസപരിശോധനക്കും ഡി.എൻ.എ പരിശോധനക്കും വിധേയമാക്കുകയാണ് ഇവർ ചെയ്തത്. അത്യാധുനിക പ്രോട്ടിയോമിക്‌സ്, മെറ്റബോളോമിക്‌സ്, ജനറ്റിക്‌സ് ടെക്‌നിക്കുകൾ, സിൻക്രോട്രോൺ റേഡിയേഷൻ അടിസ്ഥാനമാക്കിയുള്ള ഫോറിയർ ട്രാൻസ്‌ഫോംഡ് ഇൻഫ്രാറെഡ് മൈക്രോസ്‌പെക്‌ട്രോസ്കോപ്പി എന്നിവയും പഠനത്തിനായി ഉപയോഗിച്ചു. പാത്രത്തിലടങ്ങിയ ജൈവ അവശിഷ്ടങ്ങളുടെ സ്വഭാവം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
പരിശോധനയിൽ വിവിധ പദാർഥങ്ങളുടെ സാന്നിധ്യമാണ് പാത്രത്തിനുള്ളിൽ കണ്ടെത്തിയത്. ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്ന നിരവധി ചെടികളുടെ സാന്നിധ്യം പരിശോധനയിൽ തിരിച്ചറിഞ്ഞു. പുളിപ്പിച്ച പഴച്ചാറുകൾ, തേൻ, റോയൽ ജെല്ലി എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. മനുഷ്യരക്തം, മുലപ്പാൽ, മ്യൂകസ് ദ്രവം എന്നിവയും പാനീയത്തിൽ കലർത്തിയിരുന്നതായി കണ്ടെത്തി. ലഹരിപാനീയമായാണ് ഇവ കൂട്ടിക്കലർത്തി ഉപയോഗിച്ചതെന്ന് ഗവേഷകർ പറയുന്നു.
ചില പ്രത്യേകതരം ആചാരങ്ങളുടെ ഭാഗമായാണ് ഈ ലഹരിപാനീയം ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകർ പറയുന്നു. മതപരമായ ആചാരത്തിന്‍റെ ഭാഗമായി വിശുദ്ധസ്ഥലങ്ങളിൽ ഒരുമിച്ചിരുന്ന് ഇത് കുടിക്കും. ഇവിടെ ഉറങ്ങുകയും ചെയ്യും. ഉറക്കത്തിൽ സ്വപ്നം കാണുകയോ അല്ലെങ്കിൽ അതുപോലെയുള്ള മിഥ്യാ അനുഭവങ്ങളുണ്ടാവുകയോ ചെയ്യുകയും അത് ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് കരുതുകയും ചെയ്തിരുന്നു. ഈ രീതി മറ്റ് വിവിധ സംസ്കാരങ്ങളിലും കാണാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. ആംസ്റ്റർഡാമിലെ അലൻ പിയേഴ്സൺ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ബെസ് പാത്രത്തിലും സമാനമായ ഗവേഷണം നടത്താനൊരുങ്ങുകയാണ് സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.