ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഏറ്റവും വിലയേറിയ മൂന്നാമത്തെ താരമായി വെങ്കിടേഷ് അയ്യർ. 23.75 കോടി രൂപക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് താരത്തെ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ കൊൽക്കത്തക്ക് വേണ്ടി മികച്ച പ്രകടനമാണ് വെങ്കിടേഷ് പുറത്തെടുത്തത്.
27.00 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സ്വന്തമാക്കിയ ഋഷഭ് പന്തും 26.75 കോടിക്ക് പഞ്ചാബ് കിംഗ്‌സിലേക്ക് ചേക്കേറിയ ശ്രേയസ് അയ്യറുമാണ് ലേലത്തിലെ ഏറ്റവും വിലയേറിയ രണ്ട് കളിക്കാർ.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക് (26.75 കോടി രൂപ) ശ്രേയസ് അയ്യരെ വിളിച്ചെടുത്ത് പഞ്ചാബ് കിങ്സാണ് ആദ്യം ഞെട്ടിച്ചത്. അവസാന നിമിഷം വരെ താരത്തിനായി പൊരുതിയെ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളിയാണ് ശ്രേയസിനെ പഞ്ചാബിലെത്തിച്ചത്.
ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡാണ് ശ്രേയസ് തകർത്തത്. കഴിഞ്ഞ സീസണിൽ ദുബൈയിൽ നടന്ന ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടിക്കായിരുന്നു സ്റ്റാർക്കിനെ വിളിച്ചെടുത്തത്.
എന്നാൽ, ശ്രേയസിന്റെ റെക്കോഡ് നിമിഷങ്ങൾക്കകം തകർത്ത് ഋഷഭ് പന്ത് പുതിയ റെക്കോഡിട്ടു. ലഖ്നോ സൂപ്പർ ജയന്റ്സാണ് 27 കോടി രൂപക്ക് വിളിച്ചെടുത്തത്. പന്തിന് വേണ്ടി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു മത്സരിച്ചെങ്കിലും ലഖ്നോ താരത്തെ ടീമിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായിരുന്നു പന്ത്.
12 താരങ്ങളുടെ ലേലമാണ് ഇതിനകം പൂർത്തിയായത്. 18 കോടി രൂപ വീതം മുടക്കി അർഷ്ദീപ് സിങ്ങിനെയും യുസ്വേന്ദ്ര ചഹലിനെയും പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു.
ജോസ് ബട്ട്ലറിനെ 15.75 കോടി രൂപക്കും മുഹമ്മദ് സിറാജിനെ 12.25 കോടി രൂപക്കും കഗിസോ റബദയെ 10.75 കോടി രൂപക്കും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. കെ.എൽ.രാഹുലിനെ 14 കോടിക്കും മിച്ചൽ സ്റ്റാർക്കിനെ 11.75 കോടിക്കും ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. മുഹമ്മദ് ഷമിയെ 10 കോടി രൂപക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ലിയാം ലിവിങ്സ്റ്റണെ 8.75 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും ഡേവിഡ് മില്ലറിനെ 7.5 കോടിക്ക് ലഖ്നോ സൂപ്പർ ജയന്റ്സും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.