സംയുക്ത വികസനത്തിനായി  നിര്‍ദേശം സമര്‍പ്പിച്ച് മുഖ്യമന്ത്രി

മനാമ: കേരളത്തിന്‍െറ വികസന പദ്ധതികളുമായി കണ്ണിചേര്‍ക്കുന്ന ആശയങ്ങളുടെ പട്ടികയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്റൈന്‍ ഭരണാധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ട് വച്ചതെന്ന് അദ്ദേഹം കേരളീയ സമാജത്തില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമായി. ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 70ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ഇതൊരു മഹത്തായ രാജ്യമാണ് എന്ന് പറഞ്ഞാണ് പിണറായി കേരളീയ സമാജത്തില്‍ തന്‍െറ പ്രസംഗം തുടങ്ങിയത്. ‘ദൈവത്തിന്‍െറ സ്വന്തം’ നാടായ കേരളത്തിലെ ജനങ്ങളുടെ ഊഷ്മളമായ അഭിവാദ്യങ്ങള്‍ ബഹ്റൈനെ അറിയിക്കുകയാണ്. 
ഇന്ത്യന്‍ ഭരണാധികാരികള്‍ ബഹ്റൈനിലത്തെുമ്പോള്‍ ലഭിക്കുന്ന ഊഷ്മളമായ സ്വീകരണത്തിന് പിന്നില്‍ ഇന്ത്യക്കാരുടെ അധ്വാനത്തിന്‍െറയും സത്യസന്ധതയുടെയും വിലയുണ്ട്. കേരളീയ സമാജം തുടക്കം മുതല്‍ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന സംഘടനയാണ്. ഇതിന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍െറയത്രയും പഴക്കമുണ്ട്. 
ബഹ്റൈനിലെ കേരളത്തിന്‍െറ സാംസ്കാരിക തലസ്ഥാനമായി മാറാന്‍ ഈ കാലയളവില്‍ സമാജത്തിന് കഴിഞ്ഞിട്ടുണ്ട്. 
ബഹ്റൈന്‍ ഭരണാധികരികളുടെ മുന്നില്‍ ബഹ്റൈനും കേരളത്തിനും ഉപകാരപ്രദമാകുന്ന കാര്യങ്ങളുടെ ഒരു പട്ടിക സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. അതിങ്ങനെയാണ്: 
1.  ബഹ്റൈന്‍ കേരള അക്കാദമിക് എക്സ്ചേഞ്ചിന്‍െറ ഭാഗമായി ബഹ്റൈനില്‍ കേരള പബ്ളിക് സ്കൂളും എഞ്ചിനിയറിങ് കോളജും സ്ഥാപിക്കുക. 
2. കേരളത്തിലെ അടിസ്ഥാനവികസന വികസനത്തിനായി   വികസന ഫണ്ടിന് രൂപം നല്‍കുക.
3.കേരളത്തിന്‍െറ മനുഷ്യവിഭവശേഷിയും ബഹ്റൈനികളുടെ ധനവിനിയോഗ പ്രാപ്തിയും ഉപയോഗപ്പെടുത്താനായി കേരളത്തില്‍ ഒരു ‘ഗവണ്‍മെന്‍റ് ടു ഗവണ്‍മെന്‍റ്’ ധനകാര്യജില്ലയുടെ രൂപവത്കരണം.
4. ബഹ്റൈന്‍-കേരള സാംസ്കാരിക കൈമാറ്റത്തിനായി കേരളത്തില്‍ ബഹ്റൈന്‍ ഭരണാധികാരികളുടെ പേരില്‍ സാംസ്കാരിക സമുച്ചയം സ്ഥാപിക്കുക.
5.ബഹ്റൈനി പൗരന്‍മാരുടെ ചികിത്സക്കായി കേരളത്തില്‍ ആശുപത്രി സ്ഥാപിക്കുക. അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ ഊന്നല്‍ നല്‍കുന്ന കേന്ദ്രമാകുമിത്. ഇവിടെ ചികിത്സ ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കും.
6.മലയാളികള്‍ക്കായി ബഹ്റൈനില്‍ കേരള ക്ളിനിക്ക് തുടങ്ങുക. ഇവിടെ പരമ്പരാഗതവും ആധുനികവുമായ ചികിത്സ ലഭ്യമാക്കുക.
7. ബഹ്റൈനിലെ മലയാളികള്‍ക്ക് നിയമസഹായം ലഭിക്കുന്നതിനായി ‘നോര്‍ക’യുടെ കീഴില്‍ പ്രത്യേകകേന്ദ്രം സ്ഥാപിക്കുക. 
ബഹ്റൈനിലെ നിയമം അനുസരിച്ച് ജീവിക്കാന്‍ എല്ലാ പ്രവാസികളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിന്‍െറ സാംസ്കാരിക അംബാസഡര്‍മാരാണ് നിങ്ങള്‍. അത് ഓര്‍മ്മിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ളീഷിലായിരുന്നു പ്രസംഗം.  
നാളെ മലയാളത്തില്‍ സംസാരിക്കുന്നതിനാലാണ് ഇന്ന് ഇംഗ്ളീഷില്‍ പ്രസംഗിച്ചതെന്ന് അദ്ദേഹം സരസമായി പറഞ്ഞു. 
പിണറായിയുടെ നിര്‍ദേശങ്ങള്‍ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.