മനാമ: സമ്പൽ ഷാഹി മസ്ജിദിൽ സർവേക്ക് വന്നവർക്കെതിരെ പ്രതിഷേധിച്ച അഞ്ച് യുവാക്കളെ വെടിവെച്ചു കൊന്ന യു.പി ഭരണകൂടത്തിന്റെ നടപടി കിരാതവും അപലപനീയവുമാണെന്ന് കെ.എം.സി.സി ബഹ്റൈൻ കുറ്റപ്പെടുത്തി. സംഭൽ ശാഹി ജുമാമസ്ജിദ് വെടിവെപ്പ്, യു.പി സർക്കാരിന്റെ വംശീയ ഭീകരതയുടെ തെളിവാണെന്ന് സംഭവത്തിന്നെതിരെ യോഗം പാസ്സാക്കിയ അടിയന്തിര പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. ബാബരി മസ്ജിദിനു സമാനമായ വഴിയെ തന്നെ വീണ്ടും ആരാധാനാലയങ്ങൾക്ക് നേരെ സംഘ്പരിവാർ കൈയറ്റങ്ങൾ തുടരുമ്പോൾ നിസ്സംഗത വെടിഞ്ഞ് ഇരകളാക്കപ്പെടുന്ന ജനതക്കൊപ്പം നിൽക്കാൻ രാജ്യത്തെ മുഴുവൻ ജനതയും ബാധ്യസ്ഥരാണ്.
രാജ്യത്ത് നിലനിൽക്കുന്ന ആരാധനാലയ സംരക്ഷണ നിയമം ഉറപ്പ് വരുത്താനും ആരാധനാലയങ്ങൾക്ക് നേരെയുള്ള കയ്യേറ്റങ്ങൾ അവസാനിപ്പിക്കാനും പോലീസ് വെടിവെപ്പിൽ കൊല ചെയ്യപ്പെട്ട മുസ്ലിം യുവാക്കളുടെ കുടുംബങ്ങൾക്ക്നഷ്ടപരിഹാരം ഉറപ്പ് വരുത്താനും, സിവിലിയൻമാർക്ക് നേരെ വെടിയുതിർത്ത പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടപടി ഉറപ്പ് വരുത്താനും ഭരണകൂടം സന്നദ്ധമാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ കേസ്സിലൂടെ ഉന്മൂലനം ചെയ്തു കളയമെന്ന വ്യാമോഹത്തിന്നേറ്റ തിരിച്ചടിയാണ് സുപ്രിം കോടതിയിൽ നിന്ന് കേരള സർക്കാരിന്റെ അപ്പിലിനു ഉണ്ടായിട്ടുള്ളതെന്ന് യോഗം മറ്റൊരു പ്രമേയത്തിൽ ചൂണ്ടികാട്ടി.
കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു. സ്റ്റേറ്റ് ഭാരവാഹികളായ കെ. പി മുസ്തഫ, എ. പി. ഫൈസൽ, സലിം തളങ്കര, അഷ്റഫ് കക്കണ്ടി, ഷഹീർ കാട്ടാംബള്ളി, ഫൈസൽ കണ്ടീതാഴ, എൻ. കെ. അബ്ദുൾ അസീസ്, അഷ്റഫ് കാട്ടിൽ പീടിക, എസ്. കെ. നാസർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.